ആർ ഡി ബർമന് ഗൂഗിളിന്റെ ആദരം

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച സംഗീത സംവിധായകന്‍ ആർ ഡി ബർമന് ഗൂഗിളിന്റെ ആദരം. ബോളിവുഡും ഇന്ത്യയും സ്നേഹത്തോടെ പഞ്ചം ദാ എന്നു വിളിക്കുന്ന രാഹുൽ ദേവ് ബർമന്റെ എഴുപത്തിയേഴാം ജന്മദിനമാണ് ഇന്ന്. ഗൂഗിൾ ഡൂഡിലിലൂടെയാണ് ഇതിഹാസ സംഗീതജ്ഞന് തങ്ങളുടെ സ്നേഹാശംസകൾ അർപ്പിച്ചത്. മ്യൂസികൽ നോട്സും, അദ്ദേഹം സംഗീതം നൽകിയ ബോളിവുഡ് ചിത്രങ്ങളുടെ പോസ്റ്ററുകളുടെയും പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ ആർ.ഡി ബർമൻ പുഞ്ചിരി തൂകുന്നു.

സച്ചിൻ ദേവ് ബർ‌മനെന്ന സംഗീതജ്ഞന്റെയും മീര ദേവ് ബർമനെന്ന എഴുത്തുകാരിയുടെയും മകനായി കൊൽക്കത്തയിലാണ് ആർ.ഡി ബർമന്റെ ജനനം. 1961ൽ ഛോട്ടേ നവാബ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സ്വതന്ത്ര സംഗീത സംവിധായകനായി ബർമൻ അരങ്ങേറ്റം കുറിക്കുന്നത്. രാജേഷ് ഖന്ന ചിത്രങ്ങളിലെ കിഷോർ കുമാർ പാട്ടുകൾക്ക് ഈണമിട്ടതോടെയാണ് ബർമൻ ശ്രദ്ധ നേടുന്നത്. മൂന്നു പ്രാവശ്യം ഫിലിം ഫെയർ പുരസ്കാരവും നേടി. ഷോലെ, യാദോൻ കി ഭാരത്, മസൂം തുടങ്ങി 330ലധികം സിനിമകൾക്ക് ഈണമൊരുക്കി ബർമൻ. ഗായിക ആശാ ഭോസ്‍ലേയാണ് ഭാര്യ.