10 ലക്ഷത്തിന്റെ മാറ്റുമായി പി.ജയചന്ദ്രൻ ഗാനം

ഓൾഡ് ഈസ് ഗോൾഡ് എന്നു പറയുന്നത് എത്ര ശരിയാണ്. പഴയ കാലത്തെ കുറിച്ച്, പ്രത്യേകിച്ച് പ്രണയത്തെ കുറിച്ച്, പാടുന്നതും വായിക്കുന്നതും കേൾക്കുന്നതുമെല്ലാം ആസ്വദിക്കുവാൻ നമുക്കെന്നും ഇഷ്ടമുള്ള കാര്യമാണ്. പി.ജയചന്ദ്രൻ പാടിയ പാ.വ എന്ന ചിത്രത്തിലെ പൊടിമീശ മുളയ്ക്കണ കാലം എന്ന പാട്ടും ഇത്രയേറെ ഇഷ്ടപ്പെട്ടതും ഇതുകൊണ്ടു തന്നെ. ഈ ഗാനം ഇതുവരെ പത്തു ലക്ഷത്തിലധികം പ്രാവശ്യമാണു യുട്യൂബ് വഴി ആളുകൾ കണ്ടത്. അടുത്തിടെ ഇറങ്ങിയ സിനിമകളിലൂടെ കേട്ട ഏറ്റവും മികച്ച ഗാനങ്ങളിലൊന്നു കൂടിയാണിത്. 

പൊടിമീശ മുളയ്ക്കണ കാലം എന്നു തുടങ്ങുന്ന പാട്ടെഴുതിയത് സന്തോഷ് വർമയാണ്. ഇടവഴിയിൽ കാത്തു നിന്ന് പ്രണയിനിയ്ക്ക് കത്തു കൈമാറുന്ന, പള്ളിപ്പെരുന്നാളിനിടയിലെ മെഴുതിരി വെട്ടത്തിനിടയിലൂടെ അവളെ കള്ളക്കണ്ണു കൊണ്ടു നോക്കുന്ന കാമുകനും വാൽക്കണ്ണെഴുതിയ നാണം കുണുങ്ങിയായ നായികയുമൊക്കെയുള്ള പാട്ട്. വരികളിലും അതിനു പകർന്ന ദൃശ്യങ്ങളിലും പഴയ കാലം അതിന്റെ ഭംഗിയൊട്ടും ചോരാതെ ചേർന്നു നിൽക്കുന്നു. അതുകൊണ്ടാണ് ഈ ഗാനം ഏറെ ഇഷ്ടമായതും. ആനന്ദ് മധുസൂദനനാണ് കുസൃതി തുളുമ്പുന്ന ഈണം പകർന്നത്. സൂരജ് ടോം സംവിധാനം ചെയ്ത സിനിമയിലെ ഗാനം ജൂൺ 17നാണ് യുട്യൂബിലെത്തിയത്.