ഗാനരചയിതാവ് ഫാ. ജി.ടി. ഊന്നുകല്ലിൽ അന്തരിച്ചു

സിറോ മലബാർ സഭയുടെ ആരാധനാക്രമ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ നിർണായക പങ്കു വഹിച്ച ഫാ.ജോർജ് ഊന്നുകല്ലിൽ (ഫാ.ജി.ടി. ഊന്നുകല്ലിൽ–81)  അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ തിങ്കളാഴ്‌ച  8.30ന് പത്തനംതിട്ട ജില്ലയിലെ തടിയൂരുള്ള വസതിയിൽ ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ ആരംഭിക്കും. 9.30ന് തടിയൂർ സെന്റ് ആന്റണീസ് പള്ളിയിൽ ആർച്ച്‌ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ  സംസ്‌കാരം. 

സിറോ മലബാർ സഭയുടെ കുർബാനയുടെ ആരംഭത്തിലുള്ള ‘അന്നാ പെസഹാ തിരുനാളിൽ..’ എന്നു തുടങ്ങുന്ന ഗാനം ഉൾപ്പെടെ 3000ൽ അധികം ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. 1986 ൽ  കോട്ടയത്തെത്തിയ ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുനരുദ്ധരിച്ച റാസക്രമം അനുസരിച്ചു കുർബാന അർപ്പിച്ചു തുടങ്ങിയത്  അന്നാ പെസഹാ തിരുനാളിൽ  എന്ന ഗാനം ആലപിച്ചാണ്. ‍ കുർബാനയിൽ ആലപിക്കുന്ന  ‘മിശിഹാ കർത്താവിൻ തിരുമെയ് നിണവുമിതാ...’  എന്നാ ഗാനവും രചിച്ചത് ഇദ്ദേഹമാണ്. 

പൗരസ്ത്യ സഭകളുടെ ആരാധനാക്രമ പാരമ്പര്യം വീണ്ടെടുക്കുന്നതിൽ ശക്തമായ ഇടപെടൽ നടത്തിയ ഇദ്ദേഹം  ഗ്രീക്ക് ഭാഷയിലുള്ള അഗസ്തിത്തോസ് ഗീതങ്ങൾ പരിഭാഷപ്പെടുത്തി. ആകാശവാണിയിൽ 25 വർഷത്തോളം സംഗീത പരിപാടി അവതരിപ്പിച്ചു. ജീവന്റെ നാഥനെ കാൽവരിക്കുന്നിൽ കുരിശിൽ തറച്ചതാരോ, പാരിജാത മലരേ തുടങ്ങിയവയാണ് പ്രധാന ഗാനങ്ങൾ.  ചങ്ങനാശേരി അതിരൂപതാ മതബോധന കേന്ദ്രമായ സന്ദേശനിലയത്തിന്റെ ആദ്യകാല പ്രബോധന സമിതി അംഗമായിരുന്നു. അതിരൂപത മാർത്തോമ്മാ പുരസ്കാരം നൽകി ആദരിച്ചു. 6 വർഷമായി ഇത്തിത്താനത്തെ പ്രീസ്റ്റ് ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.  ഊന്നുകല്ലിൽ ഒ.കെ.തോമസ്–മറിയാമ്മ ദമ്പതികളുടെ മകനായി 1937ലാണ് ജനനം.