Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അലയടിച്ചെത്തുന്നു, ആറര പതിറ്റാണ്ടിന്റെ സംഗീതം

N C Benjamin എൻ. സി. ബഞ്ചമിൻ

രണ്ടായിരത്തിലേറെ വേദികളിൽ സ്പാനിഷ് ഗിറ്റാറിൽ മലയാളം പാട്ടുകൾ വായിച്ചു നേടിയ കയ്യടി. പ്രശസ്തരായ 12 സംഗീത സംവിധായകർക്കൊപ്പം പ്രവർത്തനം. കേരളത്തിലെ അറിയപ്പെടുന്ന നാടക, നൃത്തകലാലയങ്ങളിലെല്ലാം സജീവ സാന്നിധ്യം. ചങ്ങനാശേരിക്കാരൻ എൻ. സി. ബഞ്ചമിന്റെ സംഗീതയാത്രകളിലെ അടയാളങ്ങളാണിവ.

വിരലുകളിലെ മാസ്മരികതകൊണ്ടാണ് ചങ്ങനാശേരി നെടുംപറമ്പിൽ ബഞ്ചമിൻ (75) പിന്നണി സംഗീതത്തിന്റെ മുന്നണിയിൽ തുടരുന്നത്. പത്താം വയസിൽ ചെണ്ടയിൽ താളമിട്ടാണ് സംഗീതത്തിൽ കൈവച്ചത്. പിന്നാലെ തബലയും ഗിറ്റാറും വയലിനും ഓർഗനും വഴങ്ങി. പ്രീഡിഗ്രി പഠനം പൂർത്തിയാക്കി ബിഎച്ച്എമ്മിനു ചേർന്നെങ്കിലും പൂർത്തിയാക്കിയില്ല. സംഗീതത്തിന്റെ പിൻവിളി കാരണമെന്ന് ബഞ്ചമിൻ.

പതിനഞ്ചാം വയസിൽ പ്രഫഷനൽ ആർട്ടിസ്റ്റായി അരങ്ങിലെത്തി. കെപിഎസി, കോട്ടയം പ്രതിഭ, ഓച്ചിറ യുവശക്തി, ചങ്ങനാശേരി ഗീഥ, കേരള ഡ്രമാറ്റിക് ക്ലബ്, ജയകേരള, കൊല്ലം യൂണിവേഴ്സൽ, കായംകുളം പീപ്പിൾസ്, ആലപ്പി, ജോസ് പ്രകാശ് തിയറ്റേഴ്സ് എന്നിവയുടെ പിന്നണിയിൽ സജീവ സാന്നിധ്യമായിരുന്നു.

ഇതിനിടെയാണു വി. ദക്ഷിണാമൂർത്തി, ജി. ദേവരാജൻ, കെ. രാഘവൻ, എം. കെ. അർജുനൻ, എൽ. പി. ആർ. വർമ, കണ്ണൂർ രാജൻ, ആലപ്പി രങ്കനാഥ്, എം. ജി. രാധാകൃഷ്ണൻ, ജയവിജയന്മാർ, രവീന്ദ്രൻ എന്നീ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചത്. യേശുദാസ് അടക്കം ഒട്ടേറെ പ്രമുഖ ഗായകർക്കൊപ്പം പ്രവർത്തിക്കാനും ഭാഗ്യം ലഭിച്ചു. കേരള സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. ബി. ഇക്ബാൽ, പരേതനായ മുൻ എസ്പി ടി. പി. രാജഗോപാൽ, മാവേലിക്കര രാജു തുടങ്ങി ശിഷ്യസമ്പത്തിലുമുണ്ട് പ്രമുഖർ.

പ്രസിദ്ധ കാഥികരായ വി. സാംബശിവൻ, കൊല്ലം ബാബു, കൊല്ലം ഹർഷകുമാർ എന്നിവരോടൊപ്പവും പ്രവർത്തിച്ചു. സ്പാനിഷ് ഗിറ്റാറിൽ മലയാളം പാട്ടുകൾ വായിക്കുന്നതു കുറച്ചിലായി കണ്ടിരുന്ന കാലത്താണ് ശ്രോതാക്കളുടെ കയ്യടി നേടിയത്. കീ ബോർഡ്, ബെയ്സ് ഗിറ്റാർ, റിഥം പാഡ്, സാക്സോഫോൺ, ഫ്ലൂട്ട്, ഡ്രം, ട്രിപ്പിൾ ഡ്രം തുടങ്ങിയവയടക്കം ഇരുപത്തഞ്ചിലേറെ സംഗീതോപകരണങ്ങൾ ബഞ്ചമിന്റെ വിരലുകളിൽ വഴങ്ങും.

മുപ്പതു സംഗീതോപകരണങ്ങൾ വായിച്ചു ഗിന്നസ് ബുക്കിലേക്കുള്ള മൽസരത്തിനു തയാറെടുക്കുകയാണിപ്പോൾ. അറുപതു വർഷത്തെ കലാജീവിതത്തിൽ നിന്നു സാമ്പത്തികമായൊന്നും നേടിയില്ലെങ്കിലും ശിഷ്യസമ്പത്താണു വലിയ നേട്ടമെന്ന് ബഞ്ചമിൻ.റാന്നി ഇട്ടിയപ്പാറയിൽ മ്യൂസിക് സ്കൂൾ സ്ഥാപിച്ചു യുവതലമുറയിലേക്കു സംഗീതം പകരുകയാണിപ്പോൾ. ഭാര്യ റോസമ്മയ്ക്കൊപ്പം റാന്നി ഇടമൺ ജംക്ഷനിലാണു താമസം. മക്കളായ അനീഷും ഹണിയും വിദേശത്താണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.