കൊച്ചി ഇവള്‍ എന്റെ കൊച്ചി: നാട്ടിലെങ്ങും പാട്ടായി ഈ കൊച്ചിപ്പാട്ട്

കൊച്ചി പഴയ കൊച്ചിയല്ല...എന്നു പറയുന്നത് ദേ ഇതുകൊണ്ടൊക്കെയാണ്. സൗഹൃദങ്ങളുടെ ആകാശവും സ്വാതന്ത്ര്യത്തിന്റെ സൗന്ദര്യവുമാണ് കൊച്ചിയ്ക്ക്. പുതിയ തലമുറയുടെ പ്രിയ ഇടങ്ങളിലൊന്നായി കൊച്ചി മാറിയതും അതുകൊണ്ടാണ്. ആ നാടിന് അവർ ഒരുപാട് സമ്മാനം നൽകിയിട്ടുണ്ട്. ഈ മ്യൂസിക് ആൽബം അതിലൊന്നാണ്.



ഇവൾ എന്റെ കൊച്ചി എന്ന പാട്ട് കൊച്ചീലെ ഫ്രീക്കൻമാരും ഫ്രീക്കത്തികളും മാത്രമല്ല, ലോകമെമ്പാടുമുള്ള മലയാളികൾ ഏറ്റെടുക്കുകയാണ്. അല്ലെങ്കിലും നമ്മുടെ കേരളത്തിലെ ഏത് നാടിനെ കുറിച്ചുള്ള പാട്ടായാലും കഥയായാലും സിനിമയായാലും അതിനെ കുറിച്ചറിയാൻ നമുക്കൊരുപാട് കൗതുകമുണ്ടാകുമല്ലോ.




അജിത് മാത്യുവിന്റേതാണ് വരികളും സംഗീതവും. പാടിയത് അരുൺ ആലാട്ടും സിദ്ധാർഥ് മേനോനും ചേർന്ന്. കൊച്ചിയുടെ യുവാക്കളുടെ മനോഭാവവും അവിടത്തെ റോഡിന്റെ തിരക്കും പാതകളുടെ രാത്രി ഭംഗിയും കലൂർ സ്റ്റേഡിയത്തിലെ ത്രില്ലും നഗരപാതകളിലെ ചുവരുകളിലെ നിറങ്ങളും മറൈൻ ഡ്രൈവില്‍ കിട്ടുന്ന ഉപ്പിലിട്ട കൈതച്ചക്കയും തുടങ്ങി കൊച്ചിയുടെ എല്ലാ തലങ്ങളും പാട്ടിലുണ്ട്. കൊച്ചിയെന്ന നാടിന്റെ ഉത്സാഹവും ആവേശവും എല്ലാം ഉൾക്കൊള്ളുന്ന പാട്ടിന്റെ വരികൾക്കും ഈണത്തിനും അത്രതന്നെ വൈവിധ്യമുണ്ട്.