നിക്ക് പാടിയ മനോഹര പ്രണയഗാനം; ഹോട്ട് ലുക്കിൽ പ്രിയങ്ക

ബോളിവുഡ് സുന്ദരി പ്രിയങ്കാ ചോപ്രയ്ക്കു മിന്നുകെട്ടിയതിലൂടെ ഇന്ത്യയുടെ മരുമകനായിരിക്കുകയാണ് പ്രശസ്ത അമേരിക്കൻ ഗായകൻ നിക് ജോനാസ്. നിക് പാടിയ പ്രണയഗാനമാണു പ്രിയങ്ക എന്നാണ് ആരാധകർ പറയുന്നത്. ഇരുവരുടെയും വിവാഹ ചിത്രങ്ങൾ എത്തിയതിനു തൊട്ടു പിന്നാലെ തരംഗമാകുകയാണ് ഇരുവരുടെയും പ്രീവെഡ്ഡിങ് പ്രണയ ചിത്രങ്ങൾ. വോഗ് മാഗസിനു വേണ്ടി എടുത്ത ചിത്രങ്ങളാണ് ഇപ്പോൾ തരംഗമാകുന്നത്. 

ലോകമാകെ ആരാധകരുള്ളവരാണ് ഇരുവരും. വിദേശ മാധ്യമങ്ങളും ആരാധകരും ആഘോഷിക്കുകയാണു നിക് ജോനാസിന്റെയും പ്രിയങ്കാ ചോപ്രയുടെയും വിവാഹം. ഏതാനും മണിക്കൂറുകൾക്കു  മുൻപ് മെഹന്തി ചടങ്ങിന്റെ ചിത്രങ്ങളും മറ്റും നിക് ജോനാസും പ്രിയങ്കാ ചോപ്രയും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. രണ്ടു സംസ്കാരങ്ങളിലെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നു. ഇരു കുടുംബങ്ങളുടെ കൂടിച്ചേരലുകൾ കൂടിയാണ് ഇത് എന്നാണു മെഹന്തി ചിത്രങ്ങൾ പങ്കുവച്ച് പ്രിയങ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. 

രാജസ്ഥാനിലെ  ഉമൈദ് ഭവൻ കൊട്ടാരത്തിൽ ക്രിസ്തീയ ആചാര പ്രകാരമായിരുന്നു വിവാഹം. നിക് ജോനാസിന്റെ പിതാവ് കെവിൻ ജോനാസ് ആണ് വിവാഹത്തിനു കാർമികത്വം വഹിച്ചത്. മൂന്നുമാസങ്ങൾക്കു മുൻപായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇന്ത്യൻ ആചാരപ്രകാരം പ്രിയങ്കയുടെ വീട്ടിൽ വച്ചായിരുന്നു ചടങ്ങ്. 

കഴിഞ്ഞ വർഷം മെറ്റ്ഗാലെ പുരസ്കാര വേദിയിലാണ് നിക്കും പ്രിയങ്കയും പരിചയപ്പെടുന്നത്. പിന്നീട് നിരവധി ചടങ്ങുകളിൽ ഒരുമിച്ചു പങ്കെടുക്കുകയും ചെയ്തു. ഇരുവരും പ്രണയത്തിലാണെന്നു അക്കാലത്തു തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ വിവാഹ നിശ്ചയം വരെ ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നില്ല.