Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളെ നന്നാക്കാൻ മാതാപിതാക്കൾക്കും ‘ലേണിങ് മൊഡ്യൂൾ’

family-parents

ന്യൂഡൽഹി∙ അധ്യാപകർക്കും കുട്ടികൾക്കുമുള്ള അധ്യാപന, പഠനസഹായികൾക്കു പിന്നാലെ മാതാപിതാക്കൾക്കും ‘ലേണിങ് മൊഡ്യൂൾ’ വരുന്നു. പ്രാഥമിക വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ മാനവശേഷി മന്ത്രാലയമാണു മാതാപിതാക്കൾക്കു പഠനസഹായി തയാറാക്കുന്നത്.

കുട്ടികളിൽ പഠനതാൽപര്യം വളർത്തുന്നതിലും സ്വഭാവ രൂപീകരണത്തിലും മാതാപിതാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സമർഥരായ വിദ്യാർഥികൾക്കു പോലും പല വിഷയങ്ങളിലും അടിസ്ഥാനപരമായ ഗ്രാഹ്യമില്ലെന്നു മാനവശേഷി മന്ത്രാലയം നടത്തിയ പഠനങ്ങളിൽ വ്യക്തമായിരുന്നു.

അക്ഷരങ്ങൾ തിട്ടമില്ലാത്ത പത്താം ക്ലാസ് വിദ്യാർഥികൾ പോലുമുണ്ട്. ചെറുക്ലാസുകളിൽ കുട്ടികളെ വഴികാട്ടാൻ മാതാപിതാക്കളെ സഹായിക്കുന്നതായിരിക്കും സഹായി. കുട്ടികൾക്കൊപ്പം മാതാപിതാക്കളെയും പുതിയ വിദ്യാഭ്യാസ രീതികളും സങ്കേതങ്ങളുമായി പരിചയപ്പെടുത്തുകയും ചെയ്യും.

‘പേരന്റ്സ് മോഡ്യൂളി’ന്റെ അടിസ്ഥാനത്തിലായിരിക്കും നിശ്ചിത ഇടവേളകളിൽ അധ്യാപക–രക്ഷാകർതൃ കൂടിക്കാഴ്ചകൾ നടത്തുക. ഈ വർഷം തന്നെ പഠനസഹായി പുറത്തിറക്കുമെന്നു മാനവശേഷി മന്ത്രാലയവുമായി ബന്ധപ്പെട്ട പാർലമെന്റ് ചർച്ചാസമിതിയംഗം കെ.സി.വേണുഗോപാൽ പറഞ്ഞു.

കേന്ദ്ര, സംസ്ഥാന സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഇവ നടപ്പാക്കും. സംസ്ഥാനങ്ങളുമായി നടത്തിയ കൂടിയാലോചനകളിൽ എല്ലാവരും ഈ ആശയത്തെ പിന്തുണച്ചിട്ടുണ്ട്. മാനവശേഷി മന്ത്രാലയം ഈ വർഷം പുതിയ വിദ്യാഭ്യാസനയം ‌പ്രഖ്യാപിക്കാനിരിക്കുകയുമാണ്.

Your Rating: