കൈത്തറി സ്കൂൾ യൂണിഫോം: നെയ്ത്തുകാരോട് റജിസ്റ്റർ ചെയ്യാൻ നിർദേശം

തിരുവനന്തപുരം∙ കേരളത്തിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ ഒന്നു മുതൽ എട്ടു വരെ ക്ലാസ് വിദ്യാർഥികൾക്കു സൗജന്യ കൈത്തറി സ്കൂൾ യൂണിഫോം പദ്ധതിക്കായി കൈത്തറി യൂണിഫോം ഉൽപാദനം വേഗത്തിലാക്കാൻ എല്ലാ നെയ്ത്തുകാരോടും ജില്ലാ വ്യവസായ കേന്ദ്രത്തിൽ റജിസ്റ്റർ ചെയ്യാൻ മന്ത്രിയുടെ നിർദേശം.

സംസ്ഥാന കൈത്തറി മേഖലയിൽ നിന്ന് അടുത്ത ഏപ്രിൽ വരെ ഉൽപാദിപ്പിച്ച യൂണിഫോം ഒന്നാംഘട്ടമായി ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകാർക്കാണു വിതരണം ചെയ്യുന്നത്. രണ്ടാംഘട്ടം ഒന്നു മുതൽ എട്ടു വരെ ക്ലാസുകാർക്കും നൽകാനാണു പദ്ധതി. ഒന്നാംഘട്ട ഉൽപാദനത്തിന് 82 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു.

കൈത്തറി മേഖലയിലെ പരമാവധി നെയ്ത്തുകാരെയും യൂണിഫോം നെയ്യുന്നതിനും, തൊഴിലാളികൾക്ക് ഉൽപാദനത്തിനനുസരിച്ചു കൂലി അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നൽകുന്നതിനും എല്ലാ മാസവും നിശ്ചിത ദിവസം തന്നെ ക്രെഡിറ്റ് ചെയ്യുന്നതിനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർമാരെ ചുമതലപ്പെടുത്തിയെന്നും മന്ത്രി എ.സി.മൊയ്തീൻ അറിയിച്ചു.