പൊടിമീശ മുളയ്ക്കണ കാലം...

മൊബൈൽ ഫോണും ഫേസ്ബുക്കുമൊന്നുമില്ലാത്ത പഴയകാലത്തെ പ്രണയത്തെക്കുറിച്ച് എത്രയോ രസകരമായ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. പള്ളിപ്പെരുന്നാളിന് വിൽപ്പനയ്ക്കെത്തുന്ന കുപ്പിവളയുടെ കണ്ണുകൾക്കുള്ളിലൂടെ പ്രണയിനിയെ നോക്കിയത്. മഴ പെയ്തൊഴിഞ്ഞ നാട്ടുവഴിയിൽ ഒരുപാടാഗ്രഹത്തോടെ ഒന്നു കാണാൻ കാത്തുനിന്നത്. നാടകം കാണാൻ പോകുംനേരം ഇടംകണ്ണുകൊണ്ട് നോക്കി രസിച്ചത്. ഇടവഴിയിലൂര്‍ന്നു വീണ അവളുടെ മാല നെഞ്ചോടു ചേർത്തു വച്ചത്. അങ്ങനെ എത്രയോ എത്രയോ കഥക്കൂട്ടുകൾ നമ്മൾ കേട്ടിരിക്കുന്നു. ഭാവഗായകന്റെ സ്വരഭേദത്തിൽ പിറന്ന ഈ പാട്ടിന്റെ കഥയും അത്തരത്തിലൊന്നാണ്.

പൊടിമീശ മുളയ്ക്കണ കാലം

ഇടനെഞ്ചില് ബാൻഡടി മേളം

പെരുന്നാളിന് പള്ളിയിലെത്തിയത്

എന്ത് കൊതിച്ചാണ്?

അന്ന് ആ വഴി വരവിന് കാരണമവളുടെ കരിനീലക്കണ്ണ്

എന്ന പാട്ട് പറയുന്നത് അക്കഥയാണ്. കുസൃതി നിറഞ്ഞ ഈണവും വരികളുമുള്ള ഈ പാട്ട് പാ.വ എന്ന ചിത്രത്തിലേതാണ്. സന്തോഷ് വർമയുടെ എഴുത്തിൽ, ആനന്ദ് മധുസൂദനന്‍ ഈണമിട്ട പാട്ട്. ജീവിതത്തിൽ കേട്ടതും അറിഞ്ഞതും അനുഭവിച്ചതുമായ കാര്യങ്ങളെ കൂട്ടിവച്ചെഴുതിയ പാട്ടുകൾ കേട്ടപ്പൊഴെല്ലാം അവയെ മനസിനുള്ളിനുള്ളിലങ്ങനെ ചേർത്തുവച്ചിട്ടുണ്ട് എന്നും നമ്മൾ. ഓർത്തോർത്ത് പാടിയിട്ടുമുണ്ട്. പ്രത്യേകിച്ച് പി.ജയചന്ദ്രനെ പോലെ ആത്മാവുകൊണ്ടു പാടുന്ന ഗായകരുടെ പാട്ടുകൾ. പാ.വയിലെ ഈ പാട്ടും അങ്ങനെയായേക്കും. എത്ര കേട്ടാലും വീണ്ടും വീണ്ടും കൗതുകമുണർത്തുന്ന ജയചന്ദ്രൻ ഗീതങ്ങളിലേക്ക് ഈ പാട്ടും ചേക്കേറിയേക്കും. 

മധ്യതിരുവിതാംകൂറിലെ ക്രിസ്ത്യൻ കുടുംബങ്ങളുടെ പശ്ചാത്തലത്തിലാണ് പാ.വയിലെ കഥ നടക്കുന്നത്. എൺപത് വയസുള്ള പാപ്പന്റെയും വർക്കിയുടെയും സുഹൃദ്ബന്ധത്തിന്റെ കഥ. അനൂപ് മേനോനും മുരളി ഗോപിയുമാണ് പ്രധാന വേഷങ്ങളിൽ. അജീഷ് തോമസ് രചന നിർവഹിക്കുന്ന ചിത്രം സൂരജ് ടോം ആണ് സംവിധാനം ചെയ്യുന്നത്. സഫാ എൻറർടെയ്ൻമെന്റിന്റെ ബാനറിൽ സിയാദ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്.