പാടാമൊന്നായ്, ‘നല്ലപാട്ട് ’

നല്ലപാഠം മുദ്രാഗാനത്തിന്റെ പ്രകാശനം ചെന്നൈയിൽ കേരള വിദ്യാലയം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കു നൽകി ഉത്തര ഉണ്ണിക്കൃഷ്‌ണൻ നിർവഹിക്കുന്നു.

കേരളത്തിലെ സ്കൂൾ വിദ്യാർഥികൾ നന്മയുടെ പുതു പാഠങ്ങൾ രചിക്കുന്ന മനോരമ ‘നല്ല പാഠം’ പദ്ധതിക്ക് ഇനി മുദ്രാഗാനവും. നല്ല പാഠം ‘നല്ല പാട്ട്’ മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയ ഉത്തര ഉണ്ണിക്കൃഷ്ണൻ ചെന്നൈയിൽ പ്രകാശനം ചെയ്തു.

റഫീഖ് അഹമ്മദ് രചിച്ച്, ബിജിബാൽ സംഗീതം നൽകിയ ‘നല്ലപാട്ടി’നു ദൃശ്യാവിഷ്കാരം ഒരുക്കിയത് മനോരമ ന്യൂസ് ചാനൽ ടീം. ബിജിബാലിന്റെ മകൻ ദേവദത്ത് ആണു പാടിയത്. കേരളത്തിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികളും പാട്ടിന്റെ ദൃശ്യാവിഷ്കാരത്തിൽ പങ്കാളികളായി.

പാട്ട് കാണാനും കേൾക്കാനും ഡൗൺലോഡ് ചെയ്യാനും www.manoramaonline.com/nallapaadam സന്ദർശിക്കാം. യൂട്യൂബിലും ലഭ്യമാണ്.

ഉത്തരയ്ക്ക് അവർ ഒരുക്കി, പാട്ടിന്റെ സർപ്രൈസ്

ചെന്നൈ∙ നല്ല പാട്ടിന്റെ പ്രകാശനത്തിനായി ഉത്തര ഉണ്ണിക്കൃഷ്ണൻ എത്തിയപ്പോൾ ചെന്നൈ മദിരാശി കേരള വിദ്യാലയത്തിലെ കുട്ടികൾ ഒരു സർപ്രൈസ് ഒരുക്കിയിരുന്നു - ഉത്തരയ്ക്കു ദേശീയ അവാർഡ് നേടിക്കൊടുത്ത ‘അഴകേ...’ എന്ന പാട്ട് കുട്ടികൾ ഒരുമിച്ചു ചേർന്നു പാടി! കൊച്ചു കൂട്ടുകാരുടെ സ്നേഹ സൗഹൃദത്തിനു മറ്റൊരു ഗാനത്തിലൂടെ ഉത്തര മറുപടിയും നൽകി.

കൂട്ടുകാർക്കു കൈ നിറയെ മിഠായികളുമായാണ് ഉത്തര വിദ്യാലയത്തിലെത്തിയത്. ഉത്തരയെ കാണാനും നല്ല പാഠം പാട്ടു കേൾക്കാനും കാത്തിരിക്കുകയായിരുന്നു വിദ്യാർഥികളും. ദേശീയ പുരസ്കാരം നേടിയ ശേഷം ആദ്യമായാണ് ഉത്തര ഒരു സ്കൂളിൽ നടന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. കൂട്ടുകാർക്കൊപ്പം സൗഹൃദം പങ്കിട്ടു മടങ്ങുമ്പോൾ ഒരു പെട്ടി നിറയെ ചോ‌ക്‌ലറ്റും മനസു നിറയെ സ്നേഹവും നൽകിയാണ് അവർ ഉത്തരയെ യാത്രയാക്കിയത്.

മദിരാശി കേരള സമാജം ജനറൽ സെക്രട്ടറി കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണൻ, കേരള വിദ്യാലയം ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ എം. സതീഷ്, പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് പി. ഗീത പങ്കെടുത്തു.

നല്ല പാട്ട് ഡൗൺലോഡ് ചെയ്യാൻ

www.manoramaonline.com/nallapaadam സന്ദർശിച്ച് പാട്ടിന്റെ വിഡിയോ തുറന്നശേഷം play/pause ബട്ടണിൽ റൈറ്റ് ക്ലിക്ക് ചെയ്ത് പാട്ട് എംപി3 ഫയൽ ആയി സേവ് ചെയ്യാം.