നെഞ്ചകങ്ങളിലെ ഇടുക്കി പാട്ട്

ഒരു നാടിനെ കുറിച്ച് പാട്ടെഴുതുമ്പോൾ ആ മണ്ണിന്റെ ഉള്ളുതൊട്ട് ആകാശത്തിന്റെ മനം കണ്ട് എഴുതണം. അത് എങ്ങനെ സാധ്യമാകും എന്നതിനുത്തരമാണീ പാട്ട്...ഇടുക്കിയേയും മഞ്ഞും പച്ചപ്പും മലകളും തീർത്ത അതിന്റെ സൗന്ദര്യത്തെ കുറിച്ച് ഇക്കാലയളവിനിടയിൽ ഒരു നൂറു പാട്ടുകൾ എത്തിയിട്ടുണ്ട്. അതിൽ നിന്ന് വ്യത്യസ്തമായി എങ്ങനെ വരികൾ തീർക്കുെമന്ന ചെറുതല്ലാത്ത വെല്ലുവിളിയെ റഫീഖ് അഹമ്മദ് എന്ന കവി നേരിട്ടത് ഇങ്ങനെയായിരുന്നു...

മലമേലെ തിരിവച്ച്

പെരിയാറിൻ തളയിട്ട് 

ചിരിതൂകും പെണ്ണാണ് 

ഇടുക്കി എന്നായിരുന്നു അദ്ദേഹം കുറിച്ചത്. ഇടുക്കിയെ മിടുക്കിയാക്കിയ സംഗീതം എന്നാണ് ബിജിബാൽ ഈണമിട്ട് അദ്ദേഹം തന്നെ പാടിയ പാട്ടിനെ കുറിച്ച് ആകെ പറയേണ്ടത്. കേരളത്തിലെ ഒരു ജില്ലയെ കുറിച്ചെഴുതിയ പാട്ടിനോടു തോന്നുന്ന കൗതുകത്തിനപ്പുറം, ഇടുക്കിയുടെ മലയിടുക്കുകളും കടന്ന് പാട്ട് പാറിപ്പോയത് വരികളിലെ യാഥാർഥ്യതത കൊണ്ടായിരുന്നു. ഇടുക്കിക്ക് പുറത്തുനിന്നൊരാൾക്ക് ആ നാടിനെ എങ്ങനെ പരിചയപ്പെടുത്തണമെന്നു ചോദിച്ചാൽ ഈ പാട്ട് പ്ലേ ചെയ്താൽ മതി എന്നു തന്നെ പറയാം. 

ഒറ്റ രാത്രികൊണ്ടാണ് റഫീഖ് പാട്ടെഴുതിയത്. കവിത കിട്ടിയതിനു ശേഷമായിരുന്നു സംഗീത സംവിധാനം ചെയ്തത്. അത്രയും പ്രചോദനാത്മകമായ വരികളായതുകൊണ്ടു തന്നെ സംഗീതം എളുപ്പമായിരുന്നു ബിജിബാലിന്. വെറുതെ ഒന്നു പാടി വയ്ക്കുകയും ചെയ്തു. പക്ഷേ പാട്ടിനു ചേർന്ന സ്വരം ഇതുതന്നെയെന്ന് എല്ലാവരും പറഞ്ഞപ്പോൾ സംഗീത സംവിധായകൻ തന്നെ പാട്ടുകാരനായി. 

കുറുനിരയിൽ ചുരുൾ മുടിയിൽ പുതുകുറിഞ്ഞപ്പൂ തിരുക‌ും മൂന്നാറിൻ മണമുള്ളതെന്നാണ് കാറ്റിനെ കുറിച്ച് പറയുന്നത്. എന്തിന് മലയാളക്കരയുടെ മടിശീല നിറയ്ക്കണ നലമേറം നാടാണ് ഇടുക്കിയെന്ന് പറഞ്ഞ് സാമ്പത്തിക ശാസ്ത്രത്തിലേക്കും കടന്നിരിക്കുന്നു. കതിർ കനിവേകുന്ന മണ്ണാണ് ഇടുക്കിയിലേത്. മണ്ണിനോടും കാടിനോടും പടവെട്ടിയാണ് ഇടുക്കിയില്‍ മനുഷ്യൻ വാസമുറപ്പിച്ചത്. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ അധ്വാനിക്കുന്ന വർഗം. കവിമനസിലെ ഏറ്റവും ഹൃദ്യമായ വിശേഷണം പുറത്തുവന്നത് കവിതയുടെ ഏറ്റവുമൊടുവിലാണ്. അവിടെയിങ്ങനെയാണ് എഴുതിയിടുന്നത്. 

