തിരുവാതിരയും തുടിച്ചുകുളിയും; മലയാളിത്തം വിടാതെ 'നായികാ നായകൻ' മാളവിക

മഴവിൽ മനോരമയുടെ നായികാ നായകനിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു മാളവിക. മികച്ച നർത്തകി, അഭിനേത്രി എന്നിങ്ങനെ ഷോയുടെ വേദിയിൽ പലപ്പോഴും തിളങ്ങി. ഇപ്പോൾ ലാ‍ൽ ജോസിന്റെ തട്ടുംപുറത്ത് അച്യുതനിലൂടെ വെള്ളിത്തിരയുടെ വിശാല ലോകത്തേക്കു ചുവടുവെക്കുകയാണു മാളവിക. 

ആതിരരാവും തുടിച്ചുകുളിയും നൃത്തവും എല്ലാമായി എത്തുകയാണ് തട്ടുംപുറത്ത് അച്യുതനിലെ പുതിയ ഗാനത്തിലൂടെ മാളവിക. ചിത്രത്തിലെ തിരുവാതിര ഗാനത്തിലാണ് അതിസുന്ദരിയായി മാളവിക എത്തുന്നത്. ബീയാർ പ്രസാദിന്റെ വരികൾക്കു ദീപാങ്കുരനാണു സംഗീതം പകർന്നിരിക്കുന്നത്. മഞ്ജരി, സുദീപ് കുമാർ, ആവണി എന്നിവർ ചേർന്നാണു ഗാനം ആലപിച്ചിരിക്കുന്നത്. 

തിരുവാതിരരാവിന്റെ മനോഹാരിത നിറയുന്ന ദൃശ്യങ്ങൾ ഗാനത്തിനു മിഴിവേകുന്നുണ്ട്. കുഞ്ചാക്കോ ബോബൻ, നെടുമുടി വേണു, ശ്രാവണ, ഹരീഷ് കണാരൻ, ബിജു സോപാനം, എന്നിവരാണു ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നായികാ നയാകനിലെ വിശ്വ, തേജസ്, വെങ്കിടേഷ്, ആൻസലീം, റോഷൻ ഉല്ലാസ്, മീനാക്ഷി, ആമിന, സിദ്ധി, നിവിന്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 

മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. ദീപാങ്കുരന്റെ സംഗീതത്തെയും മാളവികയുടെ സൗന്ദര്യത്തെയും വർണിക്കുന്നവരാണ് ഏറെയും. ഗാനം ഇതിനോടകം രണ്ടേകാൽ ലക്ഷത്തോളം പേർ കണ്ടുകഴിഞ്ഞു.