ദുൽഖറിന് വിനായകൻ നൽകിയ പാട്ട്

ഇതുവരെ കണ്ട ദുൽഖറൊന്നുമല്ലിത്. വേഷത്തിലും ഭാവത്തിലും നോട്ടത്തിലും അടിമുടി മാറിയ ദുല്‍ഖറിനെ, കമ്മട്ടിപ്പാടത്തിലെ കൃഷ്ണനെ കാണുവാൻ നമുക്ക് ആകാംഷയേറെയാണ്. രാജീവ് രവി ചിത്രത്തിലെ ടീസറിനെ തന്നെ വലിയ ആവേശത്തോടെയാണ് നമ്മൾ ഏറ്റെടുത്തത്. ഇനി കമ്മട്ടിപ്പാടത്തെ പാട്ടുകളെ കൂടി പരിചയപ്പെടാം. ചിത്രത്തിന്റെ പാട്ടുകളെല്ലാമെത്തിക്കഴിഞ്ഞു. മൂന്ന് സംഗീത സംവിധായകർ ചേർന്ന് ചിട്ടപ്പെടുത്തിയ അ‍ഞ്ച് ഗാനങ്ങളാണ് സിനിമയിലുള്ളത്. ഇതിലൊരു ഗാനം സംവിധാനം ചെയ്തത് നടൻ വിനായകൻ തന്നെ. ചിത്രത്തിലെ ദുൽഖറിനെ കൂടാതെ വിനായകനാണ് ഏവരുടെയും ശ്രദ്ധയാകർഷിച്ച മറ്റൊരു താരമാണ് വിനായകൻ. കെ, ജോൺ പി വർക്കി എന്നിവരാണ് ചിത്രത്തിനായി മറ്റു പാട്ടുകളൊരുക്കിയത്. ഈണങ്ങൾ തീർത്തും വ്യത്യസ്തവും സുന്ദരവും. 

മൗനത്തിൽ നിന്ന് ഈണങ്ങളിലേക്കൊരു തിരയിളക്കം. ചടുലമായൊരു കടന്നുകയറ്റം. കരിമ്പന നിറഞ്ഞു നിൽക്കുന്നൊരു നാട്ടിലെ നിഴൽക്കൂട്ടത്തിനിടയിലൂടെ ആദിത്യനുദിച്ചു വരും നേരും മല പാടും പോലെ. വ്യത്യസ്തമായ സംഗീതമെന്ന് പറയുന്നത് ആവർത്തനമാണെങ്കിൽ ക‌ൂടി ഈ വേഗപ്പാട്ടിനെ അങ്ങനയെ പറയുവാനാകൂ. അനൂപ് മോഹൻദാസ് പാടിയിരിക്കുന്നത്. പക്ഷേ പതിനേഴ്പേരടങ്ങിയ കോറസ് ആണ് പാട്ടിന്റെ ഹൈലറ്റ്. അൻവർ അലി ആണ് ഈ പാട്ടെഴുതിയിരിക്കുന്നത്. 

ചിങ്ങമാസത്തിലെ എന്ന ഗാനം, ദിലീപ് കെ ജി ആണ് കുറിച്ചത്. ചിങ്ങമാസത്തിൽ വിരുന്നെത്തിയ പൂപ്പാടം കാണും പോലെ തോന്നും ഈ ഗാനം കേട്ടിരിക്കുമ്പോൾ. ആ പാടത്ത് നിന്ന് ചെറുതോട്ടിലെ വള്ളത്തിന്റെ ചെറിയ യാത്രകൾക്കിടയില്‍ നിന്ന് അരിച്ചെടുത്ത പോലുള്ള പാട്ട്. ഇതൊരു പ്രണയപ്പാട്ടാണേ....

 കാർത്തികിന്റെ സ്വരത്തിൽ വിരിഞ്ഞ മെലഡിയാണ് കാത്തിരുന്ന പക്ഷി ഞാൻ എന്നു തുടങ്ങുന്ന ഗാനം. അൻവർ അലിയാണ് ഈ ഗാനവുമെഴുതിയത്. കെ ആണ് സംഗീതം. ലളിതവും കുസൃതിനിറ‍ഞ്ഞതുമായ ഈണക്കൂട്ട്. ഗിത്താറിന്റെ സ്വരഭേദങ്ങൾ വരികൾക്കിടയിൽ കയറി മനോഹാരിത നൽകിയിരിക്കുന്നു. കെ ആണ് സംഗീതം. അനായാസമായിട്ടാണ് കാർത്തിക് പാടിയിരിക്കുന്നതും.

ദുല്‍ഖർ ചിത്രത്തിൽ വിനായകൻ സംഗീതം നൽകിയ പാട്ട് പറ പറയെന്ന ഗാനം പോലെ നാടകീയമായിട്ടാണ് തുടങ്ങുന്നത്. അകലങ്ങളിൽ നിന്നാരോ പാടുമ്പോൾ, അ‍ജ്ഞാതമായിടങ്ങളിൽ നിന്ന് ആരോ ഉടുക്കു കൊട്ടുന്നു. അതിനൊത്ത് ആടിയുമുലഞ്ഞും അറിയാമിടങ്ങളിലേക്ക് നാട്ടു വിശേഷങ്ങൾ പാടിപാട്ടി അലിഞ്ഞു പോകുന്ന പാട്ട്. അച്ഛനും മകനും തമ്മിലുള്ള നിഷ്കളങ്കമായ സംഭാഷണമാണ് ഈ പാട്ട്. ഒരുപക്ഷേ പ്രകൃതിക്ക് മേലുള്ള മനുഷ്യന്റെ അവകാശ വാദങ്ങളോട് പ്രഖ്യാപനങ്ങളോടുള്ള ഒരു മറുപടിയാകുമീ പാട്ട്. തിരുവന്തപുരത്തേക്ക് പോകുന്ന ബസ് റൂട്ടിന്റെ അനൗൺസ്മെന്റുൾപ്പെടെ അങ്ങേയറ്റം ഒറിജിനലായ പാട്ടവതരണം....അൻവർ അലിയാണ് ഈ ഗാനമെഴുതിയത്.