Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്കൂൾ കലോൽസവത്തിന്റെ ഗ്രേസ് മാർക്ക് എസ്എസ്‍എൽസി മാർക്കിനൊപ്പം ചേർക്കില്ല

തിരുവനന്തപുരം∙ സ്കൂൾ കലോൽസവത്തിനു ലഭിക്കുന്ന ഗ്രേസ് മാർക്ക് എസ്എസ്‍എൽസി പരീക്ഷയുടെ മാർക്കിനൊപ്പം ചേർക്കാതെ സർട്ടിഫിക്കറ്റിൽ പ്രത്യേകം രേഖപ്പെടുത്തണമെന്നു വ്യക്തമാക്കി കലോൽസവത്തിന്റെ പുതുക്കിയ കരടു നിയമാവലി. ഇങ്ങനെ പ്രത്യേകം നൽകുന്ന ഗ്രേസ് മാർക്കിന്റെ വെയ്റ്റേജ് കൂടി പരിഗണിച്ചായിരിക്കും ഒന്നാംവർഷ ഹയർസെക്കൻഡറി പ്രവേശനം. കലോൽസവത്തിൽ പക്ഷപാതപരമായി പെരുമാറുന്ന വിധികർത്താക്കളെ സർക്കാർ സംഘടിപ്പിക്കുന്ന എല്ലാ കലാ, സാംസ്കാരിക മൽസര പരിപാടികളിൽ നിന്നു വിലക്കുമെന്നും നിർദേശിച്ചു. 

പൊതുവിദ്യാഭ്യാസ ഡയറക്ടർ അധ്യക്ഷനായ സമിതിയാണ് കരടു നിയമാവലി തയാറാക്കിയത്. നൃത്ത ഇനങ്ങൾക്കും മറ്റും അമിത ആഡംബരം ഒഴിവാക്കാനായി നെഗറ്റീവ് മാർക്ക് നൽകാനുള്ള വ്യവസ്ഥയും ഉൾപ്പെടുത്തി. 

നൃത്ത ഇനങ്ങൾക്കു മിതമായ ആഭരണങ്ങളും ആവശ്യത്തിനു നിറമുള്ള വസ്ത്രങ്ങളും മാത്രമേ പാടുള്ളൂ. അമിതമായ പണക്കൊഴുപ്പ് വസ്ത്രങ്ങളിലും മറ്റും കാട്ടിയാൽ നെഗറ്റീവ് മാർക്ക് നൽകും. ധൂർത്ത് തടയുകയാണ് മുഖ്യ ഉദ്ദേശ്യം. തീരുമാനം വിധികർത്താക്കളുടെ വിവേചനാധികാരത്തിൽപെടുന്ന കാര്യമാണ്. സംഗീതം, ശാസ്ത്രീയ സംഗീതം, നൃത്തം തുടങ്ങിയ ഇനങ്ങളിൽ വൈവ മാതൃക നടപ്പാക്കും. പാട്ടും നൃത്തവും കഴിഞ്ഞാൽ ഉടൻ അതേക്കുറിച്ചു വിധി കർത്താക്കൾ എന്തെങ്കിലും ചോദിക്കും. കുട്ടിക്ക് ഈ കലാരൂപത്തെക്കുറിച്ച് എന്തെങ്കിലും വിവരമുണ്ടോയെന്നും കലോൽസവത്തിനു മാത്രമായി മനഃപാഠമാക്കി എത്തിയതാണോയെന്നും തിരിച്ചറിയുന്നതിനാണ് ഇത്.

എല്ലാ മൽസര ഇനങ്ങളുടെയും നിയമാവലി പുതുക്കുന്നുണ്ട്. ചില ഇനങ്ങൾ 30 മണിക്കൂർ വരെ നീണ്ടുപോകുന്ന സാഹചര്യത്തിൽ അപ്പീൽ പ്രളയം തടയുകയെന്ന ഉദ്ദേശ്യത്തോടും കലോൽസവ നിലവാരം ഉയർത്തുന്നതിനുമാണ് നിയമാവലി പരിഷ്കരിക്കുന്നത്. 

മാധ്യമപ്രവർത്തകർ, കലാപ്രതിഭകൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർ തുടങ്ങിയവരുമായി ചർച്ച നടത്തിയാണു നിയമാവലിക്കു രൂപംനൽകിയത്.

വിധികർത്താക്കളുടെ ഭാഗത്തുനിന്നു പക്ഷപാതപരമായ നടപടികളുണ്ടായാൽ, ആ വ്യക്തിക്ക് പിന്നീട് ഒരിക്കലും കലോൽസവത്തിലോ സർക്കാർ നടത്തുന്ന മറ്റു മൽസരങ്ങളിലോ വിധികർത്താവാകാൻ കഴിയില്ല. സർക്കാർ സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികളിലും വിലക്ക് വരും. 

ഡിഇഒ പോലുള്ള ഉദ്യോഗസ്ഥർ വിധികർത്താക്കളെ കണ്ടെത്തണം.  വിധികർത്താവിന്റെ ഭാഗത്തു നിന്നു വീഴ്ചയുണ്ടായാൽ നിയോഗിച്ച ഉദ്യോഗസ്ഥനും നടപടി നേരിടേണ്ടിവരും. കലാമേളകൾ വിദ്യാർഥി സൗഹൃദവും പരിസ്ഥിതി സൗഹൃദവും ആയിരിക്കണം. 

കലോൽസവങ്ങൾ ക്രിസ്മസ്, വേനലവധിക്കാലത്തു നടത്തണമെന്ന നിർദേശം കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ വിദ്യാഭ്യാസ വകുപ്പിനു മുന്നിലുണ്ട്. പക്ഷേ, ഇക്കാര്യം ബന്ധപ്പെട്ടവരുമായി ആലോചിച്ചേ തീരുമാനിക്കാനാവൂ എന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട്.‌ 

കരടു നിയമാവലി മുതിർന്ന കലാകാരന്മാർക്കും അധ്യാപക, വിദ്യാർഥി സംഘടനകൾക്കും നൽകും. അവരുടെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞ ശേഷമേ    അന്തിമരൂപം നൽകൂ.

related stories