കുതിരപ്പുറത്തു കയറിപോയി മീൻ വാങ്ങും; അക്കഥ പറഞ്ഞ് നാദിർഷായുടെ സഹോദരൻ സമദ്

മൃഗങ്ങളെന്നു പറഞ്ഞാൽ ഗായകൻ സമദിനു ജീവനാണ്. മൃഗങ്ങളെ വളർത്തുകയും അവയെ പരിപാലിക്കുകയും ചെയ്യും സമദ്. അക്കൂട്ടത്തിൽ ഒരു കുതിരയുമുണ്ട്. കുതിരപ്പുറത്തു കയറി ഒരിക്കൽ മത്സ്യം വാങ്ങാൻ പോയതിന്റെ രസകരമായ കഥപറയുകയാണു ഗായകൻ സമദ്. 

സമദിന്റെ വാക്കുകൾ ഇങ്ങനെ: 'ഒരുപ്രാവശ്യം കുതിരപ്പുറത്തു കയറി വീട്ടിൽ നിന്നും ഞാൻ മീൻ വാങ്ങാൻ പോയിട്ടുണ്ട്. അന്ന് ഹർത്താലായിരുന്നു. ഞാൻ കുതിരയും കൊണ്ടു പോകുമ്പോൾ വീട്ടിൽ നിന്നും വിളിച്ചു പറഞ്ഞു മീൻ വാങ്ങി വരാൻ. കുതിരയുടെ കാര്യം പറഞ്ഞപ്പോഴാണു ഓർത്തത്. ഒരിക്കൽ വൈറ്റ് ആന്റ് വൈറ്റ് ഡ്രസിട്ട് ഞാൻ കുതിരപ്പുറത്തു പോവുകയായിരുന്നു. അന്ന എനിക്ക് അൽപം മുടിയുണ്ട്. ഈസ്റ്ററിന്റെ സമയാണ്. ഞാൻ രാവിലെ തന്നെ കുതിരയുമായി ഇറങ്ങി. വീടിനവിടെ ഒരു ഇടവഴി ഉണ്ട് അവിടെ തിരിഞ്ഞതും എതിർ ഭാഗത്തു നിന്നും ഒരാൾ സൈക്കിളിൽ വരുന്നുണ്ടായിരുന്നു. പെട്ടന്ന് എന്നെ കണ്ടതും അയാൾ ഞെട്ടി ഈശോ... എന്നു വിളിച്ചു.അങ്ങനെ കുറെ സംഭവങ്ങളുണ്ടായിട്ടുണ്ട്.'

മഴവിൽ മനോരമയുടെ ഒന്നും ഒന്നും മൂന്നിന്റെ വേദിയിൽ എത്തിയപ്പോഴാണു സമദ് രസകരമായ അനുഭവം പങ്കുവച്ചത്. തുടർന്ന് തകർപ്പൻ പാട്ടുകളും പാടിയാണ് സമദ് വേദിവിട്ടത്.