Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപകട സമയത്ത് വാഹനം ഓടിച്ചത് അര്‍ജുൻ തന്നെ; ലക്ഷ്മിയുടെ മൊഴി പുറത്ത്

Balabhaskar-Family

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെടുമ്പോൾ ഓടിച്ചിരുന്നത് ഡ്രൈവർ അര്‍ജുൻ തന്നെയായിരുന്നു എന്ന് ഭാര്യ ലക്ഷ്മി പൊലീസിനു മൊഴി നൽകി. ആറ്റിങ്ങൽ ഡിവൈഎസ്പിക്കാണ് ലക്ഷ്മി ഇന്ന് മൊഴി നൽകിയത്. അപകടം നടക്കുമ്പോൾ താനും മകളും വാഹനത്തിന്റെ മുൻസീറ്റിലായിരുന്നു ഉണ്ടായിരുന്നതെന്നും ലക്ഷ്മി പൊലീസിനു നല്‍കിയ മൊഴിയിൽ ഉണ്ട്. 

അപകടം നടക്കുമ്പോൾ ബാലഭാസ്കർ പിൻസീറ്റിലായിരുന്നു ഉണ്ടായിരുന്നത്. അതേസമയം അപകട സമയത്ത് ബാലഭാസ്കറായിരുന്നു വാഹനം ഓടിച്ചിരുന്നതെന്ന് ഡ്രൈവർ അർജുൻ നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നു. തൃശൂർ മുതൽ കൊല്ലം വരെ താനായിരുന്നു വാഹനം ഓടിച്ചിരുന്നത്. കൊല്ലത്ത് എത്തിയപ്പോൾ ബാലഭാസ്കർ വാഹനം ഓടിക്കാമെന്നു പറഞ്ഞ് ഓടിക്കുകയായിരുന്നു. അപകടം നടക്കുമ്പോൾ താൻ പിൻസീറ്റിൽ മയക്കത്തിലായിരുന്നു എന്നുമായിരുന്നു അർജുന്റെ മൊഴി.

അർജുന്റെ മൊഴിയെ പൂർണമായും തള്ളുന്ന വിധമാണ് ലക്ഷ്മി പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.  ഇരുവരുടെയും മൊഴിയിലെ വൈരുധ്യം പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം.

സെപ്റ്റംബർ അവസാന വാരത്തിലാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് അപകടത്തിൽപ്പെട്ടത്. ബാലഭാസ്കർ, ഭാര്യ ലക്ഷ്മി, മകൾ തേജസ്വിനി ബാല, ഡ്രൈവർ അർജുൻ എന്നിവരാണു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ മകൾ തേജസ്വിനി ബാല തൽക്ഷണം മരിച്ചു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബാസഭാസ്കർ ചികിൽസക്കിടെ ഒക്ടോബർ രണ്ടിനു മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഒരുമാസത്തോളം നീണ്ട ചികിൽസയ്ക്കൊടുവിൽ രണ്ടു ദിവസങ്ങൾക്കു മുൻപാണു ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയത്

related stories