Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാട്ടിന്റെ ചക്രവാളം തേടിയ കോട്ടയത്തെ ദേവഗായകർ

മുപ്പത്തിമൂന്നു വർഷങ്ങൾക്കു മുൻപ് സംഗീതത്തെ ജീവനു തുല്യം സ്നേഹിച്ചിരുന്ന കുറച്ചുപേർ കോട്ടയത്ത് ഒത്തു ചേർന്നു. ഒരു ഗായകസംഘം (ക്വയർ)രൂപീകരിക്കലായിരുന്നു അവരുടെ ലക്ഷ്യം. പന്ത്രണ്ടു പേർ ചേർന്നൊരു ചെറിയ സംഘം, കോട്ടയം മെൻസ് വോയ്സസ്! പേരു സൂചിപ്പിക്കുന്നതു പോലെ പുരുഷന്മാർ മാത്രമായിരുന്നു അക്കൂട്ടത്തിൽ ഉണ്ടായിരുന്നത്. വർഷങ്ങൾ കഴിഞ്ഞപ്പോൾ ആ സംഘം വളർന്നു. കൂട്ടത്തിൽ സ്ത്രീകളെയും ഉൾപ്പെടുത്തി ഗായകസംഘം പാട്ടിന്റെ പുതിയ ചക്രവാളങ്ങൾ തേടി. അങ്ങനെ അവർ കോട്ടയം മിക്സ്ഡ് വോയ്സസ് ആയി. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ഗായകസംഘമാണ് കോട്ടയം മിക്സ്ഡ് വോയ്സസ്! 

ഞായറാഴ്ച ദിവസങ്ങളിൽ വൈകിട്ട് രണ്ടുമണിക്കൂർ ക്രിസ്തീയ പാട്ടുകൾ പാടുന്നതിനും സന്തോഷിക്കുന്നതിനുമുള്ള വേദിയൊരുക്കിയ ഈ ആശയം റോഷൻ പി ജോണിന്റെ മനസിലാണ് ഉടലെടുത്തത്. "ആദ്യ കാലങ്ങളിൽ കോട്ടയം സിഎംഎസ് കോളജിലെ നാല് അധ്യാപകർ കോട്ടയം മെൻസ് വോയ്സസിന്റെ ഭാഗമായിരുന്നു അതിൽ ഒരു വ്യക്തിയായിരുന്നു ഞാൻ," ഗായകസംഘത്തിന്റെ നാൾവഴികൾ ഓർത്തെടുക്കുകയാണ് സിഎംസ് കോളേജിലെ മുൻ പ്രിൻസിപ്പാൾ സി.എ അബ്രഹാം. കോട്ടയം മിക്സ്ഡ് വോയ്സസിന്റെ ഇപ്പോഴത്തെ ഡയറക്ടറായ അബ്രഹാം മാത്യുവാണ് ഗായകസംഘത്തിന്റെ വളർച്ചയ്ക്കു പിന്നിലെന്ന് അദ്ദേഹം പറയുന്നു. "ഞങ്ങളെല്ലാവരും എബി സർ എന്ന് സ്നേഹത്തോടെ വിളിയ്ക്കുന്ന അബ്രഹാം മാത്യു സാറിന്റെ കഠിന പ്രയത്നമാണ് ഗായകസംഘത്തെ ഇത്രയും വളർത്തിയത്" സി.എ അബ്രഹാം ഓർത്തെടുത്തു. 

ആദ്യ വർഷങ്ങളിൽ ക്രിസ്മസിനും ഈസ്റ്ററിനും ചില പരിപാടികൾ മാത്രമായിരുന്നു ഈ ഗായകസംഘം നടത്തിയിരുന്നത്. പിന്നീട്, പുരുഷന്മാരുടെ മാത്രം ഗായകസംഘം എന്നതിൽ നിന്നും മാറി സ്ത്രീകളേയും ഗായകസംഘത്തിൽ ഉൾപ്പെടുത്തി. അങ്ങനെ കോട്ടയം മിക്സ്ഡ് വോയ്സസ് ആയി. ഇന്ന് അറുപതോളം പേർ ഈ ഗായകസംഘത്തിലുണ്ട്. 

കേരളത്തിനു പുറത്തും നിരവധി വേദികളിൽ കോട്ടയം മിക്സ്ഡ് വോയ്സസ് തങ്ങളുടെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. "കേരളത്തിലും, ഇന്ത്യയിലെ പുറത്തുള്ള പല ഭാഗങ്ങളിലും വളരെ സ്നേഹത്തോടുകൂടി ഈ ഗായകസംഘത്തെ പിന്തുണയ്ക്കുന്ന ആരാധകരും കേൾവിക്കാരും ഇപ്പോഴും ഉണ്ട്. അത് വലിയ പ്രചോദനമാണ്," സി.എ അബ്രഹാം പറയുന്നു. 

ഞങ്ങളൊരു കുടുംബമാണ്, ഗായകസംഘത്തെ കുറിച്ച് എല്ലാവരുടെയും പ്രിയപ്പെട്ട എബി സർ എന്ന അബ്രഹാം മാത്യുവിന് പറയാനുള്ളത് ഇതാണ്. "കുടുംബമായിട്ട് എല്ലാവർക്കും അറിയാം. ഈ 60 പേരും എല്ലാ ഞായറാഴ്ചയും സിഎംഎസ് കോളജ് ചാപ്പലിൽ ഒത്തുചേരും. പാട്ടു പാടും. വിശേഷങ്ങൾ പറയും," എബി സർ പുഞ്ചിരിയോടെ പങ്കു വച്ചു. 

പരിപാടികളിൽ പാടുക മാത്രമല്ല ഇവർ ചെയ്യുന്നത് ക്രിസ്മസ് കാലത്തു പ്രായമായ ആളുകളുടെ വീടുകളിൽ പോയി പാടുകയും അവരുമായി സമയം ചെലവഴിക്കുകയും ചെയ്യാറുണ്ട്. പാട്ടിലൂടെ ഇഴചേർക്കപ്പെട്ട ഒരു ബന്ധമാണ് ഈ ഗായകരുടേത്. ജീവിതത്തിലെ തിരക്കുകൾക്കൊപ്പം ഓടുന്നതിനിടയിൽ ഓരോ ഞായറാഴ്ചയും ഒത്തുചേരാൻ ഈ ഗായകർ സമയം കണ്ടെത്തുന്നു. ജീവിതത്തിലെ സമ്മർദ്ദങ്ങളെ ഇല്ലാതാക്കാനുള്ള മാന്ത്രികമരുന്നാണ് അവർക്ക് ഈ ഒത്തുചേരൽ. പാട്ടിനൊപ്പം ഇവർ പങ്കുവയ്ക്കുന്ന പുഞ്ചിരിയിലുണ്ട് ആ കൂട്ടായ്മ പരത്തുന്ന സമാധാനത്തിന്റെ തിളക്കം.