ഫെയ്സ്ബുക്കിൽ വൈറലായി മലയാളികള്‍ തയ്യാറാക്കിയ ദേശഭക്തിഗാനം

റിപ്പബ്ലിക് ദിനത്തിൽ മലയാളികൾ പുറത്തിറക്കിയ ദേശഭക്തിഗാനം ഫെയ്സ്ബുക്കിൽ വൈറലാകുന്നു. മൂന്നു ദിവസം കൊണ്ട് ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ മനോഹരമായ വിഡിയോ കണ്ടത്. സംഗീത സംവിധായകൻ ബിജിബാലിന്റെ മകൾ ദയയും നവാഗത സംഗീത സംവിധായകന്‍ ഹിഷാം അബ്ദുൾ വഹാബും ചേർന്നാണീ പാട്ടു പാടിയത്. ക്ലാസിക്കൽ ദേശീയ ഗാനത്തിന്റെ നൈർമല്യമുള്ള വരികൾക്ക് തീർത്തും പുതുമയാർന്ന സംഗീതമാണ് വിഡിയോയ്ക്കു പകർന്നത്. 

എന്റെ ഭാരതം എന്നു പേരിട്ട ആൽബം ഭാരതത്തിന്റെ സമസ്ത മേഖലകളിലേക്കും ഒരു ഈണത്തിലൂടെ സഞ്ചരിക്കുകയാണ്. രാജ്യത്തിനായി ജീവൻ ബലികഴിച്ച ധീര സൈനികരേയും നമ്മുടെ നാടിനെ ലോകത്തോളം വളർത്തിയ പ്രതിഭകളേയും മതേതരത്വത്തിന്റെ ഭംഗിയും ഒന്നുചേർന്ന ദൃശ്യങ്ങളാണു വിഡിയോയിലുള്ളത്. 

അബ്ബാസ് അലി വേങ്ങോലയാണു വരികൾ കുറിച്ചത്. മലയാളിയായ പ്രവാസി ബിനേഷ് മണിയാണു സംഗീതം നൽകിയത്. അവധിയ്ക്കു നാട്ടിലെത്തിയ സമയത്തായിരുന്നു വിഡിയോ തയ്യാറാക്കിയത്. ബിനേഷ് ഭാസ്കറാണു  സംവിധാനം. മേബിൾ ജിജിയും റിന്‍സിയും ചേർന്നാണു പാട്ടിന് ആവേശകരമായ കോറസ് പാടിയത്.