ശിവസേനയുടെ 'വിലക്കേറ്റ' മോദിയുടെ പ്രിയ ഗായകൻ

ശിവസേന വിലക്കിയ പാക്ക് ഗസൽ ഗായകൻ ഗുലാം അലി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രിയ ഗായകന്‍. മുംബൈയിൽ നടത്താനിരുന്ന അദ്ദേഹത്തിന്റെ സംഗീത പരിപാടി ശിവസേനാ ഭീഷണിയെത്തുടർന്ന് കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. തീവ്രവാദവും അതിർത്തിയിലെ ആക്രമണവും അവസാനിപ്പിക്കാത്തിടത്തോളം പാക്കിസ്ഥാനുമായി രാഷ്ട്രീയ, കായിക, സാംസ്കാരിക സഹകരണം അനുവദിക്കില്ലെന്ന്‌ പറഞ്ഞാണ്‌ സംഗീതപരിപാടി തടയുമെന്ന് ശിവസേന ഭീഷണിപ്പെടുത്തിയത്. എന്നാല്‍ ഇദ്ദേഹം തന്റെ പ്രിയ ഗായകനാണെന്ന് മോദി തന്നെ കഴിഞ്ഞ ഏപ്രിലില്‍ തന്റെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന ചിത്രം സഹിതമാണ്‌ മോദി ട്വീറ്റ് ചെയ്‌തത്.

ഹിന്ദുസ്ഥാനി സംഗീതത്തിലെ ലോകപ്രശസ്‌ത ഗായകനായ ഗുലാം അലി ഇന്ത്യയോട് ഏറെ അടുപ്പമുള്ള ഒരു സംഗീതജ്ഞനാണ്‌. ബോളിവുഡില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഗസല്‍ പരിപാടികളുടെ മുഖ്യ വേദിയും ഇന്ത്യ തന്നെയാണ്‌. ഈ വര്‍ഷാരംഭത്തില്‍ മോദിയുടെ മണ്ഡലമായ വാരാണസിയില്‍ അദ്ദേഹം പരിപാടി അവതരിപ്പിച്ചിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ മോദി തന്നെ തന്റെ വിഷമം സോഷ്യല്‍ മിഡിയ വഴി അറിയിക്കുകയും ചെയ്‌തിരുന്നു. പിന്നീട് ഡല്‍ഹിയില്‍ വച്ച് ഗായകനെ കണ്ട മോദി അദ്ദേഹത്തോടൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പോസ്റ്റുചെയ്യുകയായിരുന്നു.

ഒരു പാകിസ്ഥാന്‍ കലാകാരന്‍മാരെയും മുംബൈയില്‍ പരിപാടി അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പരിപാടിയുമായി മുന്നോട്ടുപോയാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും വേദിയായി നിശ്ചയിച്ചിരുന്ന മധ്യമുംബൈയിലെ ഷൺമുഖാനന്ദ ഹാൾ അധികൃതർക്ക് ശിവസേനയുടെ ചലച്ചിത്ര യൂണിയനായ ചിത്രപത് സേന കത്ത് നൽകുകയായിരുന്നു. ഗായകന്‌ സുരക്ഷ നല്‍കുമെന്നും നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മഹാരാഷ്‌ട്ര മുഖ്യമന്ത്രി അറിയിച്ചിരുന്നെങ്കിലും പരിപാടി റദ്ദാക്കുകയായിരുന്നു. അതേസമയം ഗുലാം അലിക്ക് ഡൽഹി സർക്കാരിന്റെ ക്ഷണം ലഭിച്ചു. സംഗീതത്തിന് അതിർത്തികളില്ല എന്നു വ്യക്തമാക്കിയാണ് ഗുലാം അലിയെ ഡൽഹിയിൽ സംഗീത പരിപാടി നടത്തുന്നതിനായി ക്ഷണിച്ചിരിക്കുന്നത്. ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയാണ് ഗുലാം അലിയെ ക്ഷണിച്ചത്.

ആരാണ് ഉസ്താദ് ഗുലാം അലി?

നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗസല്‍ ഗായകനായാണ്‌ ഉസ്താദ് ഗുലാം അലിയെ സംഗീത പ്രേമികള്‍ വിശേഷിപ്പിക്കുന്നത്. 1940 ല്‍ പഞ്ചാബ് പ്രവിശ്യയില്‍ ജനിച്ച (ഇപ്പോള്‍ ഈ സ്ഥലം പാകിസ്ഥാനിലാണ്‌) അദ്ദേഹം 1960 മുതല്‍ റേഡിയോ ലാഹോറില്‍ പാടാന്‍ തുടങ്ങിയിരുന്നു. പാകിസ്ഥാനി ആണെങ്കിലും ഇന്ത്യന്‍ സംഗീത ലോകത്തെ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. 1982ല്‍ നിക്കാഹ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ്‌ അദ്ദേഹം ബോളിവുഡ് സംഗീതലോകത്തിന്റെ ഭാഗമായി മാറുന്നത്.

ബഡേ ഗുലാം അലിഖാനാണ്‌ അദ്ദേഹത്തിന്റെ ഗുരു. ബഡേ ഗുലാം അലിയുടെ സഹോദരങ്ങളില്‍ നിന്നുകൂടി ശാസ്‌ത്രീയമായി സംഗീതം അഭ്യസിച്ച അദ്ദേഹം ഹിന്ദുസ്ഥാന്‍ സംഗീതത്തില്‍ തന്റേതായ ഇടം സൃഷ്ടിക്കുകയായിരുന്നു. ആദ്യകാലങ്ങളില്‍ ഗുലാം അലി പ്രാര്‍ത്ഥനാഗീതങ്ങള്‍ക്കും ഭജനുകള്‍ക്കുമാണ്‌ സംഗീതം നല്‍കുകയും ആലപിക്കുകയും ചെയ്‌തത്. 'ചുപ്കെ ചുപ്കെ റാത്ത് ദിന്', 'അപ്നെ ദൂൻ മേം രഹ്താ ഹൂം' എന്നീ ഗാനങ്ങള്‍ ബോളിവുഡില്‍ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. നിരവധി നേപ്പാളി ഗസല്‍ ഗാനങ്ങളും അദ്ദേഹം ആലപിച്ചിട്ടുണ്ട്.