ദിലീപും മമതയും ആടിപാടും നയാഗ്രയുടെ തീരത്ത്

നയാഗ്രയുടെ സമീപത്ത് പുരോഗമിക്കുന്ന ഗാന ചിത്രീകരണം

വെള്ളച്ചാട്ടം ഷൂട്ടുചെയ്യുന്നെങ്കിൽ അത് നയാഗ്രയിൽ ഷൂട്ടുചെയ്യണമെന്നത് മിക്ക സിനിമാക്കാരുടെയും ആഗ്രഹമാണ്. എന്നാൽ ഷൂട്ടിങിനുള്ള ചിലവ് മറ്റു സൗകര്യങ്ങൾ എന്നിവ നോക്കുമ്പോൾ പലരും ഈ ഉദ്യമത്തിന് ശ്രമിക്കാറില്ല. എന്നാൽ മൂന്ന് പതിറ്റാണ്ടിനുശേഷം മലയാള സിനിമയിലെ ഒരു ഗാനത്തിൽ നയാഗ്ര വെള്ളച്ചാട്ടത്തിന്റെ വശ്യ സൗന്ദര്യം പകർത്തുകയാണ് 'ടൂ കണ്ട്രീസ്' എന്ന ചിത്രത്തിന്റെ അണിയറക്കാർ.

ദിലീപ് നായകനാകുന്ന ടൂ കണ്ട്രീസ് എന്ന ചിത്രത്തിലെ ‘വെളു വെളുത്തൊരു പെണ്ണ്...‘ എന്ന ഗാനമാണ് നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചത്. നയാഗ്രയുടെ സൗന്ദര്യം മുഴുവനായി ലഭിക്കണമെങ്കിൽ ഹെലികോപ്ടറിന്റെ സഹായം വേണമായിരുന്നെങ്കിലും ചില പ്രതികൂല സാഹചര്യങ്ങൾ കാരണം അത് ഉപയോഗപ്പെടുത്താൻ ഇതിന്റെ അണിയറക്കാർക്ക് കഴിഞ്ഞില്ല. ഈ സമയത്ത് ഹോളിവുഡിലെ സ്റ്റെഡി ക്യാം ഓപ്പറേറ്ററായ ബ്രിട്ടീഷുകാരൻ ജോ ഡിയാൻകോ ഇവരുടെ സഹായത്തിനെത്തുകയായിരുന്നു.

മുൻപ് ഐവി ശശി സംവിധാനം ചെയ്ത ‘ഏഴാംകടലിനക്കരെ‘ എന്ന ചിത്രത്തിലെ ‘സുരലോക ജലധാര ഒഴുകിയൊഴുകി..‘എന്ന ഗാനമാണ് നയാഗ്രയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരുന്നത്. 1979ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ഗാനത്തിന് സംഗീതസംവിധാനം നൽകിയത് എം എസ് വിശ്വനാഥനാണ്. പി ഭാസ്കരന്റേതാണ് വരികൾ. ഗാനമാലപിച്ചിരിക്കുന്നതാകട്ടെ വാണി ജയറാമും ജോളി എബ്രഹാമും ചേർന്നാണ്.

മമത നായികയായി എത്തുന്ന ‘ടൂ കണ്ട്രീസ്‘ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാഫിയാണ്. രജപുത്ര രഞ്ജിത്താണ് നിർമാണം. ചിത്രത്തിന്റെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് ഗോപിസുന്ദറാണ്. ദിലീപ്, മമത എന്നിവരെ കൂടാതെ മുകേഷ്, സുരാജ് വെഞ്ഞാറമൂട്, അജി വർഗീസ്, നമിതാ പ്രമോദ്, ലെന എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.