നൂറ് കോടി വ്യൂസ് പിന്നിട്ട് രണ്ട് ഗാനങ്ങൾ

നൂറ് കോടി കാണികളെ പിന്നിട്ട ഡാർക്ക് ഹോഴ്‌സിന് പിന്നാലെ കാറ്റി പെറിയുടെ മറ്റൊരു ഗാനം റോറും വിവോയിൽ നൂറ് കോടി കാണികളെ നേടിയിരിക്കുകയാണ്. ഇതോടെ വിവോയുടെ ചരിത്രത്തിൽ തന്നെ നൂറ് കോടി പിന്നിടുന്ന രണ്ട് ഗാനങ്ങളുള്ള ആദ്യ പോപ്പ് താരമായി മാറി കാറ്റി പെറി. നൂറ് കോടി പിന്നിട്ട ആദ്യ വനിതാതാരമായ പെറിയുടെ റോർ നൂറ് കോടി പിന്നിടുന്ന അഞ്ചാമത്തെ ഗാനമാണ്. സൈയുടെ ഗന്നം സ്റ്റൈൽ, ജസ്റ്റിൽ ബീബറുടെ ബേബി, കാറ്റി പെറിയുടെ തന്നെ ഡാർക്ക് ഹോഴ്‌സ്, ടെയ്‌ലർ സ്വിഫ്റ്റിന്റെ ബ്ലാങ്ക് സ്‌പെയ്‌സ് തുടങ്ങിയ ഗാനങ്ങളാണ് ഇതിന് മുമ്പ് നൂറ് കോടി മാർക്ക് പിന്നിട്ടത്.

പെറിയുടെ ഗാനം റോസ് നൂറ് കോടി പിന്നിട്ട വിവരം മ്യൂസിക്ക് സ്ട്രീമിങ് സൈറ്റായ വിവോയാണ് തങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ പുറത്തുവിട്ടത്. പെറിയുടെ നാലാമത്തെ സ്റ്റുഡിയോ ആൽബം പ്രിസത്തിലെ ഗാനമാണ് റോർ. വിമാനാപകടത്തിൽ കാട്ടിൽ അകപ്പെടുന്ന പെറി അവിടുത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്നതാണ് ഗാനത്തിന്റെ ഇതിവൃത്തം.

2013 ൽ പുറത്തിറങ്ങിയ ഗാനം അക്കൊല്ലത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. റോറിന്റെ വിഡിയോ 2013 സെപ്റ്റംബറിലാണ് പുറത്തിറങ്ങുന്നത്. 2014 ൽ ഏറ്റവും അധികം ആളുകൾ യൂട്യൂബിലൂടെ കണ്ട വിഡിയോയായിരുന്നു റോർ. ബിൽബോർഡ് ഹോട്ട് 100 പട്ടികയിൽ വളരെക്കാലം മുന്നിൽ നിന്ന ഗാനത്തിന്റെ 1 കോടി പതിപ്പകളാണ് ലോകത്താകെമാനം വിറ്റിട്ടുള്ളത്. ലോകത്ത് 92 രാജ്യങ്ങളിലെ ഹിറ്റ് ചാർട്ടുകളിൽ റോർ ഇടം പിടിച്ചിട്ടുണ്ട്.

ട്വിറ്ററിൽ എറ്റവുമധികം ആരാധകരുള്ള പോപ്പ് താരമാണ് കാറ്റി പെറി. 2011, 2012, 2013 വർഷങ്ങളിൽ ഏറ്റവും അധികം വരുമാനമുള്ള വനിതാ പോപ്പ് താരവും കാറ്റി പെറി ആയിരുന്നു. കാറ്റി ഹഡ്‌സൺ(2001), വൺ ഓഫ് ദ ബോയ്‌സ്(2008), ടീനേജ് ഡ്രീംസ് (2010), പ്രിസം(2013) എന്നിങ്ങനെ നാല് സ്റ്റുഡിയോ ആൽബങ്ങൾ താരം ഇതുവരെ പുറത്തിറക്കിയിട്ടുണ്ട്. അമേരിക്കൻ മ്യൂസിക്ക് പുരസ്‌കാരം രണ്ട് പ്രാവശ്യവും, ബിൽബോർഡ് പുരസ്‌കാരം നാല് പ്രാവശ്യവും, ബ്രിറ്റ് പുരസ്‌കാരം ഒരു വട്ടവും കാറ്റി പെറിയെ തേടി എത്തിയിട്ടുണ്ട്.