അമേരിക്കൻ സംഗീതജ്ഞൻ ബോബ് ഡിലന് സാഹിത്യനൊബേൽ

സാഹിത്യ ലോകത്ത് അതുല്യ സംഭാവനകൾ നൽകിയതിനുള്ള നൊബേൽ പുരസ്കാരം അമേരിക്കൻ ഗായകനും എഴുത്തുകാരനുമായ ബോബ് ഡിലന്. നാടൻ ഗാനശാഖയ്ക്കു കാവ്യാത്മക ഭംഗി പകർന്നതിനാണ് ബോബ് ഡിലനെ തേടി നൊബേലെത്തിയത്. അഞ്ചു പതിറ്റാണ്ടിലേറെയായി അമേരിക്കയുടെ സാഹിത്യ-സംഗീത മേഖലകളിൽ നിർണായക സ്വാധീനമാണ് എഴുപത്തിയഞ്ചുകാരനായ ഡിലൻ. ഇത്തവണത്തെ സാഹിത്യ നൊബേല്‍ ആർക്കായിരിക്കുമെന്നുള്ള ചർച്ചകളിൽ അധികം ഉയർന്നു കേൾക്കാത്ത പേരായിരുന്നു ഡിലന്റേത്. നൊബേൽ പുരസ്കാരം നേടുന്ന ഇരുന്നൂറ്റി അമ്പത്തിയൊമ്പതാമത്തെ അമേരിക്കക്കാരനാണു ഡിലൻ.

1941 മെയ് 24ന് അമേരിക്കയിലെ മിനസോട്ടയിൽ അബ്രാം സിമ്മർമാന്റെയും ബിയാട്രിസ് സ്റ്റോണിന്റെയും മകനായാണ് റോബർട്ട് അലൻ സിമ്മർമാൻ എന്ന ബോബ് ഡിലൻ ജനിച്ചത്. റേഡിയോയിൽ ബ്ലൂസ് സംഗീതം കേട്ടുനടന്ന ബാല്യകാലമാണു ഡിലനെ ഈണങ്ങളുടെ ലോകത്തിലേക്കു ക്ഷണിച്ചത്. കൗമാരത്തിലെത്തിയപ്പോൾ ഇഷ്ടം റോക്ക് ആൻഡ് റോളിനോടായി. പിന്നെ സഞ്ചാരം ബാൻഡുകൾക്കു പിന്നാലെയായി. ഹൈസ്കൂൾകാലത്തുതന്നെ ബാൻഡുകളുടെ അമരക്കാരനായിരുന്നു ഡിലൻ. ലിറ്റിൽ റിച്ചാർഡിന്റെയും എൽവിസ് പ്രിസ്‍ലിയുടെയും ഗാനങ്ങൾക്ക് കവർ‌ വേർഷനുകൾ ചെയ്യുന്നതായിരുന്നു അന്നത്തെ പ്രധാന വിനോദം. 1960 ല്‍ കോളജ് പഠനം പാതിവഴിയിലുപേക്ഷിച്ച് പാട്ടിന്റെ ലോകത്തേക്കു പൂർണമായും കടന്നു ഡിലൻ. കോഫി ഷോപ്പുകളിൽ പാടിത്തുടങ്ങിയ സംഗീതജീവിതം ഇപ്പോൾ നൊബേൽ വരെയെത്തി നിൽക്കുന്നു.

ലോകം കണ്ട എക്കാലത്തേയും മികച്ച സംഗീതജ്ഞരിലൊരാളാണ് ഡിലൻ. സംഗീതവുമായി ബന്ധപ്പെട്ട എല്ലാ പ്രധാന പുരസ്കാരങ്ങളും വേദികളും ഡിലൻ സ്വന്തമാക്കിയിട്ടുണ്ട്. ഡിലന്റെ ഗാനങ്ങളുടെ 120 മില്യണിലധികം പതിപ്പുകളാണ് ലോകമൊട്ടൊകെ വിറ്റഴിഞ്ഞത്. പതിനൊന്നു വട്ടം ഗ്രാമി പുരസ്കാരം ഡിലനെ തേടിയെത്തി. ഒരു വട്ടം ഓസ്കറും ഗോൾഡൻ ഗ്ലോബും നേടി.