ഇവളാണെന്റെ ആത്മവിശ്വാസവും ധൈര്യവും...

മൊബൈലിന്റെ കാമറക്കണ്ണിനു മുൻപിലിരുന്ന് പാടി, റെക്കോർഡ് ചെയ്ത് ഫെയ്സ്ബുക്ക് തന്നിരിക്കുന്ന കുഞ്ഞൻ ഇടത്തിലേക്കതു പകർത്തി നമുക്ക് പാട്ടീണങ്ങൾ കൊണ്ടു സമ്മാനം തരാറുണ്ട് പാട്ടുകാർ ഇടയ്ക്കിടെ. അങ്ങനെ ഫെയ്സ്ബുക്കിന്റെ കാണാ ഇടനാഴികളിലൂടെ ഒഴുകിയെത്തിയ പാട്ടുകളിലൊന്നായിരുന്നു ഇതും. രാജലക്ഷ്മിയും അരികെ ഗിത്താറും പിടിച്ചിരുന്ന് സയനോരയും ചേർന്നു പാടിയ പാട്ടിന്റെ വിഡിയോ. ഇരുവരും ചേർന്നു പാടിയ ഹീൽ ദി വേൾഡ് എന്ന പ്രശസ്തമായ  ഗാനം കാതോരങ്ങളുടെ ശ്രദ്ധ നേടി അങ്ങു പാറി നടക്കുകയാണിപ്പോൾ.

രാജലക്ഷ്മിയും സയനോരയും പാടിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുമ്പോഴും ഇതൊരു സംഭവമാക്കി പറയേണ്ടതില്ലെന്നാണ് ഇരുവരുടെയും അഭിപ്രായം. വെറുതേ ചെയ്തതാണ്. ഒരു രസത്തിന്. രാജലക്ഷ്മി പറയുന്നു. മലയാളം ഏറെ പ്രണയിക്കുന്ന പഴയ ഗാനങ്ങളെ വേദിയിൽ തന്മയത്തത്തോടെ പാടുന്ന പാട്ടുകാരി, ചലച്ചിത്രങ്ങളില്‍ പിന്നണി ഗായികയാപ്പോഴും അങ്ങനെയുള്ള കുറേ പാട്ടുകൾ പാടിയയാള്‍. ഗായിക രാജലക്ഷ്മിയെ കുറിച്ചെഴുതുമ്പോൾ ആദ്യം ഓർമയിൽ വിരിയുക ഈ വാക്കുകൾ തന്നെയാകും. അങ്ങനെയുള്ളൊരാൾ അസലായി ഇംഗ്ലിഷ് ഗാനം പാടുന്നതു കേൾക്കുമ്പോൾ ഒരു സന്തോഷമല്ലേ...ആ കൗതുകമാണ് ഇരുവരും വെറുതെ ഒരു രസത്തിനു ചെയ്ത വിഡിയോയെ ഇത്രയേറെ ശ്രദ്ധേയമാക്കിയത്. ഈ ആലാപനം പോലെ സുന്ദരമാണ് ഇരുവർക്കുമിടയിലെ സൗഹൃദവും. ഇതുമാത്രമല്ല, ഈ വിഡിയോയ്ക്ക് ഇത്രയേറെ മനോഹാരിത നൽകിയതും ആ സൗഹൃദത്തിന്റെ മാധുര്യമാണ്.

ഒരു സ്റ്റേജ് പ്രോഗ്രാമിനായുള്ള പരിശീലനത്തിനിടെയാണ് ഇരുവരും ചേർന്ന് വിഡിയോ പകർത്തിയത്. ഞാൻ പാടിക്കൊണ്ടിരിക്കുമ്പോൾ അടുത്തിരിക്കുകയായിരുന്നു രാജി. " ഒന്ന് ഈ പാട്ട് പാടിച്ചു നോക്കിയാലോ എന്നു വെറുതെ തോന്നിയത്. നിർബന്ധിച്ചപ്പോൾ രാജി പാടി. എനിക്ക് അതിശയം തോന്നി പാടുന്നതു കേട്ടിട്ട്. പെട്ടെന്നു തന്നെ രാജി ആ ഗാനം പഠിച്ചെടുക്കുകയും ചെയ്തു. പിന്നെയാണ് വിഡിയോ ചെയ്യാമെന്നു തീരുമാനിച്ചത്. വെറുടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തതാണ്. അതിനിത്രയേറെ ശ്രദ്ധ കിട്ടുമെന്നു വിചാരിച്ചതേയില്ല". സയനോര പറയുന്നു. ആയിരം കണ്ണുമായി എന്ന പാട്ടും ഇതുപോലെ ഇരുവരും ചേർന്നു പാടിയിട്ടുണ്ട്. ആ വിഡിയോ അടുത്തയാഴ്ച എത്തും.

