മോഹൻലാലിനോട് പരിഭവമുണ്ട്, പക്ഷേ ബ്ലോഗ് എഴുതിയതിനല്ല

500,1000 രൂപ കറൻസികൾ പിൻവലിച്ച നടപടിയെ അനുകൂലിച്ച് നടൻ മോഹൻലാൽ എഴുതിയ ബ്ലോഗ് വൻ വിമർശനമാണു നേരിടുന്നത്. സിനിമാ-രാഷ്ട്രീയ സാഹിത്യ രംഗത്തെ പ്രമുഖർ ഇതിനെതിരെ പ്രതികരിക്കുന്നുവെന്ന വാർത്തകൾക്കിടയിലാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മോഹൻലാലിനെതിരെ എന്ന ത‌ലക്കെട്ടിൽ മറ്റൊരു വാർത്ത പ്രത്യക്ഷപ്പെട്ടത്. ഇൗ വിഷയത്തിലല്ലായിരുന്നിട്ടു കൂടി ബ്ലോഗ് ഉയർത്തിയ വിമർശന കൊടുങ്കാറ്റിന്റെ ഭാഗമായിപ്പോയി കൈതപ്രത്തിന്റെ പ്രതികരണവും. സത്യാവസ്ഥയെക്കുറിച്ച് കൈതപ്രം മനോരമ ഒാൺലൈനിനോട് പറയുന്നു...

ഞാൻ പറഞ്ഞതിനെ വലിയൊരു പ്രശ്നമായോ പരാതിയായോ കാണേണ്ടതില്ല. അതൊരു ചെറിയ പരിഭവം മാത്രമാണ്. ഒന്നു ഫോൺ ചെയ്താൽ തീരാവുന്ന പ്രശ്നമേയുള്ളൂ അത്. ഈ പരാമർശനത്തിനു മറ്റൊന്നുമായും ബന്ധമില്ല. മോഹൻലാൽ അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ സംവിധായകൻ കൂടിയായ പ്രശാന്ത് നാരായണനെ അനുമോദിപ്പിക്കാൻ കോഴിക്കോട് സംഘടിപ്പിച്ച ചടങ്ങായിരുന്നു അത്. അവിടെ സംസാരിക്കുന്നതിനിടയിലാണ് മോഹൻലാലിനെ കുറിച്ച് ഇങ്ങനെ പറഞ്ഞത്. ഒരു ചെറിയ പരിഭവം. അത്രയേയുള്ളൂ. 

ഫോട്ടോഗ്രാഫർ സിനിമയുടെ ഷൂ‌ട്ടിങ് കോഴിക്കോട്ടെ എന്റെ വീടിനടുത്തായിരുന്നു. അതുവരെ വന്നിട്ടും വീട്ടിലൊന്നു കയറിയില്ല മോഹൻലാൽ. എത്തുമെന്ന് പ്രതീക്ഷിച്ചു. അദ്ദേഹത്തിന്റെ ഒട്ടേറെ സിനിമകൾക്കായി ഞാൻ പാട്ടെഴുതിയിട്ടുണ്ട്. ഒരു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹം അദ്ദേഹത്തിന്റെ സുഹൃത്തുകളോടൊക്കെ വളരെ അടുപ്പത്തോടെയാണ് പെരുമാറുന്നത്. ഒരുപക്ഷേ എന്നെ അദ്ദേഹം ഒരു സുഹൃത്തായി എന്നെ കണക്കാക്കുന്നുണ്ടാകില്ല. എനിക്ക് അദ്ദേഹത്തോട് അന്നും ഇന്നും സ്നേഹമേയുളളൂ. മഹാനായ നടനാണ് അദ്ദേഹം. 

അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ സംസാരിച്ചപ്പോൾ ഒരു കാര്യം ഓർത്തു പറഞ്ഞു, പങ്കുവച്ചു എന്നേയുള്ളൂ. അല്ലാതെ അതിൽ മറ്റൊർഥം കാണേണ്ടതില്ല. വിമർശിച്ചതോ കുറ്റപ്പെടുത്തിയതോ അല്ല. ഒരു ചെറിയ പരിഭവം അത്രയേയുള്ളൂ. ഒരുപക്ഷേ നാളെയൊന്നു കണ്ടു സംസാരിച്ചാൽ തീരാവുന്നത്രയും കുഞ്ഞു പരിഭവം. ഒരു വേദിയിൽ സംസാരിക്കുന്നതിനിടയ്ക്കു പറഞ്ഞുവെന്നേയുള്ളൂ. ഒരു വിവാദത്തിനോ ഒന്നും വേണ്ടിയല്ല അത്. ഇപ്പോൾ വ്യക്തമാക്കിയ കാര്യങ്ങളിലൂടെ അതെല്ലാം കെട്ടടങ്ങുമെന്ന് വിശ്വസിക്കുന്നു. കൈതപ്രം ‌ പറഞ്ഞു. 

എനിക്ക് ഇപ്പോഴും അത്ഭുതം തോന്നിയിട്ടുള്ളൊരു കാര്യം, ഞാൻ ലാലിന്റെ മുപ്പത് പടത്തിലെങ്കിലും വർക്ക് ചെയ്തിട്ടുള്ളൊരാളാണ്. എന്നിട്ടും ഇന്നുവരെ എന്നെ ഫോൺ ചെയ്യാത്തൊരാളാണ്. എന്റെ വീടിനടുത്ത് ഒരു സിനിമയുടെ മൊത്തം ഷൂ‌ട്ടിങ് ഉള്ള സമയത്തും എന്റെ വീട്ടിൽ കയറാത്ത ആളാണ്. ഞാനും ലാലും തമ്മിൽ ഒരു പ്രശ്നവുമില്ല. അത്രയ്ക്കു വലിയ താരമാണ്...എന്നിങ്ങനെയായിരുന്നു കൈതപ്രത്തിന്റെ പ്രസംഗം. ഈ സംഭാഷണമാണ് വാർത്തയായതും.