അമേരിക്കൻ പ്രസിഡന്റാകാൻ സംഗീതജ്ഞനും

കാൻയെ വെസ്റ്റ്

അമേരിക്കൻ പ്രസിഡന്റ് പദവിയിലേയ്‌ക്കെത്താൻ പോപ്പ് ലോകത്ത് നിന്ന് കാൻയെ വെസ്റ്റും. 2020 ൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് പോപ്പ് താരം കാൻയെ വെസ്റ്റ്. കഴിഞ്ഞ ദിവസം നടന്ന എംടിവി വിഎംഎ പുരസ്‌കാരദാന ചടങ്ങിലാണ് കാൻയെ വെസ്റ്റ് തന്റെ ഉദ്ദ്യേശം വ്യക്തമാക്കിയത്. വിഎംഎയിലെ മൈക്കിൾ ജാക്‌സൺ വിഡിയോ വാൻഗാർഡ് പുരസ്‌കാരം കരസ്ഥമാക്കി നടത്തിയ പ്രസംഗത്തിലൂടെയാണ് 2020 ലെ തിരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർഥിത്വം വെസ്റ്റ് പ്രഖ്യാപിച്ചത്.

അമേരിക്കൻ റാപ്പറും, പാട്ടെഴുത്തുകാരനും, നിർമാതാവുമായ വെസ്റ്റ് 2004ൽ പുറത്തിറങ്ങിയ കോളേജ് ഡ്രോപ്പ്ഔട്ട് എന്ന ആൽബത്തിലൂടെയാണ് പ്രശസ്തനാവുന്നത്. ലേറ്റ് റജിസ്‌ട്രേഷൻ, ഗ്രാജുവേഷൻ, മൈ ബ്യൂട്ടിഫുൾ ഡാർക്ക് ട്വിസ്റ്റഡ് ഫാന്റസി, വാച്ച് ദ ത്രോൺ, യീസസ് തുടങ്ങിയ ഹിറ്റ് ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഫോബ്‌സ് മാസിക നടത്തിയ സർവ്വേയിൽ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാൾ, എക്കാലത്തെയും മികച്ച 500 ആൽബങ്ങളിൽ മൂന്ന് ആൽബങ്ങളുള്ള ആൾ എന്നീ നിലകളിലെല്ലാം പ്രശസ്തനായ കാൻയെ വെസ്റ്റിന് അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം 2 പ്രാവശ്യവും, ബിൽബോർഡ് സംഗീത പുരസ്‌കാരം നാല് പ്രാവശ്യവും, ഗ്രാമി പുരസ്‌കാരം 21 പ്രാവശ്യവും ലഭിച്ചിട്ടുണ്ട്.

സംഗീത ലോകത്ത് മാത്രമല്ല ഫാഷൻ ലോകത്തും പ്രശസ്തനാണ് കാൻയെ വെസ്റ്റ്. 2005 മുതൽ ഫാഷൻ ലോകത്ത് സജീവമായ വെസ്റ്റ് നിരവധി ഷോകളും നടത്തിയിട്ടുണ്ട്. അഡിഡാസ്, നൈക്ക് എന്നീ പ്രമുഖ ബ്രാന്റുകളുമായി സഹകരിച്ചിട്ടുള്ള താരം രൂപകൽപ്പന ചെയ്ത വസ്ത്രങ്ങളെല്ലാം ലോകപ്രസിദ്ധമാണ്.