എസ്പിബിക്കൊപ്പം പാടി ശ്രേയക്കുട്ടി; മലയാളം പാട്ട് കന്നടയിൽ

ഓമനത്തമുള്ള ശബ്ദത്തിലൂടെ മലയാളിയുടെ മനം കവർന്നിരുന്നു കുട്ടി ശ്രേയ. അമർ അക്ബർ അന്തോണിയിലെ എന്നോ ഞാനെന്റെ മുറ്റത്തെ, ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനവും എത്തിയത് ആസ്വാദക ഹൃദയത്തിലേക്കാണ്. ഇപ്പോൾ ഒപ്പത്തിലെ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കന്നടയിൽ പാടി ആസ്വാദക ഹൃദയം വീണ്ടു കവരുകയാണ് ശ്രേയ ജയദീപ്.

ചിത്രത്തിന്റെ റിമെയ്ക്കായ കവചയിലാണ് ശ്രേയ ഗാനം ആലപിച്ചിരിക്കുന്നത്. എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പമാണ് ശ്രേയയുടെ ആലാപനം. മലയാളത്തിൽ എം.ജി. ശ്രീകുമാറിനൊപ്പമായിരുന്നു ശ്രേയ മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം ആലപിച്ചത്. 

മലയാളത്തിൽ ബി.കെ. ഹരിനാരായണനാണു വരികൾ എഴുതിയത്. ജിം, ബിബി, എൽദോസ്, ജസ്റ്റിൻ എന്നിവർ ചേർന്നാണു സംഗീതം നൽകിയത്. ഇരുപത്തിയേഴ് വർഷത്തിനു ശേഷം ശിവരാജ് കുമാർ ഒരു റീമേക്ക് ചിത്രത്തിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഒപ്പത്തിന്റെ റീമെയ്ക്കായ കവചയ്ക്കുണ്ട്.