കെഇആർ ഭേദഗതി: ​ഉത്തരവിറങ്ങി

തിരുവനന്തപുരം∙ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന അധിക തസ്തികകളിൽ അധ്യാപക ബാങ്കിൽനിന്നുള്ള അധ്യാപകരെക്കൂടി നിയമിക്കണമെന്നു വ്യക്തമാക്കി കേരള വിദ്യാഭ്യാസ ചട്ടങ്ങൾ(െകഇആർ) ഭേദഗതി ചെയ്യുന്നതിനു‌ സർക്കാർ ഉത്തരവിറക്കി.

സർക്കാർ ഉത്തരവിൽ ന്യൂനപക്ഷ മാനേജ്മെന്റുകളെ ഒഴിവാക്കാത്തതു നിയമയുദ്ധത്തിനു വഴി തുറന്നേക്കും. കെഇആർ ഭേദഗതി ചെയ്യുന്നതിനു മന്ത്രിസഭ എടുത്ത തീരുമാനം ന്യൂനപക്ഷ മാനേജ്മെന്റുകൾക്കു ബാധകമല്ലെന്നാണു വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് ഉൾപ്പെടെയുള്ളവർ നേരത്തേ അറിയിച്ചിരുന്നത്.

എന്നാൽ ഇതു സംബന്ധിച്ച ഉത്തരവിൽ ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയതായി പറയുന്നില്ല. ന്യൂനപക്ഷ സ്കൂളുകളിൽ ഒഴിവുണ്ടായാൽ അവർക്കു സംസ്ഥാനത്തെ ഏതു ജില്ലയിലുമുള്ള അധ്യാപക ബാങ്കിലെ ഇഷ്ടമുള്ള അധ്യാപകരെ നിയമിക്കാമെന്ന വ്യവസ്ഥയാണു ചേർത്തിരിക്കുന്നത്.

ന്യൂനപക്ഷ മാനേജ്മെന്റുകളുടെ സ്കൂളുകളിൽനിന്നു പുറത്താകുന്നവരെ തങ്ങൾ നിയമിക്കണമെന്ന വ്യവസ്ഥയോട് എൻഎസ്എസ് ഉൾപ്പെടെയുള്ള മാനേജ്മെന്റുകൾ എതിർപ്പു പ്രകടിപ്പിച്ചിരുന്നു.

എയ്ഡഡ് സ്കൂളുകളിൽ അധികമായി സൃഷ്ടിക്കുന്ന അധ്യാപക തസ്തികകളിൽ അധ്യാപക ബാങ്കിൽനിന്ന് ഒരാളിനെയും മാനേജ്മെന്റ് തിരഞ്ഞെടുക്കുന്ന ഒരാളെയും 1:1 അനുപാതത്തിൽ നിയമിക്കണമെന്നാണു കെഇആർ ഭേദഗതിയിൽ പറയുന്നത്.

1979 മേയ് 22നു ശേഷം അപ്ഗ്രേഡ് ചെയ്ത സ്കൂളുകളിൽ ഉണ്ടാകുന്ന മുഴുവൻ അധിക തസ്തികകളും അധ്യാപക ബാങ്കിൽനിന്നാണു നികത്തേണ്ടത്. വിദ്യാർഥികളുടെ എണ്ണം വർധിക്കുന്ന സ്കൂളുകളിൽ മാത്രമേ അധിക ഡിവിഷനും അധിക തസ്തികയും അനുവദിക്കേണ്ടി വരികയുള്ളൂ. അങ്ങനെയുള്ള എയ്ഡ‍ഡ് സ്കൂളുകളുടെ എണ്ണം കുറവാണെന്നു വിദ്യാഭ്യാസ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.