ജെല്ലിക്കെട്ടിനായി ആർപ്പുവിളിച്ച് ഒരു വിഡിയോ

ആവേശത്തിന്റെ കൊടുമുടിയിലേക്ക് മനസുകളെകൊണ്ടു പോയ ജെല്ലിക്കെട്ടെന്ന ഉത്സവം ഇന്നൊരു നിദ്രയിലാണ്. നിയമത്തിന്റെ വിലക്കുകൾക്കു മുൻപിൽ. മൃഗസംരക്ഷണ നിയമത്തിൽ തട്ടി നിന്നുപോയ ഈ ഉല്‍സവത്തിന്റെ ആത്മാംശം പക്ഷേ ജനമനസുകളിൽ നിന്ന് മായുന്നേയില്ല. ജെല്ലിക്കെട്ടിനെ തിരികെയെത്തിക്കണമെന്നുള്ള വാദങ്ങളും, മറിച്ച്,  അത് ക്രൂരമായ ആഘോഷമാണെന്ന വാദവും ശക്തമാണ്. ജെല്ലിക്കെട്ട് തിരിച്ചു വരുമോ ഇല്ലയോ എന്നൊന്നുമറിയില്ല. പക്ഷേ ഈ പാട്ട്, ഇന്നലെകളിൽ കണ്ട ഈ ഉത്സവത്തിനായാണ് ചെയ്യപ്പെട്ടിട്ടുള്ളത്. 

ആദിത്യ രാമചന്ദ്രൻ വെങ്കടപതിയും ജീവ ആറും ചേർന്ന ഹിപ്ഹോപ് തമിഴ തയ്യാറാക്കിയ ഈ പാട്ടുചിത്രം പ്രൊഫഷണലിസവും ക്രിയാത്മകതയും ഒന്നുചേർന്നൊരു മനോഹരമായ സ‍ൃഷ്ടിയാണ്. മൂന്നു ദിവസംകൊണ്ട് എട്ടുലക്ഷത്തോളം പ്രാവശ്യമാണ് യുട്യൂബ് വഴി ആളുകൾ ഈ പാട്ട് കണ്ടത്. മണ്ണിൽ കൊമ്പ് ആഞ്ഞുകുത്തി ആകാശത്ത് പൊടിപാറിക്കുന്ന കാളക്കുട്ടന്റെ വീര്യം പോലെ തീവ്രവും കാവ്യാത്മകവുമായ പാട്ടിനു ദൃശ്യങ്ങളൊരുക്കിയത് കിരൺ കൗശിക് ആണ്. സംവിധാനം ഹിപ്ഹോപ് തമിഴയ്ക്കൊപ്പം ദേവേഷ് ജയചന്ദ്രനും ചേർന്നാണ് ചെയ്തത്. 

ഒൻപതു മിനുട്ടുള്ള വിഡിയോ ഒരു മ്യൂസികൽ ആൽബം മാത്രമല്ല, ജെല്ലിക്കെട്ട് നിരോധനത്തിലെ ശരികേടിനേയും ഈ ഉത്സവത്തിനു പിന്നിലുള്ള ശാസ്ത്രീയ വശത്തേയും പരിചയപ്പെടുത്തുകയെന്നതാണ് വിഡിയോ കൊണ്ടുദ്ദേശിച്ചതെന്ന് സംവിധായകരിലൊരാളായ ആദിത്യ പറയുന്നു. 

വിഡിയോയ്ക്ക് ജനശ്രദ്ധ കിട്ടിയെങ്കിലും മൃഗസ്നേഹികളുടെ അപ്രീതിയും വിമര്‍ശനും നേരിടേണ്ടി വരികയാണ്. ഇതെന്തുമാത്രം ക്രൂരമായൊരു ആചാരമാണെന്നും അത് മൃഗങ്ങളെ എത്രത്തോളം മൃഗീയമായാണ് കൈകാര്യം ചെയ്യുന്നതെന്നുമുള്ളത് വിഡിയോയിൽ തന്നെ വ്യക്തമാണെന്ന് പീപ്പിൾ ഫോർ എത്തിക്കല്‌ ട്രീറ്റ്മെന്റ് ഓഫ് ആനിമലിലെ ഭുവനേശ്വരി ദേവി പറഞ്ഞു. കാളകളെ ക്രൂരമായി തല്ലിയും അതിന്റെ മൂക്കിലൂടെ കയർ കടത്തിവിട്ട് അതിലൂടെ കഠിനബലപ്രയോഗം നടത്തുന്നതും വ്യക്തമാണ്. അക്രമാസക്തനായ കാളയെയാണ് ജനക്കൂട്ടത്തിനിടയിലേക്കിറക്കി വിടുന്നത്. എത്രയോ ആളുകൾക്ക് ഇതുകാരണം പരുക്കേറ്റിരിക്കുന്നു. എത്രയോ പേർ മരണത്തിലേക്കു പോയിരിക്കുന്നു. ഇങ്ങനെ മൃഗങ്ങളിൽ കഠിനവേദനയുണ്ടാക്കി ഉത്സവമാഘോഷിക്കുന്നത് തമിഴിന്റെ സംസ്കാരത്തിനു ചേർന്നതല്ലെന്നും അവർ പറഞ്ഞു. 

പാട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങളുയരുമ്പോഴും ദൃശ്യഭംഗിയും അവതരണവും പാട്ടിന്റെ താളവുംകൊണ്ട് യുട്യൂബിൽ വ്യത്യസ്തമാകുകയാണ് ഈ ഗാനം.