മഞ്ജു പാടിയ ഗാനം സഹപാഠിക്ക് പ്രാർഥനയായ് അർപ്പിച്ച് വിദ്യാർഥികൾ

മനോരമ ന്യൂസ് ചാനൽ സംഘടിപ്പിച്ച കാൻസർ കാംപെയിൻ കേരള കാൻ സീസൺ ടുവിലെ അവതരണ ഗാനം ഏറ്റെടുത്ത് സ്കൂൾ കുട്ടികളും. എറണാകുളം  വടുതല ഡോൺ ബോസ്കോ സ്കൂളിലെ കുട്ടികളാണ് തങ്ങളുടെ സഹപാഠിക്കുവേണ്ടി സ്കൂൾ റേഡിയോയിലൂടെ നടി മഞ്ജുവാര്യർ പാടിയ അവതരണ ഗാനം കേൾപ്പിച്ചത്. 

ആയിരത്തി നാനൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളാണ് വടുതല ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്കൂൾ. ഇവിടെ തങ്ങളുടെ സഹപാഠിക്കു സുഖമില്ല എന്നുമാത്രമേ കുട്ടികൾക്കറിയുമായിരുന്നുള്ളൂ. അപ്പോഴാണ് പ്രിൻസിപ്പളച്ഛൻ വർഗീസ് ഇടത്തിച്ചിറ ഇൗ കുട്ടിയുടെ കാര്യം പറയുന്നത്. കുട്ടിക്ക് കാൻസറാണെന്ന് അപ്പോഴാണ് എല്ലാവരും അറിയുന്നത്. എല്ലാവർക്കും അതൊരു ഷോക്കായിരുന്നു. കുട്ടിക്കായുള്ള പ്രാർഥനാ ഗാനമായാണ് ഇൗ പാട്ടിനെ ഞങ്ങൾ ഉൾക്കൊണ്ടത്. കുട്ടി ഇപ്പോൾ ആർസിസിയിൽ ചികിത്സയിലാണ്. കുട്ടികൾക്ക് ഇൗ ഗാനം വളരെ ആവേശവും ആന്ദവും നൽകി. സ്കൂളിലെ അധ്യാപികയായ ബിന്ദു ടീച്ചർ പറഞ്ഞു. 

രതീഷ് വേഗയാണ് ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത്. ഒരു ലക്ഷത്തിലേറെ ആളുകൾ യൂ ട്യൂബിലൂടെ ഗാനം കണ്ടു കഴിഞ്ഞു. നവംബർ 20നായിരുന്നു ഗാനം കേരള കാനിന്റെ മൂന്നുമണിക്കൂർ നീണ്ട ലൈവത്തോണിലൂടെ ‌അവതരിപ്പിച്ചത്. ഗാനം ഹൃദയത്തിൽ തട്ടിയെന്ന് ജിഷ്ണുവിന്റെ ഭാര്യ ധന്യ പറഞ്ഞിരുന്നു.