Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടിയൻ തരംഗത്തിൽ കേരളം; ആനന്ദനൃത്തം ചവിട്ടി ആരാധകർ

നിലാവു പെയ്തിറങ്ങുന്ന രാവിന്റെ ചാരുതയിലേക്കു കൂട്ടിക്കൊണ്ടു പോകുകയാണ് ഒടിയനിലെ ഗാനങ്ങളൊക്കെയും. ഏതോ സ്വാപ്നാടനത്തിലെന്ന പോലെ മനസ് തേങ്കുറിശി രാത്രികളിലേക്കെത്തുകയാണ്. പാടി പതിഞ്ഞ വായ്ത്താരികളുടെ താളത്തിൽ. പ്രണയവും ഉന്മാദവും ദുഃഖങ്ങളും ആ ഈരടികളിൽ നിറയുന്നു. ഓരോ പാട്ടും ഓരോ അനുഭവം. ചിത്രം തീയറ്ററുകളിലെത്തുന്നതിനു മുൻപു തന്നെ ഗാനങ്ങൾ ശ്രദ്ധ നേടിയിരുന്നു. അഞ്ചു ഗാനങ്ങളാണു ചിത്രത്തിലുള്ളത്. അവതരണത്തിൽ തികച്ചും വ്യത്യസ്തത പുലർത്തുന്നതാണ് ഓരോ ഗാനവും . ഒടിയന്റെ സാന്നിധ്യം അറിഞ്ഞ ഗാനങ്ങളാണ് ഇവയെന്നായിരുന്നു ചിത്രത്തിന്റെ സംഗീത സംവിധായകൻ എം. ജയചന്ദ്രൻ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ ഹിറ്റായതു പോലെ തന്നെ ഇപ്പോൾ തീയറ്ററിലും തരംഗം തീർക്കുകയാണ് ഗാനങ്ങൾ.

കൊണ്ടോരാം കൊണ്ടോരാം...

അമ്പ്രാട്ടിയായ തന്റെ പ്രണയിനിയെ പറ്റിയുള്ള ഒടിയൻ മാണിക്യന്റെ സ്വപ്നങ്ങളാണു 'കൊണ്ടോരാം കൊണ്ടോരാം' എന്ന ഗാനം. ചിത്രത്തിലേതായി ആദ്യം പുറത്തു വന്ന ഗാനവും ഇതായിരുന്നു. യുട്യൂബിൽ റെക്കോർഡിട്ടു മുന്നേറുകയായിരുന്നു ഗാനം. കാൽപനീകതയുടെ അഭൗമ സൗന്ദര്യം തുളുമ്പുന്നതാണ് റഫീഖ് അഹമ്മദിന്റെ വരികൾ. ശ്രേയാ ഘോഷാലും സുദീപ് കുമാറും ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 'പ്രഭ പക്ഷേ, ആ പേരു ചൊല്ലി വിളച്ചിട്ടില്ല ഇതുവരെ, അമ്പ്രാട്ടി അങ്ങനെയേ നാവിൽ വരൂ, എത്ര അടുത്താണെങ്കിലും എത്ര ദൂരെ പോയാലും. ഒരു ദിവസം അമ്പ്രാട്ടി ഈ ഒടിയനോട് ഒരു മോഹം പറഞ്ഞപ്പോൾ അതുകൊണ്ടാണു മറുത്തു പറയാൻ കഴിയാതിരുന്നത്. കാരണം ചോദിക്കുന്നത് എന്റെ അമ്പ്രാട്ടിയാണ്. എന്താ ചെയ്യാ. ഒടിമറയണ ഈ രാക്കാറ്റാണേ സത്യം ഞാനതു സാധിച്ചുകൊടുക്കും.' മോഹൻലാലിന്റെ ഈ ഡയലോഗോടെയാണ് ഗാനം ആരംഭിക്കുന്നത്. തുടർന്ന് പ്രണയം തുളുമ്പുന്ന രാവിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു സുന്ദര വരികൾ. ചിത്രത്തിലെ ഈ ഗാനം രൂപപ്പെടുന്നത് ഒരു കൂട്ടായ്മയിൽ നിന്നാണെന്നായിരുന്നു റഫീഖ് അഹമ്മദിന്റെ പ്രതികരണം. ഏറെ കാത്തിരിപ്പിനു ശേഷമായിരുന്നു ഈ ഗാനം സ്വന്തം ശബ്ദത്തിൽ കേട്ടതെന്നു സുദീപ് കുമാർ പറഞ്ഞു. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തിയിരുന്നു ഗാനം

