നിക്കിന്റെ പാട്ട്, പ്രിയങ്കയുടെ നൃത്തം; രാജകീയ വിവാഹത്തിനു മണിക്കൂറുകൾ

പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസ് ഇന്ത്യയുടെ പ്രിയപുത്രി പ്രിയങ്ക ചോപ്രയ്ക്ക് മിന്നു ചാർത്താൻ ഇനി മണിക്കുറുകൾ മാത്രം. ലോകമാകെ ജോധ്പൂർ കൊട്ടാരത്തിലേക്ക് ഉറ്റുനോക്കുകയാണ്. നിക്കിനോടു ചേർന്ന് പ്രിയങ്ക രാജസ്ഥാനിലെത്തിയപ്പോൾ ആരാധകരുടെ ആഹ്ലാദ പ്രകടനം. 'നിക്..നിക്...' അങ്ങേക്കു സ്വാഗതം എന്ന് ഉറക്കെ പറഞ്ഞു കൊണ്ടാണ് ഇന്ത്യയുടെ മരുമകനാകാൻ എത്തിയ നിക്കിനെ ജോധ്പൂർ നഗരം സ്വീകരിച്ചത്. 

തുടർന്ന് ആരാധർക്കു നേരെ നിക് ജോനാസും പ്രിയങ്ക ചോപ്രയും കൈവീശി കാണിച്ചു. വിവാഹത്തിനു മുന്നോടിയായുള്ള മെഹന്തി ചടങ്ങുകൾ ഇന്നു നടക്കും. വമ്പന്‍ താരനിരയെയാണു വിവാഹത്തിനായി പ്രതീക്ഷിക്കുന്നത്. ജോധ്പൂരിലെ ഉമൈബാൻ പാലസിൽ മൂന്ന് ദിവസമാണു ചടങ്ങുകൾ. ഹിന്ദു ക്രിസ്ത്യൻ ആചാര പ്രകാരമുള്ള ചടങ്ങുകൾ നടക്കും. പ്രിയങ്കയുടെ അമ്മ മധു ചോപ്ര, സഹോദരി പരിണീതി ചോപ്ര, നിക് ജോനാസിന്റെ സഹോദരൻ ജോജോനാസും സുഹൃത്ത് സോഫി ടർണറും നിക്കിനും പ്രിയങ്കയ്ക്കും ഒപ്പം ഉണ്ടായിരുന്നു. 

ഇന്നലെ ഇന്ത്യൻ ആചാരപ്രകാരമുള്ള ചടങ്ങുകൾ നടന്നിരുന്നു. മെഹന്തി സംഗീതിന്റെ സമയത്തു നിക് ജോനാസ് തന്റെ പ്രശസ്തമായ ഏതാനും പാട്ടുകൾ പാടുമെന്നും നിക്കിന്റെ പാട്ടിനൊത്ത് പ്രിയങ്ക പ്രിയപ്പെട്ട നൃത്തച്ചുവടുകൾ വെക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ദീപിക പതുക്കോണിന്റെയും രൺവീർ സിങ്ങിന്റെയും വിവാഹത്തിനു ശേഷം ആരാധകർ കാത്തിരിക്കുന്ന വിവാഹമാണു നിക് ജോനാസിന്റെയും പ്രിയങ്ക ചോപ്രയുടെയും. 

പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങൾ ധരിച്ചായിരിക്കും ഹിന്ദു ആചാര പ്രകാരമുള്ള വിവാഹ ചടങ്ങുകൾക്കു നിക് ജോനാസും പ്രിയങ്ക ചോപ്രയും എത്തുക. ഡിസംബർ രണ്ടിനു ക്രിസ്ത്യൻ ആചാര പ്രകാരമുള്ള ചടങ്ങുകൾ നടക്കും. ഡിസംബർ മൂന്നാം തീയതി ഇരുവരും ഡൽഹിയിലേക്കു പോകും. ഡൽഹിയിലെ താജ്പാലസ് ഹോട്ടലിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും വിരുന്നു സൽക്കാരവും ഒരുക്കിയിട്ടുണ്ട്. ഡിസംബർ രണ്ടാമത്തെ ആഴ്ച മുംബൈയിൽ പ്രമുഖർക്കായി വിരുന്ന് ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം മെറ്റ് ഗാലേ വേദിയില്‍ നിന്നായിരുന്നു പ്രിയങ്കും നിക്കും ഒരുമിച്ചെത്തിയത്. പിന്നീട് നിക് ജോനാസ് ഇന്ത്യയില്‍ വരികയും പ്രിയങ്കയുടെ കുടുംബത്തോടൊപ്പം അവധിക്കാലം ചിലവഴിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും ഒരുമിച്ച് നിരവധി പരിപാടികളിൽ പങ്കെടുക്കുകയും ആരാധകർ ഇരുവരും തമ്മിലുള്ള പ്രണയം ഉറപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് അവസാന വാരത്തോടെ മുംബൈയിലെ പ്രിയങ്കയുടെ വസതിയിൽ വച്ച് ഇന്ത്യൻ ആചാര പ്രകാരമം വിവാഹ നിശ്ചയവും നടന്നിരുന്നു.