പുലിമുരുകൻ ഷൂട്ടിങിലെ മാസ് രംഗങ്ങളുമായി ഒറിജിനൽ സൗണ്ട് ട്രാക്ക്

പുലിമുരുകൻ സിനിമ കണ്ടതിനു ശേഷം നമ്മൾ കാത്തിരിക്കുകയായിരുന്നു ഒറിജിനൽ സൗണ്ട് ട്രാക്കിനായി. തീം സോങും പശ്ചാത്തല സംഗീതവും ഉൾപ്പെടുന്ന ഈണങ്ങൾ അത്രമാത്രം ഹരംപിടിപ്പിക്കുന്നതായിരുന്നു. ആ കാത്തിരിപ്പിന് ഇതാ അന്ത്യമായിരിക്കുന്നു. സംഗീതമൊരുക്കിയ ഗോപി സുന്ദർ തന്നെയാണു വിഡിയോയും തയ്യാറാക്കി യുട്യൂബിൽ അപ്‍ലോഡ് ചെയ്തത്. ഒറിജിനൽ സൗണ്ട് ട്രാക്കിനുള്ള അന്വേഷണങ്ങള്‍ അധികമായതോടെയാണ് വിഡിയോ ചെയ്തതെന്ന് ഗോപീ സുന്ദർ‌ മനോരമ ഓൺലൈനോടു പറഞ്ഞു. 

മുരുകാ മുരുകാ പുലിമുരുകാ എന്ന തീം സോങും പശ്ചാത്തല സംഗീതവുമുൾപ്പെടുന്ന വിഡിയോയാണിത്. മോഹന്‍ലാലിന്റെ മാത്രമല്ല, സിനിമയിലെ എല്ലാ താരങ്ങളുടെയും ഏറ്റവും സാഹസികമായ രംഗങ്ങൾ ചിത്രീകരിച്ച രീതികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള രസകരമായ വിഡിയോയാണിത്. 

ഗോപീ സുന്ദർ ഈണമിട്ട പാട്ടുകൾക്കും മികച്ച പ്രതികരണമാണു പ്രേക്ഷകരിൽ നിന്നു ലഭിച്ചത്. കെ.ജെ യേശുദാസും കെ.എസ് ചിത്രയും ചേര്‍ന്നു പാടിയ മെലഡിയും വാണീ ജയറാം ആലപിച്ച ഒരു താരാട്ടു പാട്ടുമാണു സിനിമയിലുള്ളത്.