ചാർളിയെ വിസ്മയിപ്പിക്കാൻ ശ്രേയ പാടും

മധുര ശബ്ദംകൊണ്ടും പാടുന്ന പാട്ടുകളുടെ മനോഹാരിതകൊണ്ടും നമ്മെ വിസ്മയിപ്പിക്കുന്ന ഗായികയാണ് ശ്രേയ ഘോഷാൽ. 2007 ൽ പുറത്തിറങ്ങിയ ബിഗ് ബി മുതലിങ്ങോട്ട് ശ്രേയ മലയാള പിന്നണിഗാനരംഗത്ത് ശ്രദ്ധേയയാണ്്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ശ്രേയ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ് ദുൽഖർ സൽമാൻ നായകനാവുന്ന ചിത്രം ചാർളിയിലൂടെ. ഗോപിസുന്ദറാണ് ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഗോപിസുന്ദർ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചതാണീ കാര്യം. ഇരുവരും ചേർന്ന് നിൽക്കുന്ന ചിത്രവും ഗോപിസുന്ദർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള പ്രണയ കഥയാണ് ചാർളി. ബാംഗ്ലൂർ ഡെയ്സിലെ സൂപ്പർഹിറ്റ് ജോഡിയായിരുന്ന പാർവ്വതി മേനോനും ദുൽഖർ സൽമാനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ചാർളി. ബെസ്റ്റ് ആക്ടർ, എബിസിഡി എന്നീ ചിത്രങ്ങൾക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖറിനേയും പാർവ്വതിയേയും കൂടാതെ അപർണ്ണ ഗോപിനാഥ്, നെടുമുടി വേണു, ജോജു ജോർജ്ജ്, ചെമ്പൻ വിനോദ്, ജോയ് മാത്യു, രഞ്ജി പണിക്കർ, സുനിൽ സുഗത, രമേശ് പിഷാരടി, കല്പന, സീത, ടോവിനോ തോമസ്, ജേക്കബ് ഗ്രിഗറി, നീരജ് മാധവ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

മാർട്ടിൻ പ്രക്കാട്ടും ഉണ്ണി ആറും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഫൈൻഡിങ് സിനിമാസിന്റെ ബാനറിൽ ഷെബിൻ ബെക്കർ, ജോജു ജോർജ്, മാർട്ടിൻ പ്രക്കാട്ട് തുടങ്ങിയവർ ചേർന്നാണ് ചാർളി നിർമ്മിക്കുന്നത്. കൊച്ചി, മൂന്നാർ, ഗുജറാത്ത് എന്നിവിടങ്ങളിലായി ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം ഉടൻ ഈ വർഷം അവസാനത്തോടെ പുറത്തിറങ്ങും.

ചിത്രങ്ങൾക്കു കടപ്പാട്: ഫേസ്ബുക്ക്