അത് വെറും 'ട്രെയിലർ' മാത്രം: ഗോപീ സുന്ദർ

അമ്മച്ചി വയ്ക്കുന്ന സാമ്പാറിന് ഇത്തിരി ഉപ്പ് കൂടുതലാണെന്നിരിക്കട്ടെ ആ സാമ്പാർ രുചിച്ചു നോക്കാൻ അയലത്തുള്ളവർ പോലും വന്നെന്നിരിക്കും. അത്രേയുള്ളൂ കലിയുടെ ട്രെയിലറിലെ സംഗീതത്തിന്റെ കാര്യത്തിലും സംഭവിച്ചിട്ടുള്ളൂ. ഒരു രസത്തിന് വേണ്ടി ചെയ്തതാണ്. ആർക്കും അക്കാര്യം മനസിലാക്കാവുന്നതേയുള്ളൂ. കലിയിലെ ട്രെയിലറിലെ സംഗീതം കോപ്പിയടിച്ചതാണെന്ന ആരോപണത്തെ കുറിച്ചുള്ള ചോദ്യത്തിന് സംഗീത സംവിധായകൻ ഗോപീ സുന്ദറിന്റെ മറുപടി ഇങ്ങനെയായിരുന്നു. തന്നെക്കുറിച്ചുള്ള കിടിലനൊരു ട്രോൾ സ്വന്തം ഫേസ്ബുക്ക് പേജിലൂടെ ഷെയർ ചെയ്യുകയും അത് ഇഷ്ടമായി എന്ന പറയുകയും ചെയ്തൊരാളിൽ നിന്നുള്ള ഈ മറുപടി അത്ഭുതപ്പെടുത്തുന്നില്ല.

ആരോപണങ്ങളെയെല്ലാം വളരെ പോസിറ്റിവ് ആയി മാത്രമേ കാണുന്നുള്ളൂ. ട്രോളുകളിലെ ക്രിയാത്മകതയ്ക്ക് എന്റെ അഭിനന്ദനം. ഒന്നിനും മറുപടി പറയാൻ ഞാനില്ല. ട്രെയിലറിലെ സംഗീതം മാൻ ഫ്രം അങ്കിളിൽ നിന്ന് എടുത്തത് തന്നെയാണ്. പക്ഷേ അതിലൊരുപാട് മാറ്റം വരുത്തിയാണ് ചെയ്തിരിക്കുന്നത്. ഇതുവരെ എനിക്കെതിരെ വന്ന ആരോപണങ്ങളോടെല്ലാം ഞാൻ എന്റെ പാട്ടുകളിലൂടെയാണ് മറുപടി പറഞ്ഞിട്ടുള്ളത്. ഇനിയങ്ങോട്ടും അങ്ങനെ തന്നെ. എന്റെ പാട്ടുകളെ കുറിച്ചും സംഗീതത്തെ കുറിച്ചും ആളുകൾക്ക് വ്യക്തമായി അറിയാം. അവരാരും മണ്ടൻമാരല്ലല്ലോ. പാട്ടുകളൊക്കെ ശ്രദ്ധിക്കപ്പെടുന്നത് തന്നെയാണ് ഏറ്റവും വലിയ അംഗീകാരം. ഗോപീ സുന്ദർ പറഞ്ഞു.

സമീർ താഹിർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കലി. ദുൽഖർ സൽമാനും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം. കലിയുടെ ട്രെയിലർ മൂന്ന് ദിവസംകൊണ്ട് ഏഴു ലക്ഷത്തിലധികം പ്രാവശ്യമാണ് യുട്യൂബിൽ ആളുകൾ കണ്ടത് എന്നത് തന്നെയാണ് എന്തുമാത്രം പ്രതീക്ഷ ചിത്രത്തോട് ജനങ്ങൾക്കുള്ളത് എന്നതിനുള്ള തെളിവ്. ട്രെയിലറിലെ സംഗീതം കോപ്പിയടിച്ചതാണെന്ന ആരോപണം നല്ലൊരു പ്രൊമോഷൻ കൊടുത്തുവെന്ന് പറയാതെ വയ്യ. സോഷ്യൽ മീഡിയയിൽ അത്രയ്ക്കാണ് ട്രെയിലര്‍ സംഗീതം കോപ്പിയടിച്ചതിനെ കുറിച്ചുള്ള ട്രോളുകൾ.