കാളിദാസിനെ പോലെ പൂമരം പാട്ടു പാടി കുഞ്ഞു മിടുക്കൻ

സ്വന്തം ദേഹത്തേക്കാൾ വലിപ്പമുണ്ട് ആ ഗിത്താറിന്. എന്നാലും കക്ഷി തന്നെക്കൊണ്ടു കഴിയാവുന്നതിന്റെ പരമാവധി ശ്രമമാണു നടത്തിയത്. അതു വിജയിക്കുകയും ചെയ്തു. കാളിദാസ് ജയറാമിനെ പോലെ ഗിത്താറും കയ്യിൽ പിടിച്ച് പൂമരം പാട്ടുപാടിയ കുട്ടിയുടെ വിഡിയോ എല്ലാവർക്കും ഇഷ്ടമായി. ഐസിൻ ഹാഷ് എന്നാണീ കുഞ്ഞു മിടുക്കന്റെ പേര്. പാട്ടിന്റെ കുറച്ചു വരികളേ പാടുന്നുള്ളൂവെങ്കിലും തൊപ്പിയൊക്കെ അണിഞ്ഞ് ഗിത്താറും മീട്ടി തന്റേതായ ശൈലിയില്‍ നീട്ടിയും കുറുക്കിയും ഈ നാലു വയസുകാരൻ പാട്ടു പാടുന്നതു കേൾക്കാൻ ഒത്തിരി രസമാണ്. ഐസിൻ ഹാഷിന്റെ ഉച്ഛാരണ രീതിയും ഗംഭീരമാണ്. 

കാളിദാസ് ജയറാം പാടിയഭിനയിച്ച പൂമരം പാട്ട് കേട്ടു കേട്ടു നമുക്കിനിയും മതിയായിട്ടില്ല. എണ്ണിയാലൊടുങ്ങാത്ത വിഡിയോകളാണ് പൂമരം പാട്ടിനെ ആസ്പദമാക്കി പുറത്തിറങ്ങിയത്. രസകരമായ വരികളും എളുപ്പം ഏറ്റുപാടാൻ കഴിയുന്ന സംഗീതവുമുള്ളതു കൊണ്ടു തന്നെ എല്ലാവർക്കും, പ്രത്യേകിച്ച് കുട്ടികൾക്കും പ്രിയപ്പെട്ടതായി ഈ ഗാനം. ഫൈസൽ റാസിയാണ് പാട്ട് ചിട്ടപ്പെടുത്തി പാടിയത്. വരികൾ ആശാൻ ബാബുവും ദയാൽ സിങും ചേർന്നാണ് എഴുതിയത്. പൂമരം എന്ന ചിത്രം എബ്രിഡ് ഷൈൻ ആണു സംവിധാനം ചെയ്തത്.