അവൾ തൊടിയെല്ലാം നനച്ചിട്ട്

തുടുവേർപ്പും തുടച്ചിട്ട്

അരയിൽ ൈകകുത്തി നിൽക്കും പെണ്ണ്

നല്ല മലയാളിച്ചുണയുള്ള പെണ്ണ്

ഇടുക്കിയെന്ന നാടിനെയാണ് പാടുന്നതെങ്കിലും ഈ വരികൾ ആ നാടിന്റെ പെൺമയിലേക്കാണ് ചെന്നെത്തുന്നത്. വിയർത്തു കുളിച്ച് മണ്ണിൽ പൊരുതുന്ന മലനാടിന്റെ നല്ല ചുണയുള്ള പെൺവർഗത്തെ കുറിച്ച്. നഗരവത്ക്കരണം കേരളത്തിന്റെ ഗ്രാമഭംഗിയെ വകഞ്ഞ് മാറ്റുമ്പോഴും ഇപ്പോഴും മനുഷ്യനും മണ്ണും അത്രയേറെ ചങ്ങാത്തം പുലർത്തുന്നൊരു നാടാണ് ഇടുക്കി. ആ ഇടുക്കിയെ കുറിച്ച് ആറ്റിക്കുറുക്കിയ കവിതയാണ് റഫീഖ് എഴുതിയത്. പൈനാവില്ലാതെ മൂന്നാറില്ലാതെ കുറിഞ്ഞ് പൂവില്ലാതെ പെരിയാറും ഇടുക്കി ഡാമില്ലാതെ കപ്പയില്ലാതെ ഒരു ഇടുക്കിയുണ്ടോ. ഇവയെല്ലാം പാട്ടിലുമുണ്ട്.

എഴുത്താണ് ഈ പാട്ടിനെ അവിസ്മരണീയമാക്കിയത്. ഇടുക്കിയുടെ മഞ്ഞിനേയും മഴയേയും പുൽക്കൊടിയേയും അവിടുത്തെ പെണ്ണുങ്ങളുടെ അധ്വാനശീലവും നന്മയും പുറംനാട്ടുകാരെ കൊതിപ്പിച്ച സ്ഥലങ്ങളേയും പോലും നാലു മിനുട്ട് 29 സെക്കൻഡ് ദൈർഘ്യമുള്ള പാട്ടിലൂടെ റഫീഖ് അഹമ്മദ് എഴുതിയിട്ടു. അതിനൊപ്പം ഈണവുമെത്തിയപ്പോൾ പാട്ടിനെ ദൃശ്യങ്ങൾ കൊണ്ടു കൂടുതൽ കാമ്പുള്ളതാക്കി ഷൈജു ഖാലിദ്. മലനാടിന്റെ യാത്രയ്ക്കു കൂട്ടാകുന്ന കെഎസ്ആർടിസി ബസിനേയും തൊടുപുഴയിൽ നിന്ന് പലവട്ടം മന്ത്രിയായ പിെജ ജോസഫിനെയും വരെ പാട്ടിലെ ദൃശ്യങ്ങളിൽ ഉൾക്കൊള്ളിച്ചു. ഒപ്പം മലനാടിന്റെ ദൂരക്കാഴ്ചയുടെ ഭംഗിയും. 

എല്ലാം തൊട്ട കവിത. ഒരുപക്ഷേ ഏറെക്കാലത്തിനു ശേഷമാകാം ഒരു ചലച്ചിത്ര ഗീതം ഇത്രയധികം ചർച്ച ചെയ്യപ്പെടുന്നത്. സംഗീതവും സാഹിത്യവും ഏറ്റവും മനോഹരമായി ചേർക്കപ്പെടുമ്പോൾ പാട്ട് എത്രമാത്രം കേൾവി സുന്ദരമാകുമെന്ന് ഏറെക്കാലത്തിനു ശേഷം മലയാളി അറിഞ്ഞത് ഈ പാട്ടിലൂടെ തന്നെയായിരുന്നു.