ഇന്ത്യയിൽ പ്രവാസി മലയാളികൾ ഏറ്റവും കൂടുതൽ കർണാടകയിൽ

തിരുവനന്തപുരം∙ ഇന്ത്യയി‍ൽ പ്രവാസി മലയാളികൾ ഏറ്റവും കൂടുതലുള്ളത് അയൽ സംസ്ഥാനമായ കർണാടകയിൽ. പ്രവാസി മലയാളികളിൽ 33% പേരാണ് ഐടി നഗരമായ ബെ‌ംഗളൂരു സ്ഥിതിചെയ്യുന്ന കർണാടകയിൽ കഴിയുന്നത്. കേരളത്തിനു പുറത്ത് വിവിധ തൊഴിൽമേഖലകളിലായി കുടിയേറിയത് ഏഴുലക്ഷം പേരാണ്. കർണാടക കഴിഞ്ഞാൽ തമിഴ്നാട്ടിലാണു കൂടുതൽ പേർ–17%. മഹാരാഷ്ട്ര (14%), ഡൽഹി (8%) എന്നിങ്ങനെയാണു കുടിയേറ്റം. ശേഷിക്കുന്ന 27% പ്രവാസികൾ മറ്റു സംസ്ഥാനങ്ങളിൽ.

കേരള മൈഗ്രേഷൻ സർവേയിലെ വിവരങ്ങൾ പുതുക്കുന്നതിന് ഓൺലൈൻ വിവരശേഖരണം നടത്താനും ഓരോ പ്രവാസിയെയും ഇതുമായി സഹകരിപ്പിക്കാനും ലോക കേരളസഭയുടെ കരടുരേഖ വിഭാവനം ചെയ്യുന്നു. 2014ലെ സർവേ അനുസരിച്ച് 24 ലക്ഷം പ്രവാസികൾ കേരളത്തിൽനിന്നു വിവിധ രാജ്യങ്ങളിലേക്കു കുടിയേറിയിട്ടുണ്ട്. 12.52 ലക്ഷം പ്രവാസികൾ നാട്ടിലേക്കു തിരിച്ചെത്തി. തിരിച്ചെത്തുന്നവരുടെ സംഖ്യ കൂടിവരികയാണ്. 86% പ്രവാസി മലയാളികളും ഗൾഫ് രാജ്യങ്ങളിലേക്കാണു കുടിയേറിയത്. യുഎസിലെ പ്രവാസികളുടെ ഏകദേശ കണക്ക് കേരളത്തിൽനിന്നുമുള്ള മൊത്തം കുടിയേറ്റത്തിന്റെ 3.4 ശതമാനവും യൂറോപ്പിൽ 2.4 ശതമാനവുമാണ്. കേരളത്തിൽനിന്ന് ആദ്യതലമുറ കുടിയേറ്റം നടന്ന രാജ്യങ്ങളായ സിംഗപ്പൂർ, മലേഷ്യ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയിൽ ആകെ പ്രവാസികളുടെ ശതമാനക്കണക്ക് 1.4 ആണ്.

ലോക കേരളസഭയുടെ ഭാഗമായി വിജെടി ഹാളിൽ ഇന്നു സാംസ്കാരിക സെമിനാർ നടക്കും. രണ്ടു മണിക്കു സംഘടിപ്പിക്കുന്ന സെമിനാറിൽ ‘കേരളത്തിന്റെ ഭക്തി പ്രസ്ഥാന പാരമ്പര്യം’ എന്ന വിഷയത്തിൽ പ്രഫ. കെ.സച്ചിദാനന്ദനും മലബാറിലെ നവോത്ഥാന ചരിത്രത്തെക്കുറിച്ചു പ്രഫ. എം.എൻ.കാരശ്ശേരിയും പ്രസംഗിക്കും.