ഓർമ്മകളിലേക്ക് തിരികെ വിളിക്കുന്ന 'ഇടം'

അടുത്തിടെ ഇറങ്ങിയ മലയാളം ആൽബങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ് 'ഇടം'. സിനിമ മനസ്സിൽ കൊണ്ട് നടക്കുന്ന വിവേക് കൃഷ്ണ എന്ന യുവപ്രതിഭയാണ് ഇതു സംവിധാനം ചെയ്തിരിക്കുന്നത്. ആശയവും വിവേകിന്റെ തന്നെ.

മനോഹരമായ ദൃശ്യങ്ങളാണ് ഈ ഗാനത്തിൽ ഉള്ളത്. ഗാനത്തിന്റെ മൂഡ്‌ ഉടനീളം നിലനിർത്തുന്ന രീതിയിൽ ഇതിലെ ദൃശ്യങ്ങൾ പകർത്തിയത് ചെന്നൈ സ്വദേശിയായ സഗ ദേവ് ആണ്. പ്രശസ്ത ഛായാഗ്രാഹകൻ  മധു അമ്പാട്ടിന്റെ അസോസിയേറ്റ് ആയി ജോലി ചെയ്തിട്ടുള്ള ആളാണ്‌ സഗ.

സരളമായ വരികൾ കൊണ്ട് പ്രണയത്തെയും വിരഹത്തെയും മനോഹരമായി വരച്ചിടുകയാണ് വിശാൽ ജോൺസൺ. ആദ്യകേൾവിയിൽ തന്നെ ഹൃദയത്തിലേക്ക് ഇഴുകി ചേരുന്ന ഹൃദ്യമായ വരികളെഴുതിയ ഈ കലാകാരൻ തന്നെയാണ് ദേശീയ അംഗീകാരം ലഭിച്ച സിദ്ധാര്‍ത്ഥ ശിവയുടെ ഐൻ എന്ന ചിത്രത്തിലെയും പാട്ടുകൾക്ക് തൂലിക ചലിപ്പിച്ചത്.

ഇരുപത് വർഷത്തോളം സംഗീതം അഭ്യസിച്ച അനുഭവവുമായാണ് വിഷ്ണു ആർ മേനോൻ ഈ ഗാനത്തിന്റെ സംഗീതം ചെയ്യാൻ എത്തുന്നത്. മനോഹരമായ വരികളുടെ ഭാവം ഒട്ടും ചോർന്നു പോകാതെ തന്നെ പാട്ടിനു ഈണം നല്കാൻ സാധിച്ചു അദ്ദേഹത്തിന്. വിശാലും വിഷ്ണുവും ചേർന്നൊരുക്കിയ ഗാനത്തിന്റെ സത്തയൊട്ടും ചോരാതെ തന്നെ ആലപിച്ചിരിക്കുന്നത് എം ആർ കപിലൻ ആണ്. ആൽബത്തിൽ അഭിനയിച്ച പോൾ ബേബിയും മറീന മൈക്കിൾ കുരിശിങ്കലും മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്.