തൃശൂരിനെ പ്രണയിച്ച പാട്ടുകാരി

2013-ല്‍ ജന്മനാടായ തൃശൂരില്‍ ‘ദേവാങ്കണം’ എന്ന പേരില്‍ മലയാള ചലച്ചിത്ര കുടുംബം ജോണ്‍സനു സംഗീതാജ്ഞലി അര്‍പ്പിച്ചപ്പോള്‍ പിന്നണിയില്‍ മകള്‍ ഷാന്‍ ജോണ്‍സനുമുണ്ടായിരുന്നു. ജോണ്‍സന്‍ ഈണമിട്ട ഭരതന്‍റെ പാളങ്ങളിലെ ‘ഏതോ ജന്മകല്‍പ്പനയില്‍’ ഗാനമാണ് അന്ന് ഷാന്‍ ആലപ്പിച്ചത്. ജോണ്‍സന്‍റെ സഹോദരന്‍ ചാക്കോയും സംഗീത സംവിധായകന്‍ ഔസേപ്പച്ചനുമാണ് അന്ന് ഷാനിനെ പാടാന്‍ പ്രോത്സാഹിപ്പിച്ചതും പാട്ട് തിരഞ്ഞെടുത്ത് നല്‍കിയതും. ‘ദേവാങ്കണ’ത്തിന്‍റെ റിഹേഴ്സല്‍ തിരക്കുകള്‍ക്കിടയിലാണ് ഷാന്‍ തൃശൂരുമായിട്ടുള്ള ആത്മബന്ധം പങ്കുവച്ചത്. 

അന്ന് ഷാന്‍ തൃശൂരിനെക്കുറിച്ച് ഓര്‍ത്തെടുത്തത് ഇങ്ങനെ:  ‘‘ഞാന്‍ ജനിച്ചത് കൊച്ചിയിലും വളര്‍ന്നതും പഠിച്ചതുമൊക്കെ ചെന്നൈയിലുമാണെങ്കിലും തൃശൂരുമായി വല്ലാത്തൊരു ആത്മബന്ധമുണ്ട്. എല്ലാ വര്‍ഷവും കുടുംബസമേതം തൃശൂരിലേക്കു വരുമായിരുന്നു. ചെന്നൈയില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രകള്‍ ഏറെയും കാറിലായിരുന്നു. യാത്രയ്ക്കിടെ കാര്‍ നിര്‍ത്തി ഡാഡി ക്വയര്‍ മെമ്പറായിരുന്ന നെല്ലിക്കുന്ന് പള്ളിയും പഠിച്ച സെന്‍റ് തോമസ് കോളജുമൊക്കെ കാണിച്ചുതരുമായിരുന്നു. സെന്‍റ് തോമസ് കോളജില്‍ പഠിക്കുന്ന സമയത്ത് ഡാഡി ആദ്യമായി ദേവരാജന്‍ മാസ്റ്ററെ കണ്ടതുള്‍പ്പെടെയുള്ള കഥകളും ഞങ്ങളുടെ യാത്രകളെ ധന്യമാക്കിയിരുന്നു.’’ 

അച്ഛന്‍ ജോണ്‍സനും സഹോദരന്‍ റെനിനുമൊപ്പം അപൂര്‍ണമായൊരു ഗാനം പോലെ ഷാനും വിടവാങ്ങുമ്പോള്‍ ഇനി തൃശൂരിലേക്കുള്ള യാത്രയില്‍ അമ്മ റാണി ജോണ്‍സന്‍ തനിച്ചാകും.റാണിക്കു ഇനി കൂട്ട് മരിക്കാത്ത ഓര്‍മകളും.