Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ പാട്ടാണ് എനിക്കേറ്റവും ഇഷ്ടം: രജനീകാന്ത്

Rajinikanth

സ്റ്റൈൽ മന്നൻ രജനീകാന്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആരാധകർക്ക് കൗതുകമാണ്. ചെറിയ കാര്യങ്ങളിൽ വലിയ സന്തോഷം കണ്ടെത്തുന്ന താരത്തിന്റെ ലാളിത്യമാണ് ആരാധകർക്ക് ഏറെ പ്രിയം. അദ്ദേഹത്തിന്റെ ജീവിതം പോലെ തന്നെ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളും ആരാധകരെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിലൊരു അമ്പരപ്പിലാണ് രജനി ആരാധകർ. സൂപ്പർസ്റ്റാറിന് ഏറ്റവും ഇഷ്ടമുള്ള പാട്ട് അറിഞ്ഞപ്പോഴാണ് ആരാധകരുടെ അദ്ഭുതവും കയ്യടികളും. 

Ponal Pokattum

ഏറ്റവും ഇഷ്ടമുള്ള പാട്ട് ഏതാണെന്നായിരുന്നു ഒരു ടെലിവിഷൻ ചാനലിന്റെ അഭിമുഖത്തിൽ രജനീകാന്തിനോട് അവതാരക ചോദിച്ചത്. ഒട്ടും ആലോചിക്കാതെ സ്വതസിദ്ധമായ ശൈലിയിൽ രജനീകാന്തിന്റെ മറുപടി എത്തി. പോണാൽ പോകട്ടും പോടാ! ഉത്തരം പറഞ്ഞതും അദ്ദേഹം പൊട്ടിച്ചിരിച്ചു. 

"ചെറുപ്പം മുതൽ ഈ പ്രായം വരെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ടാണ് പോണാൽ പോകട്ടും പോടാ. ആ പാട്ടു കേട്ടാൽ ഞാൻ നിശ്ചലനായിപ്പോകും. ആ പാട്ടിന്റെ വരികളുടെ അർത്ഥം ഞാനൊരു സുഹൃത്തിനോട് ചോദിച്ചു മനസിലാക്കിയിരുന്നു. അർത്ഥം അറിഞ്ഞപ്പോൾ ഞാൻ കടുത്ത ആരാധകനായി മാറി. ജീവിതം എന്താണെന്ന് അതിൽ പറയുന്നു,"- രജനീകാന്ത് പറഞ്ഞു. 

സന്തോഷമായാലും സങ്കടമായാലും ഒറ്റയ്ക്കായാലും ഈ പാട്ടാണ് കേൾക്കാൻ ഇഷ്ടമുള്ളതെന്ന് രജനീകാന്ത് വ്യക്തമാക്കി. 

1961ൽ പുറത്തിറങ്ങിയ 'പാലും പഴമും' എന്ന ചിത്രത്തിലെ പാട്ടാണ് പോണാൽ പോകട്ടും പോടാ. നടികർ തിലകം ശിവാജി ഗണേശൻ അഭിനയിച്ച് അനശ്വരമാക്കിയ ഗാനമാണിത്. ടി.എം സൗന്ദർരാജിന്റെ ഘനഗംഭീരശബ്ദത്തിലാണ് ഗാനം പിറന്നത്. കണ്ണദാസന്റേതാണ് വരികൾ. ജീവിതത്തിന്റെ നൈമിഷികതയെക്കുറിച്ച് വിവരിക്കുന്ന ഈ പാട്ട് തമിഴ് ചലച്ചിത്രഗാനങ്ങളിലെ ക്ലാസിക്കുകളിലൊന്നാണ്.