മൂന്നു ഭാഷകള്‍, വമ്പൻ റിലീസുകൾ: സംഗീതം ഗോപീ സുന്ദർ

മലയാളത്തിൽ ലാലേട്ടന്റെ  പുലിമുരുകൻ. തമിഴിൽ  പ്രഭുദേവയും  തമന്നയും ചേർന്നഭിനയിച്ച  ഹൊറർ കോമഡി ചിത്രം  ദേവി(ഡെവിൾ). തെലുങ്കിൽ നാഗചൈതന്യയും  ശ്രുതി ഹാസനുമെല്ലാം  നിറഞ്ഞ നമ്മുടെ സ്വന്തം പ്രേമം. മൂന്നു ഭാഷകളിലുമായി  മികച്ച പ്രതികരണവുമായി  മുന്നേറുന്ന മൂന്നു സിനിമകൾ. ഒരേ ദിവസം റിലീസ് ചെയ്ത ഈ മൂന്നു ചിത്രങ്ങളും  വമ്പൻ  ഹിറ്റിലേക്കുള്ള കുതിപ്പിലാണ്. മൂന്നും സിനിമയും നേട്ടം കൊയ്യുമ്പോൾ  ഏറെ സന്തോഷിക്കുന്ന ഒരു മലയാളിയുണ്ട്. മലയാളത്തിന്റെ സ്വന്തം  സംഗീത സംവിധായകൻ ഗോപി സുന്ദർ. മൂന്നു സിനിമകളിലെയും  സംഗീത വിഭാഗത്തിൽ  ഇദ്ദേഹമുണ്ട്.  

പുലിമുരുകനിലും  പ്രേമത്തിലും  സംഗീത സംവിധായകനാണെങ്കിൽ  ഡെവിളിൽ പശ്ചാത്തല സംഗീതമാണ്  നിർവഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റെ ഉടമസ്ഥതയിലുള്ള  സൻസ ഡിജിറ്റൽ വർക്ക്സ്റ്റേഷനാണു   മൂന്നു ചിത്രങ്ങളുടെയും സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നതെന്നു പറയാം. 

നീണ്ട ഇടവേളയ്ക്കു ശേഷം യേശുദാസും  കെ.എസ്. ചിത്രയും  ഒരുമിച്ച് അതിമനോഹരമായ  ഒരു ഗാനം പാടിയിട്ടുണ്ട്  പുലിമുരുകനിൽ. ഗോപിസുന്ദറിന്റെ പാട്ട് സിനിമപോലെ തന്നെ പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു. തെലുങ്കു പ്രേമത്തിന് മലയാളം പ്രമത്തിന്റെ അത്ര കയ്യടി നേടാൻ സാധിക്കുന്നില്ലെങ്കിലും പാട്ടുകളെല്ലാം  സൂപ്പർ ഹിറ്റ്. ഹരിചരൺ ഉൾപ്പെടെയുള്ള ഗായകരാണു പ്രേമത്തിനു വേണ്ടി പാടിയിരിക്കുന്നത്. പ്രേമത്തിലെ എവരേ(മലരേയുടെ പകർപ്പ്) മാത്രമാണു രാജേഷ് മുരുകേശന്റേതായുള്ളത്. ബാഗ് ബാഗ് ഉൾപ്പെടെയുള്ള പാട്ടുകളെല്ലാം  തെലുങ്കിൽ സൂപ്പർ ഹിറ്റാണ്. 

രണ്ടു ചിത്രങ്ങളുടെയും പശ്ചാത്തല സംഗീതവും  നിർവഹിച്ചിരിക്കുന്നതു ഗോപി സുന്ദർ തന്നെ. 

എ.എൽ. വിജയ്‌യുടെ ഹൊറർ ചിത്രം ദേവി(എന്ന ഡെവിളിൽ)യിൽ സാജിദ്-വാജിദ് സംഘവും വിശാൽ മിശ്രയുമാണു സംഗീത സംവിധായകർ. പക്ഷെ ബാക്ക്ഗ്രൗണ്ട് സ്കോറിൽ ഗോപി സുന്ദറിന്റെ പേര് മാത്രം. മൂന്നു ചിത്രങ്ങളും ഹിറ്റായതോടെ ഗോപിയുടെ  സന്തോഷത്തിന്  മൂന്നിരട്ടി മധുരമുണ്ടാകുമെന്നു തീർച്ച.