ഗുലാം അലിയെ പാടാൻ അനുവദിക്കാത്തത് ദുഃഖകരം: മോദി

പാകിസ്ഥാന്‍ സംഗീതജ്ഞന്‍ ഗുലാം അലിയെ മുംബൈയിൽ പാടാൻ അനുവദിക്കാതിരുന്ന സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. ഗുലാം അലിയെ പാടാന്‍ അനുവദിക്കാത്തത് ദുഃഖകരമാണ്‌. ദാദ്രി, ഗുലാം അലിയെ തടഞ്ഞത് പോലുള്ള സംഭവങ്ങള്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതുഅനുവദിക്കില്ലെന്നും മോദി പറഞ്ഞു. ഇത്തരം സംഭവങ്ങളെ കേന്ദ്രം പിന്തുണയ്ക്കുന്നില്ലെന്നും എന്നാല്‍ പഴി കേള്‍ക്കുന്നത് കേന്ദ്രമാണെന്നും മോദി വ്യക്തമാക്കി.

ശിവസേന വിലക്കിയ പാക്ക് ഗസൽ ഗായകൻ ഗുലാം അലി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിയ ഗായകനാണ്‌. മുംബൈയിൽ നടത്താനിരുന്ന അദ്ദേഹത്തിന്റെ സംഗീത പരിപാടി ശിവസേനാ ഭീഷണിയെത്തുടർന്ന് റദ്ദാക്കിയതിനെതിരെ രാജ്യം മുഴുവന്‍ പ്രതിഷേധസ്വരങ്ങള്‍ ഉയരുന്നതിനിടെയാണ്‌ മോദിയുടെ പ്രതികരണം. തീവ്രവാദവും അതിർത്തിയിലെ ആക്രമണവും അവസാനിപ്പിക്കാത്തിടത്തോളം പാക്കിസ്ഥാനുമായി രാഷ്ട്രീയ, കായിക, സാംസ്കാരിക സഹകരണം അനുവദിക്കില്ലെന്ന്‌ പറഞ്ഞാണ്‌ സംഗീതപരിപാടി ശിവസേന തടയുമെന്ന് ഭീഷണിപ്പെടുത്തിയത്.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ലോകപ്രശസ്‌ത ഗായകനായ ഗുലാം അലി ഇന്ത്യയോട് ഏറെ അടുപ്പമുള്ള ഒരു സംഗീതജ്ഞനാണ്‌. ബോളിവുഡില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഗസല്‍ പരിപാടികളുടെ മുഖ്യ വേദിയും ഇന്ത്യ തന്നെയാണ്‌. ഈ വര്‍ഷാരംഭത്തില്‍ മോദിയുടെ മണ്ഡലമായ വാരാണസിയില്‍ അദ്ദേഹം പരിപാടി അവതരിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മോദി തന്നെ തന്റെ വിഷമം സോഷ്യല്‍ മിഡിയ വഴി അറിയിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ഡല്‍ഹിയില്‍ വച്ച് ഗായകനെ കണ്ട മോദി അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റുചെയ്യുകയായിരുന്നു.