ബാലഭാസ്കറിനു വജ്രമോതിരം; പിന്നാലെ സാമ്പത്തിക ഇടപാട്

ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതയ്ക്ക് ആക്കം കൂട്ടുന്നതാണ് പിതാവ് സി.കെ. ഉണ്ണി ഡിജിപിക്കു നൽകിയ പരാതി. നേരത്തെ തന്നെ അപകടത്തിൽ ചില സംശയങ്ങൾ കുടുംബം ഉന്നയിച്ചിരുന്നു. എന്നാൽ എന്താണ് ഇത്തരം സംശയങ്ങളിലേക്കു കുടുംബത്തെ നയിച്ചതെന്നു വ്യക്തമായിരുന്നില്ല. ബാലഭാസ്കറിനു ശത്രുക്കളൊന്നും ഉള്ളതായി കുടുംബത്തിന് വ്യക്തതയില്ല. എന്നാൽ പരാതിയിൽ ചൂണ്ടിക്കാണിക്കുന്ന സംശയങ്ങളിലൂടെ  ബാലഭാസ്കറിനോട് ആർക്കെങ്കിലും ശത്രുതയുണ്ടോ എന്നതു സംബന്ധിച്ച കാര്യങ്ങളിലും അന്വേഷണം നടക്കേണ്ടതുണ്ട്. 

പാലക്കാട്ടെ ഒരു ആയുർവേദ ആശുപത്രിയുമായുള്ള ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം എന്നാണു കുടുംബത്തിന്റെ പ്രധാന ആവശ്യം. എവിടെ നിന്നാണ് ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകൾ ആരംഭിക്കുന്നത്? എങ്ങനെയാണ് പാലക്കാടുള്ള ആയുർവേദ ആശുപത്രി ഉടമയുമായി ബാലഭാസ്കറിനു ബന്ധം തുടങ്ങിയ കാര്യങ്ങളും വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.

പത്തുവർഷമായി ബാലഭാസ്കറിനു പാലക്കാട്ടെ ആയുർവേദ ഡോക്ടറുമായി വ്യക്തിപരമായി അടുപ്പം ഉണ്ടായിരുന്നു എന്ന വിവരമാണു കുടുംബാംഗങ്ങൾ നല്‍കുന്നത്. ഒരു പ്രോഗ്രാമിനിടെയാണ് ബാലഭാസ്കറിനെ ഡോക്ടര്‍ പരിചയപ്പെടുന്നത്. അദ്ദേഹം അന്ന് ബാലഭാസ്കറിനു വജ്ര മോതിരം സമ്മാനമായി നൽകി എന്നാണു ലഭിക്കുന്ന വിവരം. പിന്നീട് പാലക്കാട്ടെ വീട്ടിൽ ബാലഭാസ്കറിനു വയലിൻ പരിശീലനത്തിനായി അദ്ദേഹം സൗകര്യവും ഒരുക്കി നൽകി.

അപകടവുമായി ബന്ധപ്പെട്ടാണു  സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചു സംശയം ഉയർന്നത്. ഈ കുടുംബവുമായി ബന്ധപ്പെട്ടു വലിയ സാമ്പത്തിക ഇടപാടുകൾ ബാലഭാസ്കർ നടത്തിയിരുന്നു. അപകടം ഉണ്ടായതിനു പിന്നാലെ ബാലഭാസ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായി ബന്ധപ്പെടാൻ ബാലഭാസ്കറിന്റെ അച്ഛനും അമ്മയും ശ്രമം നടത്തിയിരുന്നു. 

തൃശൂരിൽ നിന്നും തിടുക്കത്തിൽ തിരുവനന്തപുരത്തേക്ക് തിടുക്കത്തിൽ എത്തേണ്ട എന്ത് സാഹചര്യമാണ് ബാലഭാസ്കറിനുണ്ടായിരുന്നത്. ഇതു സംബന്ധിച്ച കാര്യങ്ങളും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ കൂടി അഭിപ്രായം കണക്കിലെടുത്താണു പിതാവ് പരാതി നൽകിയിരിക്കുന്നത്. 

സുഹൃത്തുക്കളുമായായിരുന്നു ബാലഭാസ്കറിനു കൂടുതൽ അടുപ്പം. അത്തരത്തിൽ ഒരു സുഹൃത്തായിരുന്നു ഡോക്ടർ. എന്നാൽ മരണശേഷമാണ് ഡോക്ടറുമായി കോടികളുടെ സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്ന ആരോപണം കുടുംബം ഉന്നയിക്കുന്നത്.

ഈ കുടുംബത്തിലെ അംഗമാണ് ബാലഭാസ്കറിനൊപ്പം അപകട സമയത്തു വാഹനത്തിൽ ഉണ്ടായിരുന്ന അർജുൻ. ബാലഭാസ്കറാണ് അപകടസമയത്ത് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു അർജുൻ ആദ്യം പൊലീസിനു നൽകിയ മൊഴി. എന്നാല്‍ ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ ശേഷം ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി പൊലീസിനു നൽകിയ മൊഴിയിൽ വാഹനം ഓടിച്ചിരുന്നത് അർജുൻ തന്നെയാണെന്നാണ്. ഇരുവരുടെയും മൊഴിയിലെ വൈരുധ്യം പൊലീസ് അന്വേഷിക്കുന്നതിനിടെയാണു ബാലഭാസ്കറിന്റെ പിതാവ് പരാതി നൽകി എന്നതു കേസിനെ കൂടുതൽ ഗൗരവമാക്കുന്നു.