Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റാ റാ റാസ്‌പുടിൻ.. റഷ്യൻ മരണദേവതയുടെ കാമുകൻ

Author Details
Bobby Farrell ബോബി ഫാരൽ

റാ റാ റാസ്‌പുടിൻ...

ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...

ഓരോ കേൾവിയിലും ഈ വരികൾ നമ്മെ പിൻവിളിക്കുന്നുണ്ട്, കാറ്റുവേഗം ഗിറ്റാർ മീട്ടിയ സെന്റ് പീറ്റേഴ്‌സ്‌ബർഗിലെ ആ പാട്ടുവേദിയിലേക്ക്; ഏറെക്കാലം നമ്മുടെ വിരൽത്തുമ്പുകളെ കടൽനൃത്തം ചെയ്യിച്ച ബോബി ഫാരൽ എന്ന ബോണിഎം ട്രൂപ്പ് ഗായകന്റെ ഒടുക്കപ്പാട്ടുവേദിയിലേക്ക്. 2010 ലെ ഡിസംബർ തണുപ്പിൽ റാസ്‌പുടിൻകഥ ഒരിക്കൽ കൂടി ഏറ്റുപാടി, യാത്ര പറയാതെ മരണത്തിലേക്കും മൗനത്തിലേക്കും പടിയിറങ്ങിയ ബോബി ഫാരലിനെ ഓർമിക്കുമ്പോഴൊക്കെ ആ പാട്ടോർമ മറ്റൊരു കഥയിലേക്കു കൂടി നമ്മെ കൊണ്ടുപോകുന്നുണ്ട്. റാസ്‌പുടിന്റെ കഥ... റഷ്യൻ രാജ്‌ഞിയുടെ രഹസ്യാനുരാഗിയുടെ കഥ.

Boney M

ഗ്രിഗറി റാസ്‌പുടിൻ. റഷ്യയുടെ ചരിത്രപുസ്‌തകത്താളുകളിലേക്കു വേണം ആ പേരു തിരഞ്ഞുപോകാൻ. നിക്കോളാസ് ചക്രവർത്തിയുടെ രാജസദസ്സിലെ തലയെടുപ്പുള്ള സാന്നിധ്യം. രാജകുമാരന്റെ മാറാവ്യാധി സുഖപ്പെടുത്തിയ ദിവ്യൻ. ഒന്നാം ലോകമഹായുദ്ധത്തിൽ ജർമനിക്കെതിരെ പൊരുതാൻ നിക്കോളാസ് ചക്രവർത്തി പടനയിച്ചു പോയപ്പോൾ, അലക്‌സാണ്ട്ര രാജ്‌ഞിക്കു രാജ്യഭരണത്തിനു വേണ്ട മാർഗനിർദേശങ്ങൾ നൽകി കൂടെ നിന്നതും റാസ്‌പുടിൻ തന്നെ. ഒടുക്കം, രാജാവില്ലാനേരത്തെ റാസ്‌പുടിന്റെയും രാജ്‌ഞിയുടെയും അടുപ്പം അന്തഃപുരത്തിലെ പട്ടുമെത്തച്ചുരുളിനു ചൂടുപിടിപ്പിച്ചതോടെയാണ് രാജ്യം കൊടുംനാശത്തിന്റെ കയ്‌പു നുണഞ്ഞതെന്നു കൊട്ടാരം തോഴിമാർ പാതി കളിയായും കാര്യമായും പറഞ്ഞുനടന്നു. കഥയുടെ നേരും നുണയും തിരക്കാൻ നിൽക്കാതെ, രാജ്യത്തെ പ്രഭുക്കന്മാർ റാസ്‌പുടിനെ രഹസ്യമായി കൊന്നുകളയാൻ പദ്ധതിയിട്ടു. വിഷം തീണ്ടിയ മരണമെന്നു വരുത്തിത്തീർക്കുകയും ചെയ്‌തു. നേവാ നദിയുടെ കുത്തൊഴുക്കിലേക്ക് എടുത്തെറിഞ്ഞ റാസ്‌പുടിന്റെ മൃതശരീരത്തിൽ നാലു വെടിയുണ്ടകൾ തറഞ്ഞിരുന്നു; ദേഹമാസകലം മാരകമായ പീഡനത്തിന്റെ മുറിപ്പാടുകളും. നേവാ നദിയുടെ തണുപ്പിലലിഞ്ഞ റാസ്‌പുടിനെ മെല്ലെ ലോകം മറന്നു... കുഞ്ഞുങ്ങളെ രാവുറക്കാൻ പറഞ്ഞുകൊടുക്കുന്ന എണ്ണമറ്റ കെട്ടുകഥകളിലൊന്നിൽ അവർ റാസ്‌പുടിനെ തളച്ചു....