ഇരുവരും നമുക്ക് പാടിത്തന്നിട്ടുള്ള പാട്ടുകൾ പോലെ രണ്ടു ദിക്കുകളിൽ നിൽക്കുന്ന വ്യക്തിത്വമാണിരുവർക്കും. മലയാളം കേട്ടിട്ടുള്ള ഏറ്റവും വ്യത്യസ്തമായ പെൺസ്വരങ്ങളിലൊന്ന്, സമാന്തര സംഗീതത്തിലെ ശ്രദ്ധേയ സാന്നിധ്യം, വേദികളെ ഇളക്കിമറിക്കുന്ന ആലാപന ശൈലി. ഇതെല്ലാമാണ് സയനോര. മധുരതരമായ സ്വരമാണു രാജലക്ഷ്മിയ്ക്ക്, പാട്ടിൽ മാത്രം ശ്രദ്ധിച്ച് വേദിയില്‍ അനങ്ങാതെ നിന്നു പാടുന്ന തനി  പാട്ടുകാരിയാണ് രാജലക്ഷ്മി. ഈ ശൈലികൾ പോലെ തന്നെയാണ് ഇരുവരുടയെും സ്വഭാവം. രണ്ടാളും ഒരേ സ്വരത്തിൽ ഇക്കാര്യം സമ്മതിക്കുന്നു. അതുകൊണ്ടാകാം ഇത്രയടുത്ത കൂട്ടുകാരായത്. 

ഒരു ചാനലിന്റെ റിയാലിറ്റി ഷോയിലൂടെയാണ് രാജലക്ഷ്മിയും സയനോരയും സുഹൃത്തുക്കളായത്. രാജിയുടെ പാട്ടുകൾ പോലെയാണ് ആ സ്വഭാവവും. സയനോരയ്ക്കു രാജലക്ഷ്മിയെ കുറിച്ചിതാണു പറയാനുള്ളത്...  സയയാണ് തന്റെ ഏറ്റവും അടുത്ത സുഹൃത്തും താൻ ജീവിതത്തിൽ ചെയ്യുവാൻ കഴിയില്ലെന്നു വിചാരിച്ച പലതിനേയും യാഥാര്‍ഥ്യമാക്കിത്തന്നയാളും. രാജലക്ഷ്മി സയനോരയെ അങ്ങനെയാണു വിശേഷിപ്പിക്കുന്നത്. 

"റഹ്മാനൊപ്പം പാടുകയെന്നത് എന്റെ എക്കാലത്തേയും സ്വപ്നങ്ങളിലൊന്നാണ്. സംഗീത ജീവിതത്തിലെ ആദ്യ നാളുകളിൽ തന്നെ സയനോരയ്ക്ക് അങ്ങനെയൊരു ഭാഗ്യമുണ്ടായി. അത് ആ കഴിവിനുള്ള പ്രതിഫലമാണ്. എപ്പോഴും രസകരമായി സംസാരിക്കുന്ന, സന്തോഷവതിയായിരിക്കുന്ന ആളാണു സയനോര. അതുപോലെ തന്നെയാണ് സയയെ തേടി വന്ന പാട്ടുകളും. ശിവാജി എന്ന ചിത്രത്തിൽ സയനോര റഹ്മാനൊപ്പം പാടിയ ഗാനവും, അൽഫോൺസ് ജോസഫിന്റെ സംഗീതത്തിൽ മഞ്ഞുപോലൊരു പെൺകുട്ടി എന്ന ചിത്രത്തിൽ പാടിയ ആം ഐ ഡ്രീമിംഗ് എന്ന പാട്ടും പിന്നെ റാണീ പത്മിനിയിലെ മിഴി മലരുകൾ എന്ന പാട്ടുമാണ് എനിക്കേറ്റവും പ്രിയപ്പെട്ട സയനോര ഗാനങ്ങൾ. ജീവിതത്തിലൊരിക്കലെങ്കിലും ഡ്രൈവ് ചെയ്യുമെന്നോ പാട്ടിന്റെ കാര്യത്തിൽ എന്റെ കംഫർട്ട് സോണിൽ നിന്നു മാറി നടക്കുമെന്നോ വിചാരിച്ചതേയല്ല. സയനോരയാണ് അതിനു കാരണം. എന്നെ ഏറ്റവുമധികം പ്രചോദിപ്പിക്കുന്നയാൾ കൂടിയാണവൾ. രാജലക്ഷ്മി  ആം ഐ ഡ്രീമിംഗ് എന്ന പാട്ടു ചെറുതായി മൂളിക്കൊണ്ടു സംസാരിച്ചു..."

ഇനിയും ഇതുപോലുള്ള വിഡിയോകൾ ചെയ്യണമെന്നു തന്നെയാണ് സയനോരയുടേയും ആഗ്രഹം. ഞാൻ‌ പറഞ്ഞല്ലോ, രാജി പാടിയ പാട്ടുകൾ പോലെയാണ് ആ സ്വഭാവവും. ഞാന്‍ നന്നായി അടിച്ചുപൊളിച്ചു ജീവിക്കുന്നയാളും. എന്റെയത്രയുമായില്ലെങ്കിലും കുറേക്കൂടി രാജലക്ഷ്മിയെ മാറ്റിയെടുക്കാനുള്ള ശ്രമത്തിലാണു ഞാൻ( അലമ്പ് അല്ല ഉദ്ദേശിച്ചത്)...സയനോര ചിരിക്കുന്നു.