പ്രിയപ്പെട്ട അംബീ...ഹൃദയ വേദനയോടെ ശ്രീകുമാരൻ തമ്പി

നികത്താനാകാത്ത ചില നഷ്ടങ്ങളുണ്ടാകും ജീവിതത്തിൽ. അതു ചിലപ്പോൾ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ആകാം. അങ്ങനെ അകാലത്തിൽ വിട്ടു പിരിഞ്ഞ സുഹൃത്തിനെ ഓർക്കുകയാണ് ശ്രീകുമാരൻ തമ്പി. ഇന്നലെ അന്തരിച്ച പ്രശസ്ത ചലച്ചിത്രതാരവും രാഷ്ട്രീയനേതാവുമായ അംബരീഷിനെ കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാണു ശ്രീകുമാരൻ തമ്പി. ഗാനം എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ  നിന്നുള്ള ചിത്രവും ശ്രീകുമാരൻ തമ്പി പങ്കുവച്ചു

ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് ഇങ്ങനെ: 'അംബരീഷ് വിട പറഞ്ഞു . എന്റെ ഏറ്റവും മികച്ച സിനിമ എന്ന് ഞാൻ വിശ്വസിക്കുന്ന ഗാനത്തിലെ നായകനായ അരവിന്ദാക്ഷൻ ഭാഗവതർ . ഞാൻ സംവിധാനം ചെയ്തു കന്നഡ ഭാഷയിൽ നിർമ്മിച്ച ' ഒന്തേ രക്ത ' (ഒരേ രക്തം ) എന്ന സിനിമയിലും അംബരീഷ് ആയിരുന്നു നായകൻ. എം. എച് അമർനാഥ് എന്നാണ് ശരിയായ പേര്. സുമലതയാണ് അംബരീഷിന്റെ ഭാര്യ സുമലതയും ഞാൻ സംവിധാനം ചെയ്ത ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട് . 1981 - ൽ മമ്മൂട്ടി നായകനായ മുന്നേറ്റം എന്ന സിനിമയിൽ .പ്രിയപ്പെട്ട അംബീ വൈകാതെ നമുക്ക് ആ മനോഹര തീരത്ത് കണ്ടുമുട്ടാം.'

തുടർന്ന് അംബരീഷ് നായകനായ ഗാനം എത്രവും ശ്രീകമാരൻ തമ്പി പങ്കുവച്ചു. എൺപതുകളിലെ ജനപ്രിയതാരമായിരുന്നു അംബരീഷ്. മലയാളത്തിന് അംബരീഷിനെ പരിചയപ്പെടുത്തുന്നതും ശ്രീകുമാരൻ തമ്പിയാണ്. ബെംഗലുരുവിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്നു ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അംബരീഷ് മരണത്തിനു കീഴടങ്ങിയത്. പ്രശസ്ത ചലച്ചിത്ര താരം സുമലതയാണ് അംബരീഷിന്റെ ഭാര്യ.