ബോണി എം പാടി; ലോകം ചേർന്നാടി

പഴങ്കഥയുടെ തുരുമ്പാണിയിൽ കാലം തളച്ചിട്ട റാസ്‌പുടിനെ വീണ്ടും പുനർജ്‌ജീവിപ്പിക്കുന്നത് പതിറ്റാണ്ടുകൾക്കു ശേഷം ബോണി എം ഗായകസംഘത്തിലെ മുഖ്യഗായകൻ ബോബി ഫാരൽ ആണ്. യൂറോപ്പിലാകമാനം ബോണിഎമ്മിന്റെ സംഗീതയാത്രകളിൽ ഫാരൽ റാസ്‌പുടിനെയും കൂടെക്കൂട്ടി. ബോണിഎമ്മിന്റെ പാട്ടുചരിത്രത്തിലേക്കാണ് റാസ്‌പുടിൻ നടന്നുകയറിയത്. ബോണിഎമ്മിന്റെ ഏറ്റവും ജനപ്രീതിയാർന്ന ഹിറ്റുകളിൽ ഒന്നായി മാറി റാസ്‌പുടിന്റെ ജീവിതകഥ പാടുന്ന ഗാനം. മെയ്‌സി വില്യംസ്, ലിസ് മിഷേൽ, മാർസിയ ബാരറ്റ്... റാസ്‌പുടിൻകഥയുമായി വേദികളിൽ നിന്ന് വേദികളിലേക്കു ചിറകുവച്ച് പറക്കുമ്പോൾ ഈ മൂന്നു സുന്ദരികൾ കൂടിയുണ്ടായിരുന്നു ബോബി ഫാരലിനൊപ്പം.

1976ൽ ആണ് ഈ നാൽവർ സംഘം ബോണിഎം എന്ന ഗായകസംഘത്തിനു വേണ്ടി ആദ്യമായി പാടിയൊരുമിക്കുന്നത്. എഴുപതുകളുടെ അവസാനത്തിലും എൺപതുകളിലും പാശ്‌ചാത്യ സംഗീതലോകത്ത് ഇവർ നാലുപേരും ചേർന്നെഴുതിയ പാട്ടുകെട്ടിന്റെ കൂട്ടുവിലാസം പിന്നീടങ്ങോട്ട് നാളിതുവരെ മാഞ്ഞുപോയിട്ടില്ല. 1976ൽ പുറത്തിറങ്ങിയ ടേക്ക് ദി ഹീറ്റ് ഓഫ് മീ എന്ന ആദ്യ ആൽബം മുതൽ തുടങ്ങിയ അശ്വമേധമാണ് ബോണിഎമ്മിന്റേത്. തുടർന്ന് ലവ് ഫോർ സെയിൽ, നൈറ്റ് ഫ്ലൈറ്റ് ടു വീനസ്, ഓഷ്യൻസ് ഓഫ് ഫാന്റസി, ടെൻ തൗസന്റ് ലൈറ്റ് ഇയേഴ്‌സ്... ഐ ഡാൻസ്, റി മിക്‌സ് 88 തുടങ്ങി ഹിറ്റുകളിൽ നിന്ന് ഹിറ്റുകളിലേക്ക് ഒരു മൂളിപ്പാട്ടു വേഗം മാത്രമേ ഉണ്ടായിരുന്നുള്ളൂ, ബോണി എമ്മിന്. രണ്ടാമത്തെ ആൽബമായ നൈറ്റ് ഫ്ലൈറ്റ് ടു വീനസിലേതാണ് റാ റാ റാസ്‌പുടിൻ എന്ന ഡിസ്‌കോ ഹിറ്റ് ഗാനം.

