മനസിലിട്ടു പാടാൻ ഒരു ജി വേണുഗോപാൽ മെലഡി

കൊഴിഞ്ഞുവീണ ഇലകളോട് ഇളവെയിലങ്ങനെ മരച്ചിലകൾക്കിടയിലൂടെ കൈനീട്ടി വന്ന് വർത്തമാനം പറയുന്ന വഴിത്താര. ഏകാന്തത മാത്രമുള്ള ‌ആ വഴിയോരത്തിലേക്കു വന്ന ഒരു പാട്ട്. ജി വേണുഗോപാലിന്റെ ശബ്ദത്തിലുള്ള മനോഹരമായ മെലഡി. ആ വഴിയിലൊരറ്റത്ത് കണ്ണുകളടച്ച് ഓർമകളിലേക്ക് നോക്കി നമുക്കീ പാട്ടുപാടാം...മനസിനുള്ളിലെ ഇഷ്ടങ്ങളോടും പ്രണയത്തോടും നൊമ്പരങ്ങളോടും സൗമ്യമായി സല്ലപിക്കാം...

കിളികൾ പാടും വരെ എൻ നിഴലു മായും വരെ...

തനിയേ വരുവാൻ ഇനിയെൻ പ്രിയതേ...

പകലു മായും വരെ ഈ വിജനതീരങ്ങളിൽ

പടരും നോവായ് പതിയേ പാടാൻ...

ഷൈല തോമസിന്‍റേതാണ് വരികൾ. രമേഷ് കൃഷ്ണനും സംഗീതും ചേർന്ന് ഈണമിട്ടു. മനോരമ മ്യൂസിക്കാണ് വീഡിയോ പുറത്തിറക്കിയത്. ജി വേണുഗോപാൽ തന്നെയാണ് ഗാനരംഗത്തുള്ളത്. മനോഹരമായ സായന്തനങ്ങളിലൂടെ പാറക്കെട്ടുകളിൽ ചിന്നിച്ചിതറി പൊട്ടിച്ചിരിക്കുന്ന തിരമാലകളിലൂടെ പാട്ടിനൊപ്പം തുന്നിക്കൂട്ടിയ രംഗങ്ങളും സുന്ദരം. സിബി മഞ്ഞലെ തയ്യാറാക്കിയത് വീഡിയോയിലെ വിഷ്വലുകൾ.

സിനിമാ സംഗീതത്തിനപ്പുറം ഇങ്ങനെ ഒറ്റയാൻമാരായി എത്തിയ പാട്ടുകൾ ഏറെയുണ്ട് നമുക്ക്. ജീവനുള്ള എഴുത്തിനൊപ്പം ആത്മാവുകൊണ്ടു ഈണം നൽകപ്പെട്ട ആ പാട്ടുകളെപ്പോഴും മറവിയുടെ ചെറുകണികപോലും തൊടാതെ മനസിലേക്കങ്ങനെ ചേക്കേറും. ജി വേണുഗോപാലിന്റെ സ്വരം മലയാളി മനസിലെ വേറിട്ടൊരിടത്ത് ചേർത്തുവച്ചിരിക്കയാണ്. ആ വ്യത്യസ്ത സ്വരത്തിൽ പിറന്ന ഈ ഗാനവും മനസിന്റെ പാട്ടുപുസ്തകത്തിലെ മെലഡികളുടെ കൂട്ടത്തിലേക്ക് എഴുതിയിടാം.