മ്യൂസിക് ബാൻഡുമായി ഗോപീ സുന്ദറും

വ്യത്യസ്തമായ സംഗീത ശൈലികൾ കൂട്ടിയോജിപ്പിച്ച് പാട്ടുകളൊരുക്കുന്ന സംഗീത സംവിധായകനാണ് ഗോപീ സുന്ദർ. പാട്ടു ലോകത്തെ പുതുമകളെ ഏറെ സ്നേഹിക്കുന്ന സംഗീത സംവിധായകൻ ആസ്വാദകർക്കു നൽകുന്ന വേറിട്ട സമ്മാനമാണീ ബാൻഡ്. ബാൻഡ് ബിഗ് ജി. കേഴ്‍വിക്കാർക്കൊരു നല്ല പാട്ടനുഭവം എന്നതിലുപരി പുതിയ പാട്ടുകാർക്കും പാട്ടുകൂട്ടായ്മകൾക്കുമൊരു നല്ല വേദിയൊരുക്കുകയെന്നതാണ് ബാൻഡുകൊണ്ടുദ്ദേശിക്കുന്നത് ഗോപീ സുന്ദർ‌ പറയുന്നു. മറ്റെന്തെല്ലാമാണ് ബാന്‍ഡിനെ കുറിച്ച് ഗോപീ സുന്ദറിന് പറയുവാനുള്ളത്. വായിക്കാം.

ബ്രാൻഡ് കം ബാൻഡ് എന്ന് വിശേഷിപ്പിക്കുവാനാണ് ആഗ്രഹം. സാധാരണ ബാന്‍ഡുകളേതുപോലുള്ള ചട്ടക്കൂടല്ല ഇതിനുള്ളത്. ഒരു ഫ്രണ്ട് സിംഗറും ഓർ‌ക്കസ്ട്രയും എന്ന രീതിയിലല്ല. സ്ഥിരം സിംഗേഴ്സും സ്ഥിരം സ്ക്രിപ്റ്റുമില്ല. ഓരോ വേദികളും വ്യത്യസ്തമായിരിക്കും. പുതിയ പാട്ടുകാർ, പുതിയ പാട്ടുകൾ, വേറിട്ട അവതരണം. അങ്ങനെയായിരിക്കും ബാൻഡ് ബിഗ് ജി. ബാന്‍ഡിനായി പ്രത്യേകം പാട്ടുകളൊന്നും ചിട്ടപ്പെടുത്തുന്നുമില്ല. തന്റെ പാട്ടുകൾ മാത്രമായിരിക്കില്ല അവതരിപ്പിക്കുക. ബാബുക്ക(എം എസ് ബാബുരാജ്)യുടേതടക്കമുള്ള പ്രതിഭാധനരുടെ ഗാനങ്ങളുമുണ്ടാകും. ഗോപീ സുന്ദർ തന്റെ പാട്ടു സംഘത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവച്ചു. ഓരോ വേദികളിലും വ്യത്യസ്തമായ അവതരണം വേണമെന്നുള്ളതുകൊണ്ടു തന്നെ വെല്ലുവിളിയുണ്ട്. എങ്കിലും ആസ്വാദകർക്ക് ഓരോന്നും മനോഹരമായ ഓരോ അനുഭവങ്ങളായിരിക്കും. ഓരോ വേദി പിന്നിടുമ്പോഴും കൂടുതൽ ഹൃദ്യമായ അനുഭവം കേട്ടിരിക്കുന്നവർക്കുണ്ടാകണം. അതിനുള്ള ശ്രമങ്ങളാവും നടത്തുക. ഗോപീ സുന്ദർ തന്റെ ബാന്‍ഡിനെ കുറിച്ചുള്ള സ്വപ്നങ്ങൾ പങ്കിട്ടു. അതുപോലെ ബാൻഡിന്റെ പരിപാടികൾ ലഭിക്കാൻ വലിയ പണച്ചെലവുണ്ടായിരിക്കുമെന്നും ആരും കരുതേണ്ട...അത് പ്രത്യേകം ഓർമിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ദുബായിൽ മെയ് 20 നാണ് ബാൻഡിന്റെ ലോഞ്ച്. ഹരിചരൺ, മ‌ഞ്ജരി, അഫ്സൽ, നജീം അർഷാദ്, മഖ്ബുൽ മൻസൂർ, കബീർ, അജ്മൽ, റംഷി അഹമ്മദ്, ശ്രേയ, കാവ്യാ അജിത്, മീനാക്ഷി, ശ്രുതി ലക്ഷ്മി എന്നിവരാണ് പാട്ടുകൾ അവതരിപ്പിക്കാൻ എത്തുക. സംഗീത ജീവിതത്തിൽ പത്ത് വർഷം പിന്നിടുകയാണ് ഗോപീ സുന്ദർ. ഇതിനോടകം ഇദ്ദേഹം പശ്ചാത്തല സംഗീതത്തിലും ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിലും ഒരുപോലെ പ്രതിഭയറിയിച്ചു . 1983 എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ദേശീയ അവാർഡും കരസ്ഥമാക്കിയിരുന്നു. മലയാളത്തില്‍ പോയ വർഷം ഏറ്റവുമധികം ഗാനങ്ങൾക്ക് ഈണമിട്ടതും ഗോപീ സുന്ദർ തന്നെ. എന്നു നിന്റെ മൊയ്തീനിലെ മുക്കത്തെ പെണ്ണും ചാർലിയിലെ ചുന്ദരിപ്പെണ്ണേയെന്ന ഗാനവും ഇപ്പോഴും ഹിറ്റുകളിൽ മുന്‍പന്തിയിലുണ്ട്.