Bobby Farrell

നേവാ നദിയുടെ മരണത്തണുപ്പിൽ നിന്നും കെട്ടുകഥകളുടെ രാത്രിയറകളിൽ നിന്നും റാസ്‌പുടിന്റെ ഗംഭീരമായ തിരിച്ചുവരവായിരുന്നു ബോബി ഫാരലിന്റെ ചുണ്ടുകളിലേക്ക്. ലോകത്തെ മുഴുവൻ ഒരേ പാട്ടുലഹരിയിൽ നൃത്തമാടിച്ച ഫാരൽചുവടുകളുടെ ചടുലതയിലേക്ക്. വൈദ്യുതാവേഗങ്ങളുടെ കെട്ടിപ്പുണരലിൽ എന്നവണ്ണം കൊടുങ്കാറ്റുവേഗം ആടിയുലഞ്ഞ യൂറോപ്പിലെ നൂറായിരം പാട്ടുവേദികളിലേക്ക്... കഥയേറ്റുപാടുവാൻ കാതോർത്തിരുന്ന ആരാധകരിലേക്ക്... ലോകത്തിന്റെ മുഴുവൻ ഹിറ്റ് ചാർട്ടുകളിലേക്ക്... ഇന്നും കരഘോഷം നിലയ്‌ക്കാത്തൊരു കേൾവിയനുഭവത്തിലേക്ക്...

അതേ ദിവസം, അതേ നഗരം, അതേ മരണം

പക്ഷേ, എത്ര ഗംഭീരമായി പുനർജ്‌ജീവിച്ചിട്ടും റാസ്‌പുടിന്റെ മരണക്കൊതി തീർന്നുകാണില്ല. അതുകൊണ്ടല്ലേ റാസ്‌പുടിന്റെ അതേ മരണനിയോഗം ബോബിയെയും കാത്തിരുന്നത്! റാസ്‌പുടിൻ കൊല്ലപ്പെട്ടതിന്റെ വാർഷികദിനത്തിൽ, അതേ സെന്റ് പീറ്റേഴ്‌സ്‌ബർഗ് നഗരത്തിൽ തന്നെയായിരുന്നു ബോബി ഫാരലിന്റെ മരണവും. ഒരു ദുർമരണത്തിന്റെ ദുരാവർത്തനം.

അറുപത്തൊന്നുകാരനായ ബോബി ഫാരലിനെ സംഗീതപരിപാടിക്കു ശേഷം ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നിട്ടെന്നും ശ്വാസതടസ്സമുണ്ടായിട്ടെന്നും ഹൃദയാഘാതം മൂലമെന്നും പല കാരണങ്ങൾ നിരത്തപ്പെട്ടു. കാരണം, അതൊരു ഒറ്റ മരണമായിരുന്നില്ലല്ലോ! ബോബി ഫാരലിനൊപ്പം റാസ്‌പുടിൻ ഒരിക്കൽകൂടി മരിക്കുകയായിരുന്നോ ? റാസ്‌പുടിന്റെ കഥ പാടിത്തീരുംമുമ്പേ, മുഖത്തെ കടുംചായങ്ങൾ മായ്‌ച്ചുകളയുംമുമ്പേ, രാത്രിയുടെ നിശ്ശബ്‌ദരഥങ്ങളിൽ എപ്പോഴോ സാക്ഷാൽ റാസ്‌പുടിൻ വന്ന് ബോബി ഫാരലിനെ തൊട്ടുവിളിച്ചുകൊണ്ടുപോയിരിക്കണം...

റാ റാ റാസ്‌പുടിൻ..

റാസ്‌പുടിനിലൂടെ ബോബി ഫാരൽ ജീവിക്കുകയായിരുന്നു, ഇനിയൊരിക്കലും മരണമില്ലാത്തൊരു പാട്ടുകാരനായി ലോകത്തിന്റെ മുഴുവൻ കാതുകളിലേക്കു പാടിപ്പാടി പുനർജനിക്കുകയായിരുന്നു. അതെ, അതുകൊണ്ടാണ് ഇന്നും നാം ബോബിയെ കേൾക്കുന്നത്; ആ റാസ്‌പുടിൻകഥയും. ചില പാട്ടുകൾ വെറും പാട്ടുകൾ മാത്രമല്ല!

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.