വേറിട്ട ലുക്കിൽ പൃഥ്വി, പ്രണയാർദ്രമായി വേദിക

മുടിയൽപം നീട്ടി വളർത്തിയ, പ്രണയം തുടിക്കുന്ന കണ്ണുകളുള്ള പൃഥ്വിരാജ്. അഭിനയത്തികവുകൊണ്ട് അനാവശ്യ വിമർശനങ്ങളുടെ വായടപ്പിച്ച നടനിൽ നിന്ന് മറ്റൊരു സുന്ദരമായ ചിത്രം. ജെയിംസ് ആൻഡ് ആലിസ്. ഈ പാട്ടും അതുപോലെ തന്നെ. ചിത്രത്തിന്റെ ആദ്യ വിഡിയോ ഗാനം ഒറ്റ ദിവസം കൊണ്ട് നല്ലൊരു ശതമാനം കേഴ്‌വിക്കാരെ നേടിയെടുത്തു കഴിഞ്ഞു. പ്രണയാര്‍ദ്രമായ മഴപ്പാട്ടുകളേറെയിഷ്ടപ്പെടുന്നവർക്കായാണ് ജെയിംസിന്റെയും ആലിസിന്റെയും പാട്ട്. തുള്ളിക്കളിയ്ക്കുന്ന മഴയ്ക്കൊപ്പം മനസു നിറയ്ക്കുന്ന ഈണവും ദൃശ്യങ്ങളും. പാട്ടിനൊപ്പമുള്ള ദൃശ്യങ്ങളും അതിന്റെ അവതരണവും എത്ര കണ്ടാലും മതിവരില്ല. പതിഞ്ഞ സ്വരത്തിന്റെ ഭംഗി പകർന്ന് കാര്‍ത്തിക്കും അഭയാ ഹിരൺമയിയും ആണ് ഈ ഗാനം ആലപിച്ചത്.

ബി കെ ഹരിനാരായണനെഴുതിയ വരികൾക്ക് ഗോപീ സുന്ദറാണ് ഈണമിട്ടത്. ഛായാഗ്രാഹകനിൽ നിന്നാണ് സുജിത് വാസുദേവ് ജെയിംസ് ആൻ‍് ആലിസിന്റെ ഛായാഗ്രാഹകനിലേക്കെത്തുന്നത്. കാമറകൊണ്ടൊരു ചിത്രമെഴുത്തു തന്നെ നടത്തിയിട്ടുണ്ട് സുജിത് ഇവിടെയും. കടലോരങ്ങളും അവിടത്തെ മണൽത്തരിയും എങ്ങു നിന്നോ ആകാശത്തേക്ക് പാറിവന്ന നിറങ്ങളും രാത്രി മഴയിൽ മിഴി ചിമ്മുന്ന കുഞ്ഞൻ വിളക്കുകളും പിന്നെ വേദികയുടെ മനോഹരമായ ചിരിയും ചേർത്തുവച്ച് പാട്ടിനു കാഴ്ചകൾ പകർന്നു സുജിത്. ഈ പാട്ട് കേൾക്കുന്നതിനേക്കാളിഷ്ടം കാണുന്നതിനാണെന്ന് പ്രേക്ഷകർ പറയാനിടയുണ്ട്. ധാർമിക് ഫിലിംസിന്റെ ബാനറിൽ ഡോ.എസ്. സജികുമാറാണ് ചിത്രം നിർമ്മിക്കുന്നത്.