Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുവിദ്യാലയ വളപ്പിൽ വിദ്യാഭ്യാസേതര പരിപാടികൾ പാടില്ലെന്ന് സർക്കുലർ

പത്തനംതിട്ട ∙ പൊതുവിദ്യാലയങ്ങളുടെ കെട്ടിടങ്ങളും ക്യാംപസും വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ. ഇക്കാര്യത്തിൽ 16 വർ‍ഷം മുൻപുള്ള ഹൈക്കോടതി ഉത്തരവ് പല സ്കൂളുകളും ലംഘിക്കുന്നതിനാലാണ് വീണ്ടും സർക്കുലർ ഇറക്കിയത്.

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള സ്കൂൾ കെട്ടിടങ്ങളും ക്യാംപസും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കല്ലാതെ ഉപയോഗിക്കാൻ പാടില്ലെന്നായിരുന്നു 2000 ഏപ്രിൽ അഞ്ചിനു ഹൈക്കോടതി വിധിച്ചത്.

ഇക്കാര്യം കർശനമായി പാലിക്കുന്നെന്ന് ഉറപ്പാക്കാൻ ചീഫ് സെക്രട്ടറിയും വിദ്യാഭ്യാസ ഡയറക്ടറും ഉത്തരവിറക്കിയിരുന്നു. ഇവ ലംഘിച്ച് പല സ്കൂളുകളും കെട്ടിടവും ക്യാംപസും വിദ്യാഭ്യാസപരമല്ലാത്ത ആവശ്യങ്ങൾക്ക് അനുവദിക്കുന്നതായി ശ്രദ്ധയിൽ പെട്ടെന്ന് സർക്കുലറിൽ പറയുന്നു.

ഗ്രാമസഭകൾ, കുടുംബശ്രീ പരിപാടികൾ, മെഡിക്കൽ ക്യാംപുകൾ തുടങ്ങിയവയാണ് സ്കൂളുകളിൽ പ്രധാനമായും നടക്കാറുള്ള വിദ്യാഭ്യാസപരമല്ലാത്ത പരിപാടികൾ. അവധി ദിവസങ്ങളിൽ മാത്രമാണിത്. എന്നാൽ, ചുരുക്കം സ്കൂളുകൾ രാഷ്ട്രീയ, സമുദായ സംഘടനാ പരിപാടികൾക്കു വിട്ടുകൊടുത്ത സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.