ഏനൊരുവൻ മുടിയഴിച്ചിങ്ങാടണ്

ഉന്മാദവും പ്രണയവും നിറയുന്ന തേങ്കുറിശി രാത്രികളിലേക്കു കൂട്ടി കൊണ്ടു പോകുകയായിരുന്നു ചിത്രത്തിലെ രണ്ടാമത്തെ ഗാനം. കാലങ്ങൾക്കപ്പുറത്ത് കേട്ടു മറന്ന നാടൻ പാട്ടിന്റെ താളം. മോഹൻലാൽ തന്നെയാണു ഗാനം ആലപിച്ചിരിക്കുന്നത്. ഒരു പക്ഷേ, ഇത്രയും ആസ്വദിച്ച് മോഹൻലാൽ ഒരു പാട്ടു പാടിയിട്ടുണ്ടോ എന്നുതന്നെ സംശയം. അത്രയും മനോഹരമാണ് ആലാപനം. ചിത്രത്തിൽ ഒടിയൻ മാണിക്യന്റെ വരവ് ഈ ഗാനത്തിലൂടെയാണ്. ' 'എല്ലാവർക്കുമുണ്ടാകും സന്തോഷം മുടിയഴിച്ചാടുന്ന ചിലരാത്രികള്‍. അന്നേരം അവര്‍ പാടുന്ന എല്ലാ പാട്ടിനും ഉന്മാദത്തിന്റെ ചിറകുകൾ കൈവരും. അങ്ങനെയുള്ള തേങ്കുറിശി രാത്രികളില്‍ ഒടിയൻ മാണിക്യൻ തുറന്നുപാടാറുണ്ട്. ആനന്ദവും അനുരാഗവും എന്റെ കൈ ചേർത്തുപിടിച്ച് ആ പാട്ട് ഒപ്പം പാടാറുമുണ്ട്.' മോഹൻലാലിന്റെ ഡയലോഗോടെയാണു ഗാനം തുടങ്ങുന്നത്. പാലക്കാടൻ  ഗ്രാമലഹരിയിലേക്കു കൂട്ടിക്കൊണ്ടു പോകുന്നു പ്രഭാവർമയുടെ വരികൾ. സിനിമ ഹിറ്റാകുന്നതിനൊപ്പം തീയറ്ററിൽ തരംഗം തീർക്കുകയാണു മോഹൻലാലിന്റെ പാട്ടും. 

മാനം തുടുക്കണ്

'താക്കണ് കണ്ണു തണുക്കണ് കണ്ണും താനിനന്നാനേ...' നാടൻ പാട്ടിന്റെ വായ്ത്താരിയിൽ തുടങ്ങുന്ന ഗാനമാണ് മാനം തുടുക്കണ്. നനുത്ത പ്രണയവും സാഹോദര്യവും നിറയുന്നതാണു ഗാനരംഗങ്ങൾ. ശ്രേയ ഘോഷാലിന്റെ മനോഹരമായ ആലാപനം. സ്വപ്നവും പ്രതീക്ഷയും നിറയ്ക്കുന്നതാണ് റഫീഖ് അഹമ്മദിന്റെ വരികൾ. മനോഹരമായ ദൃശ്യാവിഷ്കാരമാണു ഗാനത്തിന്റെ പ്രത്യേകത. ഒരു കാലഘട്ടം പിന്നിലേക്കു കൊണ്ടുപോകുന്നവയാണു ഗാനരംഗങ്ങൾ. റിലീസ് ചെയ്തു മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് ട്രന്റിങ്ങിൽ ഒന്നാമതെത്തി ഗാനം. ഇരുപത്തിയേഴു ലക്ഷം പേരാണു ഗാനം ഇതിനോടകം കണ്ടത്. 

നെഞ്ചിലെ കാളക്കൊളമ്പ്

പാട്ടുകൾ എത്തുന്നതിനു മുന്‍പുതന്നെ ശങ്കർ മഹാദേവന്റെ ഒടിയൻ പാട്ടിനെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരുന്നു. നെഞ്ചിലെ കാളക്കുളമ്പ്,കണ്ണിലെ കാരിരുൾ മുള്ള്... എന്നു തുടങ്ങുന്ന ഗാനം ഒടിയന്റെ മാനസികസംഘർഷങ്ങളെ കുറിച്ചാണു വിവരിക്കുന്നത്. ലക്ഷ്മി ശ്രീകുമാർ ആണു ഗാനത്തിനായി വരികൾ എഴുതിയത്. ഒരിടവേളയ്ക്കു ശേഷം ശങ്കർ മഹാദേവൻ മലയാളത്തിൽ പാടുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ഒടിയന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലൂടെ ഗാനം ആസ്വാദക ഹൃദയത്തിലേക്ക് എത്തുന്നു. 

Odiyan-img-1

മുത്തപ്പന്റെ ഉണ്ണി ഉണര്

ഒടിയന്റെ ബാല്യകാലത്തിലൂടെയാണു ഗാനം പോകുന്നത്. അവന്റെ വളർച്ചയെ പറ്റിയുള്ള പ്രതീക്ഷകളാണു ഗാനം. അല്ലിമലർകാവിൽ പൂരം കാണാൻ എന്ന ഗാനത്തിനു ശേഷം ഓർമകളിലേക്കു കൂട്ടികൊണ്ടു പോകുന്ന മനോഹരമായ ഗാനം പാടുന്നതു ഇപ്പോഴാണെന്നായിരുന്നു എം.ജി. ശ്രീകുമാർ ഗാനത്തെ കുറിച്ചു പറഞ്ഞത്. ലക്ഷ്മി ശ്രീകുമാറിന്റെ തന്നെയാണു വരികൾ. തലപോയാലും സത്യം കൈവിടരുതെന്ന് ഓർമിപ്പിക്കുന്നതാണു ഗാനം.