Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത സ്കൂളുകൾക്ക് താഴുവീഴും; അപകടം സംഭവിച്ചാൽ കുടുങ്ങുന്നത് എൻജിനീയർ

rain-school ഫയൽ ചിത്രം

കോഴിക്കോട് ∙ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ തദ്ദേശഭരണ സ്ഥാപനത്തിലെ എൻജിനീയറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ അടുത്ത അധ്യയന വർഷം ഒരു സ്കൂളും തുറക്കാനാവില്ല. എൽകെജി തൊട്ടുള്ള സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളുടെ കാര്യത്തിലാണ് കർശന നടപടി സ്വീകരിക്കാൻ സർക്കാർ തീരുമാനം.

അടുത്ത അധ്യയന വർഷം സ്കൂൾ തുറക്കണമെങ്കിൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സ്വന്തമാക്കുന്നതിനുള്ള നടപടി സ്കൂൾ അധികൃതർ ഇപ്പോഴേ ആരംഭിക്കണം. ഫിറ്റ്നസ് സർട്ടിഫിക്കറ്റുള്ള സ്കൂളിനു ബലക്ഷയം കാരണം എന്തെങ്കിലും അപകടം സംഭവിച്ചാൽ സർട്ടിഫിക്കറ്റ് നൽകിയ എൻ‍ജിനീയറും പ്രതിയാകും.

സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകൾ പൊതുമരാമത്ത് വകുപ്പ് എൻജിനീയറുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങിയിരിക്കണമെന്നു നേരത്തേ നിർദേശം നൽകിയിരുന്നതാണ്. എന്നാൽ മിക്ക സ്കൂളുകളും ഇത് അവഗണിക്കുകയായിരുന്നു. സർക്കാർ സ്കൂളുകൾ പോലും ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ പ്രവർത്തിക്കുന്നുണ്ട്.

ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാത്ത സ്കൂളുകൾ പ്രവർ‍ത്തിക്കാൻ അനുവദിക്കരുതെന്നു ബാലാവകാശ കമ്മിഷൻ കഴിഞ്ഞ ജൂലൈയിൽ സർക്കാരിനു നിർദേശവും നൽകിയിരുന്നു. ഇതെ തുടർന്നു സ്കൂൾ കെട്ടിടങ്ങൾക്കു പൊതുമരാമത്ത് വകുപ്പിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നു സർക്കാർ നിർദേശം നൽകി. ഇതു പരിശോധിക്കാൻ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർമാർക്ക് (ഡിഡി) നിർദേശവും നൽകി.

എന്നാൽ ഇതുകൊണ്ടും കാര്യമായ പ്രയോജനം ഇല്ലെന്നു കണ്ടാണ് ഇപ്പോൾ കർശന നിലപാടിലെത്തിയിരിക്കുന്നത്. സർക്കാർ സ്കൂളുകൾക്കു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കിട്ടണമെങ്കിൽ അറ്റകുറ്റപ്പണി നടത്തണമെന്നതാണ് അവസ്ഥ. പക്ഷേ അറ്റകുറ്റപ്പണിക്കു പണമില്ല. പണം കിട്ടണമെങ്കിൽ ഒന്നുകിൽ സർക്കാർ സഹായിക്കണം, അല്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ കനിയണം.

Your Rating: