Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെയുമുണ്ട് പ്രണയം: വേറിട്ട ആവിഷ്കാരവുമായി തിരയായ്

Thirayai-music-video

ഈ ഭൂമി ഉണ്ടായ അന്നുതൊട്ടേ പ്രണയവുമുണ്ട്. ഉയിരിന്റെ ഉണർവും നോവും പ്രചോദനവും എല്ലാം പ്രണയത്തിലാണുള്ളത്. 

പ്രണയം എങ്ങനെയാകണം എന്നതിന് കുറേ നിർവചനകൾ തീർത്തിട്ടുണ്ട് സമൂഹവും പിന്നെ നമ്മൾ തന്നെയും. ചില ആവിഷ്കാരങ്ങൾ ആ വ്യവസ്ഥാപിത ചിന്താഗതികളെ തകിടം മറിയ്ക്കുന്നതാണ്. തിരയായ് എന്ന മ്യൂസികൽ വിഡിയോ പ്രസക്തമാകുന്നതും അവിടെയാണ്. കടലാഴങ്ങളിൽ നിന്നു സ്വാതന്ത്ര്യത്തോടെ സഞ്ചരിച്ച് തീരത്ത് ഒന്നുചേരുന്ന പ്രണയത്തിരമാലകൾ പോലെയാകണം മനുഷ്യന്റെയും പ്രണയചിന്തകങ്ങൾ എന്നു പറയുന്നു 'തിരയായ്' എന്ന സംഗീത ആൽബം.

thirayai-music-video1

ഷജീർ ബഷീറാണു വിഡിയോ സംവിധാനം ചെയ്തത്. കേതകി നാരായണും മൊഹമ്മദ് ഫവാസ് അമീർ ഹംസയും അഭിനയിച്ച സംഗീത വിഡിയോയിൽ പ്രണയത്തിന്റെ തിരിച്ചറിയാ ഇടങ്ങളെയാണ് അതിന്റെ ഭംഗിയെയാണ് ഉയർത്തിക്കാണിക്കുന്നത്. പതിവ പ്രണയ സംഗീത വിഡിയോകളിൽ നിന്നു വേറിട്ടു നിൽക്കുന്നതാകണം തന്റെ ആൽബമെന്ന ചിന്തയിൽ നിന്നാണു ഷജീർ ബഷീർ ഇങ്ങനെയൊരു സംവിധാന രീതി തിരഞ്ഞെടുത്തത്. 

അർധനഗ്നനാണു നായകൻ. പാറിപ്പറക്കുന്ന വസ്ത്രങ്ങളിലും ടാറ്റൂവിലും അലസമായ മുടിയിലും നായികയ്ക്കും ഭംഗിയേറെ. കഥാപാത്രങ്ങളിരുവരും രണ്ടു മുറികളിൽ നിന്നു നൃത്തം ചെയ്യുന്നു. അവർ നൃത്തം ചെയ്യുന്ന മുറികളുടെ വലിപ്പത്തിൽ തന്നെയുണ്ട് പ്രമേയത്തിന്റെ കാമ്പ്.  ആണും പെണ്ണും തന്റേതായ ഇടങ്ങളിൽ നിന്നുകൊണ്ട് പരസ്പര ബഹുമാനത്തോടെ പ്രണയിച്ച് ശരീരത്തേയും മനസിനേയും അറിഞ്ഞ് ഒരിടത്തു ഒന്നുചേരുന്ന സ്നേഹക്കാഴ്ച. പ്രണയത്തിന് ഇങ്ങനെയുമൊരു ഭാഷ്യമുണ്ടെന്നു പറഞ്ഞ വിഡിയോ സമൂഹമാധ്യമങ്ങളിൽ കുറേ ദിവസമായി തരംഗമാണ്.

പൂർണ നഗ്നരായ കഥാപാത്രങ്ങളെയാണ് ഉദ്ദേശിച്ചത്. പക്ഷേ അത് സമൂഹത്തിനു പെട്ടെന്നു അംഗീകരിക്കാനാകുമോയെന്നു ചിന്തിച്ചതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു സംവിധായകൻ. ദ്രാവിഡയാണു വിഡിയോ പുറത്തിറക്കിയത്. സംവിധായകൻ തന്നെയാണു കാമറയും കൈകാര്യം ചെയ്തത്. 

ജുബിത് നമ്പ്രാടത്ത് എഴുതിയ വരികൾക്ക് ദേവ് സംഗീതം പകർന്ന് സംഗീത് രാജഗോപാലാണ് പാടിയത്. മ്യൂസിക് ആൽബം മുന്നോട്ടു വയ്ക്കുന്ന പ്രണയ നിലപാടിന്റെ തീവ്രതയ്ക്കുമപ്പുറം അതിമനോഹരമാണു പാട്ടും. ഏകാന്തതയിൽ കൂട്ടാകുന്ന മനസിൽ സ്നേഹം നിറയ്ക്കുന്ന ഈണം. മൊഹമ്മദ് ഫവാസ് അമീർ ഹംസയുടേതാണു കൊറിയോഗ്രഫിയും. രമ്യാ സുരേഷാണു പ്രമേയത്തിന്റെ കാമ്പറിഞ്ഞു കഥാപാത്രങ്ങൾക്കു വസ്ത്രം തീർത്തു നൽകിയത്. വൈശാഖ് വേണുവാണു ചമയം. ഗോകുൽ ചന്ദ്രനാണു വിഡിയോ എഡിറ്റ് ചെയ്തത്.

Your Rating: